ഒയാസിസ് ബാഡ്മിന്റൺ അക്കാദമി പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: മസ്കത്തിലെ ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശം പകർന്ന് ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ഗാല സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദിനു സമീപം പ്രവർത്തനം ആരംഭിച്ചു. ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിം മുസ്ലം അൽ ദ്രൗഷിതോ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ആറ് കോർട്ടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഒമാനിലെ പ്രധാന നഗരങ്ങളുടെ പേരിലാണ് കോർട്ടുകൾ അറിയപ്പെടുന്നത്. ജിംനേഷ്യം, സൈക്കിളിങ്, റണ്ണിങ് ഉൾെപ്പടെയുള്ള ഔട്ഡോർ സ്പോർട്സ് ആക്ടിവിറ്റി, കളിക്കാർക്കുള്ള വിശ്രമ മുറി, കഫറ്റീരിയ, ഷോവർ റൂം, സേഫ്റ്റി ലോക്കറുകൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഏതു പ്രായക്കാർക്കും അക്കാദമിയിൽ പ്രവേശനം ലഭിക്കുമെങ്കിലും അഞ്ച് വയസ്സ് മുതൽ പ്രായമുള്ളവർക്കാണ് വിദഗ്ധ പരിശീലനം നൽകുന്നത്. ഇന്ത്യ, ഇന്തോനേഷ്യ എന്നിവടങ്ങളിൽ നിന്നുള്ള മൂന്നു വിദഗ്ധർക്കു കീഴിലാണ് പരിശീലനം നൽകുക. ബാലസുബ്രമണ്യം, ആരിഫ്, റോബൻ എന്നിവരാണ് പരിശീലകർ. കുട്ടികളുടെ പരിശീലനം നേരിട്ട് വീക്ഷിക്കാനും വിലയിരുത്താനും രക്ഷിതാക്കൾക്ക് വീട്ടിലിരുന്നുതന്നെ സൗകര്യം ഒരുക്കുന്ന ലൈവ് സ്ട്രീമിങ്ങും ഉണ്ട്. പ്രവേശനം നേടുവാനും അക്കാദമിയിലെ ടൂർണമെന്റ് രജിസ്ട്രേഷനുൾെപ്പടെയുള്ള കാര്യങ്ങൾക്കുമായി മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്.
പുലർച്ച നാല് മുതൽ രാത്രി പന്ത്രണ്ടു മണിവരെയാണ് കോർട്ടുകൾ പ്രവർത്തിക്കുക. ബാഡ്മിന്റണ് ആവശ്യമായ ഉപകരണങ്ങൾക്ക് പ്രത്യേക വിലക്കിഴിവും ലഭിക്കും. ഒമാൻ കായിക മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി പ്രവർത്തിക്കുന്ന അക്കാദമിയുടെ പ്രധാന ലക്ഷ്യം, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇവിടെ നിന്നും പരിശീലനം നേടുന്നവർക്ക് ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്സ്, ലോകകപ്പ് എന്നിവയിൽ മത്സരിക്കാൻ സജ്ജമാക്കുക എന്നതാണെന്ന് മാനേജ്മെന്റ് പ്രതിനിധികളായ യോഗേന്ദ്ര സിങ് കത്യാർ (സ്ഥാപകൻ), റസാം മീത്തൽ, ജാസ്പർ പോത്തരാജു എന്നിവർ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒമാനിലെ പ്രമുഖ ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്ത പ്രദർശന മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.