പൊന്നോണ പുലരിയിൽ...
text_fieldsമസ്കത്ത്: ഗൃഹാതുരത്വ സ്മരണകളുണർത്തി ഒമാനിലെ മലയാളി പ്രവാസികളും ഞായറാഴ്ച തിരുവോണത്തെ വരവേൽക്കും. ആഘോഷങ്ങൾക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുഅവധി ദിനമായതിനാൽ ഇത്തവണ പൊന്നോണത്തിന് പൊലിമയേറും. വയനാട് പ്രളയ പശ്ചത്താലം കാരണം ആഘോഷങ്ങളിൽനിന്ന് ചിലരെങ്കിലും വിട്ട് നിൽക്കുമെങ്കിലും പൊതുവെ ആഘോഷ പ്രസരിപ്പിൽ തന്നെയാണ് പ്രവാസികളും.
ചില സംഘടനകളും കൂട്ടായ്മകളും ആഘോഷ ചെലവുകൾ ദുരിതാശ്വാസ കമ്മിറ്റിക്ക് അയച്ച് കൊടുക്കുന്നുണ്ട്. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഉത്രാടപാച്ചിലിലായിരുന്നു ശനിയാഴ്ച. ഷോപ്പിങ് മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സദ്യക്കുള്ള സാധനങ്ങളൊരുക്കാനും വസ്ത്രമെടുക്കാനും പൂക്കള്‍ വാങ്ങുന്നതിനുമുള്ള ഓട്ടത്തിലായിരുന്നു പലരും.
സദ്യക്കായി സാമ്പാറടക്കമുള്ള ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകളും പ്രത്യേക നിരക്കിൽ പലയിടത്തും ഒരുക്കിയിരുന്നു. ഇത് സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം പകരുന്നതാണെന്ന് പലരും പറഞ്ഞു. പൂക്കളത്തിനുള്ള പൂക്കൾ അത്തം പിറക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്തന്നെ നാട്ടിൽ നിന്നെത്തിയിരുന്നു. വാടാമല്ലി, പലതരം ജമന്തിപ്പൂക്കള്‍, കനകാംബരം, മുല്ലപ്പൂ, തുളസി, താമര തുടങ്ങിയ പൂക്കൾക്കെല്ലാം ആവശ്യക്കാരേറെയാണ്.
ഓണം പ്രമാണിച്ച് മാമ്പഴം, പൈനാപ്പിള്‍ തുടങ്ങിയവ ലോഡുകണക്കിന് എത്തിയിട്ടുണ്ട്. നാടന്‍ മാമ്പഴം കുറവാണെങ്കിലും പാകിസ്താനില്‍നിന്നുള്ള ഇനങ്ങള്‍ സുലഭം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പരമ്പരാഗത വസ്ത്രങ്ങൾ തേടിയായിരുന്നു പലരും ഷോപ്പിങ് മാളുകളിലും മറ്റും കയറിയിറങ്ങിയിരുന്നത്. കോമ്പോ ഡിസൈനിനും ആവശ്യക്കാർ ഏറെയായിരുന്നു.
ഓണ മുണ്ടുകൾ, കസവ് സാരികൾ തുടങ്ങിയ ഇനങ്ങൾ പല സ്ഥാപനങ്ങളിലും ഓഫറിൽ ലഭ്യമാക്കിയിരുന്നു. പ്രധാന ഹോട്ടലുകളെല്ലാം ഓണ സദ്യയും ഒരുക്കുന്നുണ്ട്. 20 മുതൽ മുകളിലോട്ട് ഇനം വിഭവങ്ങളാണ് സദ്യക്കുണ്ടാവുക. ഹോട്ടലുകളുടെ നിലവാരവും സദ്യയിലെ വിഭവങ്ങളുടെ എണ്ണവും അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാവും. ഹോട്ടലുകൾക്ക് പുറമെ പ്രധാന ഹൈപ്പർമാർക്കറ്റുകളും ഓണസദ്യ വിളമ്പുന്നുണ്ട്. മൂന്ന് റിയാൽ മുതൽ നാല് റിയാൽ വരെയാണ് ഓണ സദ്യകളുടെ ശരാശരി വില.
ഒമാനിലെ പ്രവാസി മലയാളികളുടെ പ്രധാന ആഘോഷമാണ് ഓണം. ഒമാനിലെ ചെറുതും വലുതുമായ എല്ലാ കൂട്ടായ്മകളും ആഘോഷിക്കുന്ന പ്രധാന ആഘോഷവും ഓണം മാത്രമാണ്. ഇന്ത്യൻ സോഷ്യൽ ക്ലബ് അടക്കമുള്ള വലിയ പ്രവാസ സംഘടനകളുടെ പ്രധാന ആഘോഷവും ഓണമാണ്. ഇത്തരം ആഘോഷങ്ങളിൽ നാട്ടിൽ നിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രമുഖരും പങ്കെടുക്കാറുണ്ട്. വരും ദിവസങ്ങളിൽ നാട്ടിൽനിന്നുള്ള നിരവധി കലാകാരൻമാർ മസ്കത്തിലെ മണ്ണിലെത്തും. ഇത്തരം സംഘടനകൾക്ക് പുറമെ വിവിധ ജില്ലാ അസോസിയേഷനുകളും വിവിധ സഥാപനങ്ങളും അലുമ്നികളും ഓണം ആഘോഷിക്കാറുണ്ട്.
സാധാരണ വാരാന്ത്യങ്ങളിലാണ് ഓണാഘോഷം നടക്കുന്നത്. എന്നാൽ വാരാന്ത്യങ്ങളിലും ഹാളുകൾ ലഭിക്കുന്നതും മറ്റും അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉള്ളതിനാൽ ആഘോഷങ്ങൾ നീണ്ട് പോകാറുണ്ട്. ഇനിയുള്ള രണ്ട് മൂന്ന് മാസം ഒമാനിൽ ഓണാഘോഷമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.