സുൽത്താന്റെ ബഹുമതിയുടെ നിറവിൽ ഒമാനിലെ ‘മൗണ്ടൻ മാൻ’
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ പ്രതിഭകളോടൊപ്പം സുൽത്താന്റെ ആദരം ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് ഒമാനിലെ ‘മൗണ്ടൻ മാൻ’ സഈദ് ബിൻ ഹംദാൻ. പൊതു സംരംഭങ്ങളും സാമൂഹിക ഉത്തരവാദിത്തവും എന്ന വിഭാഗത്തിലാണ് ഇദ്ദേഹം സുൽത്താന്റെ രാജകീയ പ്രശംസ മെഡലിന് (സെക്കൻഡ് ക്ലാസ്) അർഹനായത്. ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി, റേസിങ് ചാമ്പ്യൻ അഹമ്മദ് അൽ ഹാർത്തി തുടങ്ങിയ പ്രതിഭകൾക്കൊപ്പമായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് മെഡലുകൾ അനുവദിച്ചിരുന്നത്. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മെഡലുകൾ ഏറ്റുവാങ്ങിയത്.
സന്നദ്ധ പ്രവർത്തനത്തിനു കിട്ടിയ സമ്മാനത്തുക രണ്ടു ഗ്രാമങ്ങളുടെ യാത്രാദൂരം കുറക്കുന്ന റോഡ് നിർമാണത്തിനു ഉപയോഗിച്ചു സേവന രംഗത്ത് പുത്തൻ മാതൃകകൾ രചിച്ച വ്യക്തിയാണ് സഈദ് ബിൻ ഹംദാൻ. റോഡ് നിർമാണം പൂർത്തിയായതോടെ രണ്ടു ഗവർണറേറ്റുകളിലേക്കുള്ള യാത്ര ദൂരം 3.5 മണിക്കൂറിൽനിന്ന് 30 മിനിറ്റായി ചുരുങ്ങുകയും ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ പർവതപ്രദേശമായ നിയാബത്ത് തിവിയിലെ ഹലൂത് ഗ്രാമത്തെയും വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനി ഖാലിദിലെ വിലായത്തിലെ അൽ ഔദ് ഗ്രാമത്തെയും ബന്ധിപ്പിച്ചാണ് ഇദ്ദേഹം റോഡ് നിർമാണം വിജയകരമായി പൂർത്തിയാക്കിയത്.
നേരത്തേ ഈ ഗ്രമങ്ങളിൽ എത്താൻ 200 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു. എന്നാൽ, പുതിയ റോഡ് വന്നതോടെ പത്ത് കിലോമീറ്ററായി ചുരുങ്ങുകയും ചെയ്തു. സന്നദ്ധ പ്രവർത്തനത്തിനു ലഭിച്ച സുൽത്താൻ ഖാബൂസ് അവാർഡ് തുക ഉപയോഗിച്ച് എക്സ്കവേറ്റർ വാങ്ങിയായിരുന്നു ഇദ്ദേഹം റോഡ് നിർമാണത്തിനു മേൽനോട്ടം നൽകിയിരുന്നത്.
വിദൂര ഗ്രാമങ്ങളിലെയും ജനങ്ങളെയും സേവിക്കുന്നതിനായി പർവത പാതകൾ നിർമ്മിക്കുന്നതിനു തന്റെ പരിശ്രമവും പണവും ചെലവഴിച്ച സഈദ് സുൽത്താന്റെ അർഹമായ ബഹുമതിയാണിതെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മുൻ ഗതാഗത, വാർത്താവിനിമയ മന്ത്രി അഹമ്മദ് അൽ ഫുതൈസി പറഞ്ഞു. സുൽത്താന്റെ ആദരം കിട്ടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സഈദ് ബിൻ ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.