സ്വദേശി സ്കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ചലനമറ്റ് സ്കൂൾ വിപണി
text_fieldsമത്ര: സ്വദേശി സ്കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും വിപണികൾ സജീവമായി തുടങ്ങിയിട്ടില്ല. സ്കൂൾ യൂനിഫോമും ബാഗുകളും ചെരിപ്പുകളുമൊക്കെ ശേഖരിച്ച് വെച്ച് സീസണിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയ വ്യാപാരികളില്‍ കടുത്ത നിരാശയാണ് നിഴലിക്കുന്നത്. സാധാരണ ബലിപെരുന്നാള്‍ കഴിഞ്ഞ് തൊട്ടടുത്ത ഒരു മാസം വ്യാപാര മാന്ദ്യം പതിവുള്ളതാണ്.
എന്നാല്‍, ഇപ്രാവശ്യം മൂന്ന് മാസത്തോളമായി മാർക്കറ്റുകള്‍ നിർജീവമാണ്. ഇതുമൂലം വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇത്തവണത്തെ കനത്ത ചൂട് കാരണം സ്വദേശികളില്‍ നല്ലൊരു ശതമാനം പേരും തണുപ്പ് അനുഭവപ്പെടുന്ന വിദേശ രാജ്യങ്ങളിലേക്കും സലാല പോലുള്ള പ്രദേശങ്ങളിലേക്കുമൊക്കെ ടൂര്‍ പോയതും മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോയ സ്വദേശി കുടുംബങ്ങള്‍ തിരിച്ചെത്തുന്നതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ വേനലവധിക്ക് ശേഷം ഈ മാസമാദ്യം തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അവധിക്ക് നാട്ടില്‍ പോയിരുന്ന കുടുംബങ്ങളൊക്കെ തിരികെ എത്തിയിട്ടും സ്കൂള്‍ വിപണിയിൽ കാര്യമായ മാറ്റമൊന്നും ദൃശ്യമായില്ല.
മാസങ്ങളായി വിപണി മന്ദഗതിയിലായതിനാല്‍ ചെറുകിട കച്ചവടക്കാരൊക്കെ വലിയ തോതിലുള്ള പ്രതിസന്ധി നേരിടുകയാണ്. ആഗസ്റ്റ് മാസത്തെ ശമ്പളം വന്നാല്‍ സ്കൂൾ സീസണും മാർക്കറ്റും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖലയിലുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.