അറേബ്യൻ ഒറിക്സുകളുടെ എണ്ണം കൂടുന്നു
text_fieldsമസ്കത്ത്: സംരക്ഷണ നടപടികൾ ഫലം കണ്ടതോടെ ഒരിക്കൽ വംശനാശഭീഷണിയിലായിരുന്ന അറേബ്യൻ ഒറിക്സുകളുടെ എണ്ണത്തിൽ വർധന.
മാൻ വർഗത്തിൽപെടുന്ന ഒമാെൻറ ദേശീയ മൃഗം കൂടിയായ ഒറിക്സുകളെ സംരക്ഷിക്കാൻ അൽ വുസ്ത ഗവർണറേറ്റിലെ വാദി ജാലോനിയിൽ ആരംഭിച്ച കേന്ദ്രത്തിൽ ഇവയുടെ എണ്ണം 600 എത്തിയതായി റോയൽ കോർട്ടിലെ പ്രകൃതി സംരക്ഷണ വിഭാഗം ഒാഫിസിലെ ഡയറക്ടർ ഡോ. മൻസൂർ ബിൻ ഹമദ് അൽ ജഹ്ദമി പറഞ്ഞു. ഒമാനിൽ ചരിത്രാതീത കാലം മുതൽ ധാരാളമുണ്ടായിരുന്ന ഇൗ ജീവികളുടെ എണ്ണം 1970കൾക്ക് മുമ്പാണ് ഭീതിദമാംവിധം കുറഞ്ഞത്. കർശനമായ വന്യജീവി സംരക്ഷണ നിയമങ്ങളുടെ അഭാവും മൂലം ഇവ വേട്ടക്കാരുടെ തോക്കിനിരയാവുകയായിരുന്നു.
1970കളുടെ തുടക്കത്തിലാണ് അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടനയുടെ നേതൃത്വത്തിൽ ഒറിക്സുകളെ വംശനാശ ഭീഷണിയിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള യജ്ഞങ്ങൾ ആരംഭിച്ചത്.
ഇണമൃഗങ്ങളെ അമേരിക്കയിലെ സംരക്ഷണപാർക്കിൽ കൊണ്ടുപോയി പ്രജനനം നടത്തി എണ്ണം വർധിപ്പിക്കുകയായിരുന്നു സംരക്ഷണ പരിപാടിയുടെ ലക്ഷ്യം. 1970കളുടെ അവസാനപാദത്തിലാണ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഒറിക്സുകളുടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. അൽ വുസ്ത ഗവർണറേറ്റിലെ ജദ്ദത്ത് അൽ ഹർസിസ് ആണ് ‘അറേബ്യൻ ഒറിക്സ് സംരക്ഷണ കേന്ദ്ര’ത്തിനായി തെരഞ്ഞെടുത്തത്.
ഒറിക്സുകളുടെ പ്രകൃതിദത്ത ആവാസകേന്ദ്രത്തിന് യോജിച്ച വിധത്തിൽ സമതലങ്ങളുടെയും പുൽമേടുകളുടെയും മറ്റും സാന്നിധ്യമുള്ളതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്. റോയൽ ഡിക്രി 4/94 പ്രകാരം ഒമാനിലെ ആദ്യ പ്രകൃതിദത്ത സംരക്ഷണ കേന്ദ്രമാണ് ഇവിടം. ആരംഭിച്ച് അധികം വൈകാതെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടി.
സംരക്ഷണ കേന്ദ്രത്തിലേക്ക് മസ്കത്തിൽനിന്ന് അനുമതിയെടുത്താൽ വ്യക്തികളെയും കൂട്ടായി വരുന്നവരെയും പ്രേവശിപ്പിക്കാറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ ടൂറിസം പദ്ധതികൾ ആരംഭിക്കുന്നത് ആലോചനയിലുണ്ടെന്നും ഹമദ് അൽ ജഹ്ദമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.