തിരുവോണം കഴിഞ്ഞിട്ട് ഒന്നര മാസം; ആഘോഷങ്ങൾ അവസാനിക്കുന്നില്ല
text_fieldsമസ്കത്ത്: മലയാളികളുടെ പ്രധാന ഉത്സവമായ തിരുവേണം കഴിഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടെങ്കിലും ഓണാഘോഷങ്ങളും സദ്യയും അവസാനിക്കുന്നില്ല. നിലവിലെ അവസ്ഥയനുസരിച്ച് ആഘോഷങ്ങൾ ഡിസംബർ ആദ്യവാരം വരെ നീളും.
ആഗസ്റ്റ് 29 ചൊവ്വാഴ്ചയയാിരുന്നു തിരുവോണം. നാട്ടിലെ ആഘോഷങ്ങൾ സെപ്തംബർ ആദ്യത്തോടെ അവസാനിച്ചിരുന്നു. എന്നാൽ, ഒമാനിൽ ആഘോഷങ്ങൾ തുടങ്ങുന്നത് തന്നെ സെപ്റ്റംബറോടെയാണ്. തിരുവോണം ദിവസം ചൊവ്വാഴ്ചയയായതിനാൽ ഒമാനിൽ പ്രവൃത്തി ദിവസമായിരുന്നു. അതിനാൽ പലർക്കും ഈ ദിവസം ഒരു സാധാരണ ദിവസമായിരുന്നു. ചുരുക്കം ചിലർ അവധിയെടുത്ത് ഓണം ആഘോഷിച്ചിരുന്നു. ഹോട്ടലുകളിൽ നിന്നും മറ്റും ഓണ സദ്യകൾ വാങ്ങി ആഘോഷിച്ചവരും ഉണ്ട്. സെപ്തംബറിലെ ആദ്യ വാരാന്ത്യം മുതൽ ഓണാഘോഷങ്ങളുടെ പരമ്പര തന്നെയായിരുന്നു. എല്ലാ സംഘടനകളും കൂട്ടായ്മകളും ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. സംഘടനകളുടെ ആധിക്യവും ആഘോഷങ്ങൾ വാരാന്ത്യങ്ങളിൽ മാത്രം നടത്താൻ കഴിയുന്നതുമാണ് മാസങ്ങളായി നീണ്ടു പോവാൻ പ്രധാന കാരണം. ആഘോഷം നടത്താനുള്ള സ്ഥലത്തിന്റെ കുറവും മറ്റൊരു കാരണമാണ്. എന്നാൽ, ഒമാനിലെ പ്രധാന സംഘടനകളുടെ ഓണാഘോഷ പരിപാടികൾ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. ഇതിൽ പലതിലും കേരളത്തിൽ നിന്നുള്ള ചില കലാ സാഹിത്യ സാംസ്കാരിക പ്രമുഖരും പങ്കെടുത്തിരുന്നു. തിരുവാതിരക്കളി, താഴമ്പക അടക്കമുള്ള പരമ്പരാഗത കലാ ഇനങ്ങളും അരങ്ങേറിയിരുന്നു. പരിപാടിയുടെ ഭാഗമായി വിപുലമായ ഓണ സദ്യകളും ഒരുക്കിയിരുന്നു. ഈ വർഷം മുൻ വർഷത്തെക്കാൾ ആഘോഷങ്ങളും കൂടുതലാണ്.
ഒമാനിൽ മലയാളികളുടെ മാത്രം നിരവധി കൂട്ടായ്മകളാണുള്ളത്. ഓരോ രാഷ്ട്രീയ മത സംഘടനകൾക്കും പ്രത്യേക പേരുകളിൽ കൂട്ടായ്മമകളുണ്ട്. കൂടാതെ പ്രദേശിക സൗഹൃദ വേദികൾ വേറെയും ഉണ്ട്. കേരളത്തിലെ വിവിധ കലാലയങ്ങളുടെ അലുമ്നികളും ഉണ്ട്. ഇവർക്കെല്ലാം പരസ്പരം അടുത്തറിയാനും ബന്ധം ഊട്ടിയുറപ്പിക്കാനുമുള്ള പ്രധാന വേദി കൂടിയാണ് ഓണാഘോഷങ്ങൾ. സ്വന്തം കഴിവുകളും കുട്ടികളുടെ കഴിവുകളും പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാണ് ഓണാഘോഷം. പഠനകാലത്തെ കലാപരിപാടികളും നൃത്ത പരിപാടിളും പൊടി തട്ടിയെടുക്കാനും വീണ്ടും അവതരിപ്പിക്കാനും അലൂമ്നികളുടെ ഓണഘോഷങ്ങൾ സഹായിക്കുന്നുണ്ട്.
ഒണാഘോഷങ്ങൾ ഏറെ പ്രധാന്യത്തോടെയാണ് മലയാളികൾ കാണുന്നത്. കലാപരിപാടികൾക്കായി മാസങ്ങൾക്ക് മുമ്പ് തന്നെ റിയേഴ്സലുകൾ തുടങ്ങും. ഓണ സദ്യ ഗംഭീരമാക്കാനുള്ള നടപടി ക്രമങ്ങൾ മറ്റൊരു ഭാഗത്തും നടക്കുന്നുണ്ടാവും. നാട്ടിൽ നിന്ന് പാചകക്കാരെ കൊണ്ട് സദ്യ ഉണ്ടാക്കിക്കുന്നവരും ഉണ്ട്. രണ്ട് ദിവസങ്ങളിലാായാണ് പ്രമുഖ സംഘടനകൾ ഓണഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ ആരംഭിച്ച് വൈകുന്നേരം വരെ നീളുന്ന ആഘോഷ പരിപാടികളാണ് ചെറിയ കൂട്ടായമകൾ നടത്തുക. കലാപരിപാടികൾക്ക് പുറമെ വിവിധ മത്സര പരിപാടികളും നടക്കും. കമ്പനികളിലും മറ്റും നടക്കുന്ന ആഘോഷ പരിപാടിയിൽ കായിക മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സംഘടനകൾ ഗ്രൂപ്പ് തിരിഞ്ഞും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ആശയക്കാരെ പങ്കെുടുപ്പിച്ച് സഹൃദം പുതുക്കുന്ന ആഘോഷങ്ങളുമുണ്ട്. ഏതായാലും എല്ലാ സംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കുന്ന ചില വ്യക്തികൾക്ക് കഴിഞ്ഞ കുറെ ആഴ്ചകളായി സദ്യകളുടെ കാലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.