മസ്തിഷ്ക മരണം സംഭവിച്ചയാളുടെ അവയവം മൂന്നുപേർക്ക് ദാനം ചെയ്തു
text_fieldsമസ്കത്ത്: മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവം മൂന്നുപേർക്ക് ദാനം ചെയ്തു. അവയവമാറ്റ ശസ്ത്രക്രിയ റോയൽ ഹോസ്പിറ്റലിലെ സ്പെഷലൈസ്ഡ് മെഡിക്കൽ ടീം വിജയകരമായി പൂർത്തിയാക്കി. ബന്ധുക്കളിൽനിന്ന് ദാതാവിനെ ലഭ്യമല്ലാത്തതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രായം ചെന്ന വ്യക്തിക്കാണ് കരൾ നൽകിയത്. ദമാമിലെ കിങ് ഫഹദ് സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ കരൾ മാറ്റിവെക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ഒമാനി സർജിക്കൽ ടീമാണ് കരൾ മാറ്റിവെച്ചത്.
ഏകദേശം എട്ട് മണിക്കൂറെടുത്താണ് ഓപറേഷൻ വിജയകരമായി പൂർത്തീകരിച്ചതെന്ന് കരൾ ശസ്ത്രക്രിയ കൺസൾട്ടന്റും റോയൽ ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്റേഷൻ കമ്മിറ്റി തലവനുമായ ഡോ. സലാഹ് ബിൻ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അവയവങ്ങൾ മാറ്റിവെക്കാൻ അനുയോജ്യമായ രോഗിയെ കണ്ടെത്തുക, 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിന്റെ ലഭ്യത എന്നിവ ഇത്തരത്തിലുള്ള ശസ്ത്രക്രിയ സമയത്ത് നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഡയാലിസിസിന് വിധേയരായ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികൾക്ക് വൃക്കകളും മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.