സാധനങ്ങളുടെ ഡെലിവറിക്കായി ലിങ്ക് അയച്ച് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്
text_fieldsമത്ര: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും പുതിയ രൂപത്തില്‍, ജാഗ്രത പാലിച്ചില്ലെങ്കില്‍ പണം പോകും. തട്ടിപ്പുകാർ നേരത്തെ ഉപയോഗിച്ചുവന്നിരുന്ന രീതികളൊക്കെ ആളുകള്‍ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതോടെയാണ് പുതിയ രൂപത്തിലും ഭാവത്തിലും തട്ടിപ്പുസംഘം ആളുകളുടെ ഫോണുകളിലേക്ക് നുഴഞ്ഞുകയറി ഇരകളെ കണ്ടെത്തുന്നത്. എത്ര വിദ്യാഭ്യാസവും സൂക്ഷ്മതയും ഉള്ള ആളാണെങ്കിലും ഒരു വേള സംഭവിക്കാന്‍ സാധ്യതയുള്ള അശ്രദ്ധയിലാണ് തട്ടിപ്പുകാരുടെ നോട്ടം.
കഴിഞ്ഞ ദിവസം മസ്കത്തിലുള്ള പലരെയും തേടി എത്തിയത് നിങ്ങൾ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറിക്കായി തയാറായിട്ടുണ്ട്. നിങ്ങളയച്ചുതന്ന വിലാസം വ്യക്തമല്ല. അതിനാൽ താഴെകൊടുത്ത ലിങ്കില്‍ നിങ്ങളുടെ വിലാസം പൂരിപ്പിക്കുക എന്നുപറഞ്ഞാണ്. ഒരു സാധനം പോലും ഓര്‍ഡര്‍ ചെയ്യാത്തവർക്കു പോലും ഇതുപോലുള്ള മെസേജുകള്‍ കിട്ടിയിട്ടുണ്ട്.
നേരത്തെ ഏതേലും സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയ ഓർമയില്‍ അബദ്ധവശാല്‍ ലിങ്ക് തുറന്ന് നോക്കുമെന്ന് പ്രതീക്ഷയിലാകും തട്ടിപ്പുകാർ പലരുടെയും നമ്പറുകളിലേക്ക് മെസേജുകള്‍ അയക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങളടക്കം തട്ടിപ്പ് സംഘത്തിന്റെ കൈവശമെത്താൻ സാധ്യതയുണ്ട്. ആയിരക്കണക്കിന് മെസേജുകള്‍ അയച്ചാൽ ആരേലും ഒരാള്‍ വീണുപോകുമെന്നും തട്ടിപ്പുകാര്‍ക്ക് അറിയാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ അടുത്തകാലത്ത് വളരെയേറെ വ്യാപകമായിട്ടുണ്ട്.
അധികൃതർ സമയാസമയം മുന്നറിയിപ്പും നല്‍കിപ്പോരുന്നുമുണ്ട്. എന്നിട്ടും ഇതുപോലുള്ളവരുടെ ട്രാപ്പില്‍ വീണ് തലവെച്ച് കൊടുക്കുന്നതില്‍ പ്രബുദ്ധ മലയാളിയും മുന്നില്‍തന്നെയാണ്. ആരും വിശ്വസിച്ചു പോകുന്ന തരത്തിലുള്ള കോളുകളും മെസേജുകളുമാണ് നിരന്തരം തട്ടിപ്പുകാർ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജാഗ്രത കൈക്കൊണ്ടാല്‍ പണം പോകാതെ രക്ഷപ്പെടാമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.