ഒമിക്രോൺ: മരണനിരക്ക് കുറവ് -ആരോഗ്യ വിദഗ്ധൻ
text_fieldsമസ്കത്ത്: മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനത്തോത് കൂടുതലാണെങ്കിലും മരണനിരക്ക് മറ്റ് വൈറസുകളേക്കാൾ 90 ശതമാനം കുറവാണെന്ന് ആരോഗ്യവിദഗ്ധൻ.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ കൺസൽട്ടന്റ് ഫിസിഷ്യനും പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സെയ്ദ് അൽ ഹിനായിയാണ് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെയും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെയും എണ്ണം വളരെ കുറവാണ്. വാക്സിനുകളും കോവിഡ് ബാധിച്ചതിലൂടെ നേടിയ പ്രതിരോധശേഷിയുമാണ് ഗുരുതരമായ അണുബാധകളുടെ കുറവിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണിന്റെ മൂർധന്യ ഘട്ടം കടന്നുപോയതിനാൽ കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഏകദേശം നാലോ ആറോ ആഴ്ചക്കുള്ളിൽ അണുബാധയുടെ അളവ് താഴ്ന്ന നിലയിലെത്തുമാണ് കരുതുന്നത്. മുൻ തരംഗങ്ങളെ അപേക്ഷിച്ച് മരണനിരക്ക് 80 മുതൽ 90 ശതമാനം വരെ കുറഞ്ഞു. വാക്സിനേഷൻ കാമ്പയിനുകളിലൂടെ സമൂഹം നേടിയെടുത്ത പ്രതിരോധശേഷിയും വളരെയധികം സഹായിച്ചു എന്നതിന്റെ ശക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
225 പേർക്ക് രോഗമുക്തി; മരണമില്ല
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 225 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 3,86,829 ആളുകൾക്കാണ് രോഗം പിടിപെട്ടത്. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്.
3,79,788 ആളുകൾക്ക് മഹാമാരി ഭേദമാകുകയും ചെയ്തു. കോവിഡ് ബാധിച്ച് 4250 ആളുകളാണ് ഇതുവരെ മരിച്ചത്. 19 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 117 ആളുകളാണ് വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ഇതിൽ 27 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.