ആഘോഷം കഴിയുന്നേയില്ല
text_fieldsസുഹാർ: പ്രവാസലോകത്ത് ഓണം കഴിഞ്ഞാലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഓരോ അവധി ദിവസവും ഓണാഘോഷവുമായി സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളും അരങ്ങൊരുക്കുകയാണ്. റസ്റ്റാറന്‍റ് ഹാളുകളും ഫാം ഹൗസുകളും വില്ലയുടെ പരിസരവും കേന്ദ്രീകരിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ഓണസദ്യ തന്നെയാണ് മുഖ്യ ആകർഷണം. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികളും അരങ്ങേറും. ഓണത്തിന് കോടി എടുത്താൽ അത് മുതലാക്കുന്ന സ്ഥലം പ്രവാസലോകമാണെന്നാണ് പറയാറ്. അത്രയും പരിപാടികൾ മാസങ്ങളോളം ഉണ്ടാകും.
മാവേലിയായി വേഷമിടാൻ തയാറായി മുന്നോട്ടുവരുന്നത് കമ്പനിയിൽ വലിയ സ്ഥാനത്തിരിക്കുന്ന ആളാകും, അല്ലെങ്കിൽ മറ്റു രാജ്യക്കാരും മാവേലിയാവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഗൾഫ് നാടുകളിലെ ഓണാഘോഷം കൂട്ടായ്മയുടേത് കൂടിയാണ്. അതുകൊണ്ടുതന്നെ സ്വദേശികളടക്കം വാഴയിലയിൽ വിളമ്പിയ സദ്യ കഴിക്കാൻ തയാറാവുന്ന കാഴ്ച ഓണത്തിന് സ്വന്തം.
സുഹാറിൽ എള്ളുണ്ട ടീം ഒരുക്കുന്ന രണ്ട് ഓണപരിപാടികൾ സെപ്റ്റംബർ 15, 16 തീയതികളിൽ നടക്കും. 15ന് ഫലജ് ഫുഡ് സ്റ്റുഡിയോ ഹാളിൽ 'സംഗീത രാത്ത്' അരങ്ങേറും. നിസാർ വയനാടും ബബിത ശ്യാമും ഒരുക്കുന്ന ഗാനമേള, മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് സംവിധാനം ചെയ്ത 'അവന്തികയുടെ വീട്' സിനിമ പ്രദർശനവും ഭാരതനാട്യവും മറ്റു പരിപാടികളും നടക്കും.
16ന് ഓണവില്ല് എന്നപേരിൽ കോഴിക്കോടൻ മക്കാനി ഹാളിൽ ഓണക്കളികളും കായികമത്സരവും നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് എള്ളുണ്ട പ്രോഗ്രാം കൺവീനർ സിറാജ് കാക്കൂർ പറഞ്ഞു. കൈരളി ഹിജാരി യൂനിറ്റിന്റെ ഓണാഘോഷം സെപ്റ്റംബർ 23നും സുഹാർ ഫലജ് സനായ കൈരളി യൂനിറ്റുകൾ സംയുക്തമായി നടത്തുന്ന ഓണാഘോഷം ഒക്ടോബർ ഏഴിനും നടക്കുമെന്ന് സംഘാടകർ പറഞ്ഞു. കൂടാതെ ചെറുതും വലുതുമായ നിരവധി പരിപാടികളും ഓണവുമായി ബന്ധപ്പെട്ട് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.