സൗഹൃദത്തിന്റെ രുചിയിൽ സദ്യയൊരുക്കം
text_fieldsമസ്കത്ത്: ഓണസദ്യക്ക് നാട്ടിലെന്ന പോലെ പ്രവാസ ലോകത്തും സൗഹൃദത്തിന്റെ രുചിയാണ്. സ്വന്തമായി സദ്യയുണ്ടാക്കുന്നവരും ഹോട്ടലിൽനിന്ന് വരുത്തി കഴിക്കുന്നവരുമെല്ലാം കൂടെ സ്വദേശികളെയും മറ്റു നാട്ടുകാരെയുമെല്ലാം സദ്യക്ക് കൂടെക്കൂട്ടും. ഓണം അടുത്തെത്തിയതോടെ ഒമാനിൽ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഓണസദ്യക്ക് ഓർഡർ വന്നുതുടങ്ങി. ഓണസദ്യ ബുക്കിങ്ങിനായി വർണ പോസ്റ്ററുകളും സോഷ്യൽ മീഡിയ പരസ്യങ്ങളുമായി റസ്റ്റാറന്റ് മേഖലയിലുള്ളവർ സജീവമായി രംഗത്തുണ്ട്. മാളുകളിലെ ഫുഡ് കോർട്ടുകളിലും ഓണസദ്യ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
രണ്ട് റിയാൽ അഞ്ഞൂറ് ബൈസ മുതൽ സ്റ്റാർ സ്റ്റാറ്റസുള്ള ഹോട്ടലുകളിൽ എട്ട് റിയാലിനു മുകളിൽ വരെയാണ് ഓണസദ്യയുടെ വില. വിഭവങ്ങളുടെ എണ്ണം പറഞ്ഞാണ് ഓണസദ്യയുടെ ഓർഡർ സ്വീകരിക്കുന്നത്. കൂടെ രണ്ടും മൂന്നും തരം പായസം നൽകുന്നവരുമുണ്ട്. മിക്ക റസ്റ്റാറന്റുകളും പാർസൽ ഓർഡറുകളാണ് സ്വീകരിക്കുന്നത്.
ഈ തവണ ഓണം പ്രവൃത്തി ദിവസമായതിന്റെ പേരിൽ നല്ല ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് സഹമിൽ അദ്വ സഹം റസ്റ്റാറന്റ് നടത്തുന്ന റഈസ് പറയുന്നു. പലരും കൂടെ ജോലി ചെയ്യുന്ന സ്വദേശികൾക്കടക്കം സദ്യ ബുക്ക് ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം പറയുന്നു.
ആവശ്യത്തിന് ഓർഡറുകൾ മുൻകൂട്ടി കിട്ടിക്കഴിഞ്ഞാൽ പിന്നീട് വരുന്ന ഓർഡറുകൾ സ്വീകരിക്കില്ല. കാരണം വലിയ ഓർഡറുകൾ കിട്ടിയാൽ ഇത്രയും വിഭവങ്ങൾ ഉണ്ടാക്കുകയും അത് സമയത്തുതന്നെ പാർസൽ ചെയ്ത് വെക്കുകയും വേണം. ശ്രമകരമായ ജോലിയാണിതെന്ന് സുഹാറിലെ കോഴിക്കോടൻ മക്കാനി ഉടമ റാഷിദ് പറയുന്നു.
ബാച്ചിലർ താമസ സ്ഥലങ്ങളിൽ അവധി ദിവസങ്ങളിലാവും ഓണാഘോഷവും സദ്യവിളമ്പലും. തിരുവോണത്തെ വരവേൽക്കാൻ ആവേശത്തോടെയുള്ള ഒരുക്കങ്ങളാണ് ഒമാനിലെ മലയാളി കുടുംബങ്ങൾ നടത്തുന്നത്.
അത്തം നാല് പിന്നിടുമ്പോൾ കാത്തിരിപ്പിന് നീളം കുറയുകയാണ്. സദ്യക്കൊപ്പം പൂവും പൂവിളിയും ഓണക്കളികളുമായി ആഘോഷങ്ങൾ നീണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.