വിസ കാലാവധി കഴിഞ്ഞവരുടെ മടക്കം ഒാൺലൈൻ രജിസ്ട്രേഷൻ ഒരുക്കും
text_fieldsമസ്കത്ത്: വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രാലയം വക്താവ് പറഞ്ഞു. നടപടികൾ സുഗമമാക്കുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട പിഴകളാണ് ഒഴിവാക്കി നൽകുകയെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള ഒാൺലൈൻ സംവിധാനം അടുത്ത ദിവസങ്ങളിൽ പ്രവർത്തനക്ഷമമാകും. സ്പോൺസറുടെ സഹായത്തോലോ സനദ് സെൻററുകളിൽ എത്തിയോ ഒാൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. പാസ്പോർട്ട് നഷ്ടമായവരും കാലാവധി കഴിഞ്ഞവരുമെല്ലാം അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കണം. തുടർന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയം ഒാഫിസിലെത്തി പി.സി.ആർ സർട്ടിഫിക്കറ്റ്, യാത്രാ ടിക്കറ്റ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം.
അതേസമയം, തൊഴിൽ മന്ത്രാലയത്തിൽ കൂടുതൽ വിശദീകരണത്തിനായി കാക്കുകയാണെന്ന് ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. പദ്ധതിയുടെ വിശദ വിവരങ്ങൾ ലഭ്യമായ ശേഷമാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂ. വിദേശതൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്നതിനുള്ള തീരുമാനത്തെ ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് സ്വാഗതം ചെയ്തു. തൊഴിൽ വിപണി ക്രമപ്പെടുത്താൻ ഇൗ തീരുമാനം സഹായകരമാകുമെന്ന് ചേംബർ ചെയർമാൻ റിദ ബിൻ ജുമാ അൽ സാലെഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.