ഓൺലൈൻ ക്ലാസ് നിഷേധം: പരാതിയുമായി രക്ഷിതാക്കൾ
text_fieldsമസ്കത്ത്: സ്കൂൾ ഫീസ് തുക ബാക്കിയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമായി അധ്യയനവർഷാരംഭം. മുലദ ഇന്ത്യൻ സ്കൂളിനും അതിന് കീഴിലുമുള്ള സഹം സ്കൂളിന് എതിരെയാണ് ആക്ഷേപം. അന്യായമായി ആരെയും ക്ലാസിൽനിന്ന് ഒഴിവാക്കിയില്ലെന്ന് സ്കൂൾ മാനേജ്മെൻറ് പറയുന്നു.
കഴിഞ്ഞയാഴ്ച ഫീസ് അടച്ച രക്ഷിതാവ് ഒരുമാസത്തെ ഫീസ് ബാക്കിയുണ്ട് അടുത്ത ആഴ്ച അടക്കാം എന്ന് സഹം സ്കൂൾ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും കുട്ടിയെ പുറത്തുനിർത്തിയെന്ന് പരാതിപ്പെടുന്നു. പരാതി പറയാൻ വിളിച്ചപ്പോൾ മെയിൽ വഴി ആക്ഷേപം ഉന്നയിക്കാനാണ് ആവശ്യപ്പെട്ടത്. കൊറോണയുടെ വ്യാപനം മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളാണ് ഫീസ് അടക്കാൻ പ്രയാസപ്പെടുന്നത്. കമ്യൂണിറ്റി സ്കൂളായി പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഹഫീത്തിലെ സഹം ഇന്ത്യൻ സ്കൂൾ. കൊറോണ വ്യാപനത്തെ തുടർന്ന് കുട്ടികൾ കുറഞ്ഞപ്പോൾ സഹം സ്കൂളിനെ മുലദ സ്കൂളിെൻറ കീഴിലേക്ക് മാറ്റി. അവിടെയുണ്ടായിരുന്ന എട്ടോളം അധ്യാപകരെ പിരിച്ചുവിടുകയും മുലദ സ്കൂളിെൻറ ഒൺലൈൻ ക്ലാസിൽ സഹം സ്കൂൾ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തുകയുമായിരുന്നു. പുതുതായി നിയമനം നടത്താതെ മുലദ സ്കൂൾ അധ്യാപകർ തന്നെയാണ് സഹം സ്കൂളും മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇതുകൂടാതെ ആറാം ക്ലാസുവരെ മാത്രമുള്ള സഹം സ്കൂളിൽനിന്ന് പാസായ കുട്ടികൾക്ക് ഏഴാം ക്ലാസിൽ തുടർപഠനത്തിന് മുലദ സ്കൂളിൽ ചേരാൻ അഡ്മിഷൻ ഫീസായ 260 റിയാൽ അടക്കണമെന്ന് നിബന്ധന വെച്ചെന്നും പരാതിയുണ്ട്. സഹം സ്കൂളിൽ അഡ്മിഷൻ ഫീസിൽ ചേർന്ന കുട്ടി ഏഴാം ക്ലാസിൽ ചേരുമ്പോൾ വീണ്ടും അഡ്മിഷൻ ഫീസ് അടക്കേണ്ടിവരുന്നത് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്നു.
അന്യായമായും അറിയിപ്പില്ലാതെയും ആരെയും ഓൺലൈൻ ക്ലാസിൽനിന്ന് നീക്കിയിട്ടില്ലെന്ന് സ്കൂൾ മാനേജ്മെൻറുമായി ബന്ധപ്പെട്ടവർ പറയുന്നു. കുടിശ്ശിക സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. പലരും ഇത്തരം അറിയിപ്പുകളോട് പ്രതികരിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഫീസിളവും ഗഡുക്കളായി അടക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്. പുതിയ അധ്യയന വർഷത്തിൽ എത്ര കുട്ടികൾ ഉണ്ടാകുമെന്ന് അറിയുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം -മാനേജ്മെൻറ് പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.