പെരുന്നാൾപ്പുലരിയിൽ...
text_fieldsമസ്കത്ത്: വ്രതത്തിന്റെയും പ്രാർഥനയുടെയും സുന്ദരമുഹൂർത്തങ്ങൾ താണ്ടി വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കും. കോവിഡ് നിബന്ധ പലതും ബാക്കി നിൽക്കുന്നത് പെരുന്നാൾപ്പെരുമ കുറക്കുന്നു. ഈദ്ഗാഹിന് നിയന്ത്രണമുള്ളത് മലയാളി ആഘോഷത്തിന്റെ നിറം കെടുത്തും. നിരവധി മലയാളികൾക്ക് ഈദിന്റെ സത്തതന്നെ ഈദ്ഗാഹാണ്. ഈദ്ഗാഹുകൾക്ക് അനുവാദം ഉണ്ടെങ്കിലും കുട്ടികൾക്ക് പ്രവേശനം അനുവദിക്കാത്തതടക്കമുള്ള നിയന്ത്രണമുണ്ട്. അതേസമയം, അസൈബ പ്രൈവറ്റ് സ്കൂളിന് മുൻവശം, സഫ ടവറിന് പിൻവശത്തുള്ള ഫുട്ബാൾ ടർഫ് കോർട്ടിൽ ഈദ്ഗാഹ് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 6.10ന് നടക്കുന്ന നമസ്കാരത്തിന് റഹ്മത്തുല്ല മഗ്രിബി നേതൃത്വം നൽകും. പങ്കെുടുക്കുന്നവർ കോവിഡ് മാനണ്ഡം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നീണ്ട അവധിയുള്ളതിനാൽ നിരവധി മലയാളികൾ നാട്ടിൽ പോയിട്ടുണ്ട്. ആഘോഷങ്ങൾക്കായി നിരവധി പേർ മറ്റു രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. എന്നാലും പെരുന്നാൾ പിക്നിക്കുകളും കൂട്ടായ്മകളും മറ്റ് ആഘോഷങ്ങളും സജീവമാണ്. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ലഭിക്കുന്നതായതിനാൽ എല്ലാവരും ആഘോഷം പൊടിപൊടിക്കാനുള്ള നീക്കത്തിലാണ്.
ആഘോഷിക്കാം, കരുതലോടെ...
മസ്കത്ത്: ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങി നാടും നഗരവും. രണ്ടു വർഷത്തെ കോവിഡ് ഭീതിക്ക് വിട നൽകി, നിറഞ്ഞ മനസ്സോടെ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ് സ്വദേശികളും വിദേശികളും. കോവിഡ് നിയന്ത്രണം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നും വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവർത്തിച്ചു.
ദിവസങ്ങൾക്ക് മുമ്പുതന്നെ ഷോപ്പിങ് മാളുകൾ, സൂഖുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ തിരക്ക് തുടങ്ങി. പെരുന്നാളിന് മുന്നോടിയായുള്ള അവധികൂടി ആരംഭിച്ചതോടെ തിരക്ക് പതിന്മടങ്ങ് വർധിച്ചതായി കച്ചവടക്കാരും പറയുന്നു. പുതുവസ്ത്രങ്ങൾ വാങ്ങാനും പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങാനുമൊക്കെയാണ് ആളുകൾ സൂഖും ഹൈപ്പർ മാർക്കറ്റുകളും സന്ദർശിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ വ്യാപാരനഷ്ടം ഈ സീസണിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.
ഉപഭോക്താക്കളെ ആകർഷിക്കാനായി ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തകൃതിയായ ഒരുക്കവുമായി വിവിധ സർക്കാർ വകുപ്പുകളും രംഗത്തുണ്ട്.
മാർക്കറ്റുകളിൽ നിരീക്ഷിച്ച് അധികൃതർ
പെരുന്നാൾ വിപണിയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി പരിശോധന കർശനമാണ്. ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു വർഷത്തെ ഇടവേളക്കു ശേഷമുള്ള പെരുന്നാൾ ആഘോഷമായതിനാൽ കടകളിലും മാർക്കറ്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ആനുകൂല്യങ്ങൾ, വിലക്കിഴിവ് എന്നിവയെല്ലാം കൃത്യമായി നൽകുന്നുണ്ടോ എന്നായിരുന്നു പരിശോധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയലും പരിശോധനയുടെ ഭാഗമായിരുന്നു.
യാത്ര പോകാം, കാഴ്ച കാണാം
പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്ക് മുവാസലാത്തും സ്വകാര്യ ടൂർ ഓപറേറ്റർമാരും പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്തെ ചരിത്രസ്ഥലങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമാണ് യാത്ര. സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇത്തരം പാക്കേജ് ഗുണകരമാകും.
മേയ് രണ്ടു മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളിലാണ് നിസ്വയിലെ കാഴ്ചകൾ കാണാൻ അവസരം. സാംസ്കാരിക-പൈതൃക കേന്ദ്രങ്ങളും ചരിത്രപ്രദേശങ്ങളും സന്ദര്‍ശിക്കുന്നതാണ് പാക്കേജ്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സമയം.
അസൈബ ബസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് ഇവിടെതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് പക്കേജ്. നിസ്വ സൂഖ്, കോട്ട, ഇലക്ട്രിക് കാർട്സില്‍ അല്‍ അഖ്റ ഗ്രാമ സന്ദര്‍ശനം, ഫലജ് ദാരിസ് എന്നിവയെല്ലാമാണ് പാക്കേജില്‍. മുതിര്‍ന്നവര്‍ക്ക് 25 റിയാലും മൂന്ന് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 20 റിയാലും ഈടാക്കും. മൂന്നിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.
അവധി ദിനങ്ങളില്‍ മുവാസലാത്ത് സാധാരണനിലയില്‍ സര്‍വിസ് നടത്തും. ബസ്, ഫെറി സേവനം ഉപയോഗപ്പെടുത്താമെന്നും ദേശീയ ഗതാഗത കമ്പനി അറിയിച്ചു.
പ്രാർഥനക്ക് പോകുമ്പോൾ ഇതോർക്കാം...
രാജ്യത്ത് കോവിഡ് കേസ് കുറഞ്ഞെങ്കിലും നിയന്ത്രണങ്ങളിൽ പൂർണ ഇളവ് ഇല്ല. അതുകൊണ്ടുതന്നെ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും സുപ്രീംകമ്മിറ്റി നൽകി. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്കേ പെരുന്നാൾ നമസ്കാരത്തിൽ പങ്കാളികളാകാൻ അനുവാദമുള്ളൂ. 12 വയസ്സിന് താഴെയുള്ളവരും വാക്സിനെടുക്കാത്തവരും പെരുന്നാൾ പ്രാർഥനകളിൽ പങ്കാളികളാകരുതെന്നും സുപ്രീംകമ്മിറ്റി നിർദേശമുണ്ട്. അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം. ഈദ് ആഘോഷങ്ങളുൾപ്പെടെ പൊതുസ്ഥലങ്ങളിൽ എല്ലാ സാമൂഹിക പരിപാടികളും സംഘടിപ്പിക്കുന്നതിന് നിരോധനമുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 15ന് താഴെവരെ എത്തിയിട്ടുണ്ട്.
ആഘോഷങ്ങൾക്ക് വാതിൽ തുറന്നിട്ട് പാർക്കുകൾ
പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ ടൂറിസ്റ്റ് സ്ഥലങ്ങളിലും പാർക്കുകളിലും വരും ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതു മുന്നിൽക്കണ്ട് കൂടുതൽ സൗകര്യമൊരുക്കി.
ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പലയിടത്തും കൂടുതല്‍ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തി. മസ്കത്ത് നഗരസഭ സീബ് സൂഖില്‍ 182 കാറുകൾ അധികം പാര്‍ക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ബീച്ചിലും മാർക്കറ്റിലും പോകുന്നവർക്ക് ഉപയോഗിക്കാം. മസ്കത്തിലെ പാര്‍ക്കുകൾ രാവിലെ ഒമ്പതു മുതൽ രാത്രി 12 വരെ പ്രവര്‍ത്തിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.