പൊന്നോണം പടിവാതിലിൽ; ഓണക്കോടിതേടി കുടുംബങ്ങൾ
text_fieldsസുഹാർ: ഓണം അടുത്തെത്തിയതോടെ ആഘോഷങ്ങൾക്ക് അണിയാനുള്ള പുതിയ ഉടയാടകൾ അന്വേഷിക്കുന്ന തിരക്കിലാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും. നാട്ടിൽനിന്ന് വരുമ്പോഴും അടുത്ത സുഹൃത്തുക്കൾ എത്തുമ്പോഴും വസ്ത്രങ്ങൾ വരുത്തുക പതിവുണ്ടെങ്കിലും ഓണം അടുക്കുന്നതോടെ കടയിൽ കയറിയിറങ്ങി വസ്ത്രങ്ങൾ വാങ്ങുക യെന്നത് പ്രവാസികളുടെ ശീലമാണ്.
കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണത്തിന് കേരളീയ വസ്ത്രം ധരിക്കുകയെന്നത് തന്നെയാണ് പ്രാധാന്യം. സെറ്റ് സാരി, ധാവണി, ചുരിദാർ പട്ടു പാവാട, കേരളസാരി, കുർത്തയും ജുബ്ബയും, മുണ്ടും ജുബ്ബയും എന്നിങ്ങനെ വളരെ മലയാളി തനിമ തോന്നുന്ന വസ്ത്രങ്ങളാണ് ഓണ വിപണിയിൽ ലഭിക്കുക. വിപണിയിൽ ലഭ്യമാകുന്ന വസ്ത്രങ്ങളിൽ ഓരോ വർഷവും വലിയ മാറ്റങ്ങൾ തന്നെയുണ്ടാവുന്നുണ്ട്. ഫാഷൻ വസ്ത്രങ്ങൾക്ക് ഓണത്തിന് വലിയ ഡിമാന്റ് ഉണ്ടാകാറില്ല.
തികച്ചും നാടൻ വസ്ത്രധാരണ രീതിയാണ് പലരും തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ കൂടുതലും കോമ്പോ ഡിസൈനിങ് തന്നെയാണ് ട്രെന്റ്. പുരുഷന്മാർ തെരെഞ്ഞെടുക്കുന്ന ഷർട്ടിന്റെ അതെ ഡിസൈൻ തന്നെ മുണ്ടിന്റെ കരയുടെ അടുത്തായി ഡിസൈൻ ചെയ്തു വരുന്ന രീതിയിലാണ് അതിന്റെ ഫാഷൻ. അതുകൊണ്ടുതന്നെ ഷർട്ടും മുണ്ടും കോമ്പോ ആയിട്ടാണ് വിൽപന. ഏത് നിറത്തിലും ഡിസൈനും ലഭ്യമാണ്.
ഭാര്യക്കും ഭർത്താവിനുമുണ്ട് കോബോ. ഭർത്താവിന്റെ ഷർട്ടിന്റെ ഡിസൈനും കളറും തന്നെ ഭാര്യയുടെ ബ്ലൗസ്സിൽ ഉണ്ടാവുക, സാരിയുടെ മുൻ ബോർഡറിൽ പിടിപ്പിക്കുക, മകളുടെ പട്ടു പാവാടയുടെ താഴെ ബോർഡറിൽ ഇതെ ഡിസൈൻ പിടിപ്പിക്കുക എന്നതാണ് കുടുംബ കോംബോ രീതി.
ഇതൊക്കെ റെഡിമെയ്ഡ് കിട്ടുമെങ്കിലും ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ചു ഡിസൈൻ ചെയ്തു നൽകുന്നവരുമുണ്ട്. സെറ്റ് സാരിയിൽ ഇപ്പോൾ പുതുമയോടെ എത്തിയിരിക്കുന്നത് ഡെയ് ആൻഡ് ഡെയ് സാരിയാണ്. ഒറ്റനിറത്തിലുള്ള സാരിയുടെ അടിഭാഗം മറ്റൊരു കളറിൽ ഡെയ് ചെയ്ത് വരുന്ന രീതി. ഇതും വിറ്റുപോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.