ഓണം വരവായി; പൂവും വാഴയിലയും കിട്ടാക്കനി
text_fieldsസുഹാർ: തിരുവോണത്തിന് ഒരു ദിവസ മാത്രം ശേഷിക്കെ നാടും നഗരവും ഓണാഘോഷത്തിന്റെ നിറവിൽ. ഓണം പൊടിപൊടിക്കാൻ അവശ്യം വേണ്ട സാധനങ്ങളാണ് പൂവും വാഴയിലയും പച്ചക്കറികളും. ഇതിൽ പൂവിന്റെയും വാഴയിലയുടെയും ലഭ്യതയാണ് വളരെ കുറഞ്ഞത്. വാഴയില തമിഴ്നാട്ടിൽനിന്നാണ് വരുന്നതെങ്കിൽ പൂവ് കർണാടകയിൽനിന്നാണ്. തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിൽനിന്ന് കൊണ്ടുവരുന്ന ഇല വലുപ്പമുള്ളതും കേടുപാടുകൾ തീരെ ഇല്ലാത്തതുമാണെന്ന് റുവി റെക്സ് റോഡിലെ അമാന ഷോപ്പിങ് സെന്റർ ഉടമ കണ്ണൂർ സ്വദേശി നൗഷാദ് പറയുന്നു.
മസ്കത്തിൽ പൂവുകളും മറ്റു കേരളവിഭവങ്ങളും നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് നൗഷാദിന്റേത്. ഈ വർഷത്തെ ഓണത്തിന് പൂവിനും സദ്യയുടെ ഇലക്കും ആവശ്യക്കാർ ഏറെയാണ്. പക്ഷേ, നാട്ടിൽ ഓർഡർ ചെയ്താൽ സാധനം കിട്ടാത്ത അവസ്ഥയാണ്. വെള്ളപ്പൊക്കവും മഴയും കൃഷിയെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽതന്നെ പൂക്കൾക്ക് വളരെ ഡിമാൻഡാണ്. സീസണായതും പൂവിന്റെ ലഭ്യതക്കുറവുംകൊണ്ട് കയറ്റുമതി ചെയ്യാൻ ഏജന്റുമാർ താൽപര്യം കാട്ടുന്നില്ല.
വാഴയില കിട്ടാതെ വരുമ്പോൾ സലാല ഇലയെ ആശ്രയിക്കേണ്ടിവരും. അതാണെങ്കിൽ ചെറുതും വേഗം കീറിപ്പോകുന്നതുമായതിനാൽ ഡിമാൻഡ് കുറവാണ്. ഓണ സദ്യയിൽ വിളമ്പുന്ന വിഭവങ്ങളുടെ എണ്ണമാണ് പ്രധാനം. 18 മുതൽ 28 കൂട്ടം വിളമ്പാൻ വലിയ ഇലതന്നെ വേണം, അതിനാണ് ഡിമാൻഡ്. തിരുവോണം ആകുമ്പോഴേക്കും പൂക്കൾക്ക് നല്ല വിൽപനയായിരിക്കും. പൂക്കളം പൂർത്തിയാക്കുന്ന അത്തം പത്താം ദിവസം മിക്ക സ്ഥലങ്ങളിലും പൂക്കളമിടാറുണ്ട്.
അതിനു പുറമെയാണ് അലങ്കാരങ്ങളും പൂക്കളമത്സരവും സംഘടിപ്പിക്കുന്നത്. ടൺകണക്കിന് പൂവിന് ആവശ്യക്കാരുണ്ട്. ഒമാനിലെ രണ്ടു ക്ഷേത്രങ്ങളിലും പൂവ് നൽകുന്നുണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തവണത്തെ ഓണം അവധി ദിനങ്ങളിൽ എത്തിയതിൽ മലയാളികൾ സന്തോഷത്തിലാണ്. അതുപോലെതന്നെ ചൂട് കാലാവസ്ഥക്ക് അൽപം ശമനം വന്നത് ആശ്വാസമാണ്.
സീബ് ഉമ്മവീട് 'ഓണനിലാവ്' നാളെ
മസ്കത്ത്: സീബ് ഉമ്മവീട് നടത്തുന്ന 'ഓണനിലാവ്' വ്യാഴാഴ്ച സീബ് റാമീ ഡ്രീംസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മാപ്പിളപ്പാട്ട് കലാകാരന്മാരായ കണ്ണൂർ ഷെരീഫ്, ഷാഫി കൊല്ലം, നിസാർ വയനാട്, ഫാസില ബാനു, സജില സലീം, ഷഫീൽ കണ്ണൂർ, നൗഫൽ പട്ടുറുമാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനവിരുന്ന് നടക്കും.
വാക്കിൽ ഖാന്റെ മാജിഷ് ഷോയും ഉണ്ടായിരിക്കും. എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകരായ ഫൈസൽ കൊടുങ്ങല്ലൂർ, റിജാസ് സീബ്, അശ്റഫ് ഉമ്മ വീട് എന്നിവർ അറിയിച്ചു. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ലഭിക്കുന്നതിനായി 71178470, 98670378 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.