പാകിസ്താൻ ഉള്ളി സീസണും അവസാനിക്കുന്നു ; ഒമാനിൽ വില ഉയർന്നുതന്നെ
text_fieldsമസ്കത്ത്: ഇന്ത്യൻ വലിയഉള്ളിയുടെ കയറ്റുമതി നിരോധനം നിലവിൽ വന്നതോടെ ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ വില ഉയർന്നുതന്നെ നിൽക്കുന്നു. നിലവിൽ പാകിസ്താൻ ഉള്ളികൾ വിപണിയിലുണ്ടെങ്കിലും അവിടെയും വില വർധിക്കുന്നതായി വ്യാപാരികൾ പറയുന്നു.
പാകിസ്താനിൽ ഉള്ളി സീസൺ അവസാനിച്ചതുകൊണ്ടായിരിക്കാം വില വർധിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ഏതായാലും ഒമാനിൽ ഇന്ത്യൻ ഉള്ളി വിപണിയിലെത്തുന്നതുവരെ വില ഉയർന്നുതന്നെ നിൽക്കുമെന്ന് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നു. നിലവിലെ റിപ്പോർട്ട് അനുസരിച്ച് മാർച്ചിൽ മാത്രമാണ് ഇന്ത്യൻ ഉള്ളി വിപണിയിലെത്തുക. ഇന്ത്യൻ ഉള്ളി ഗുണനിലവാരത്തിൽ മുന്നിട്ടു നിൽക്കുന്നതിനാൽ വൻ ഡിമാൻഡാണ് മാർക്കറ്റിലുള്ളത്. നിലവിൽ ഒമാനിൽ പാകിസ്താന് പുറമെ തുർക്കിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്. ഇന്ത്യക്കു ശേഷം പാകിസ്താൻ ഉള്ളിക്കാണ് മാർക്കറ്റിൽ പ്രിയം. തുർക്കിയ അടക്കമുള്ള രാജ്യങ്ങളിലെ ഉള്ളികളിൽ ജലാംശം കൂടുതലുള്ളതു കാരണം പാചകക്കാർക്ക് പ്രിയം കുറവാണ്. നിലവിൽ മാർക്കറ്റിൽ കിലോക്ക് 600 ബൈസക്കടുത്താണ് ഉള്ളി വില. സാധാരണഗതിയിൽ 300 ബൈസയിൽ താഴെയാണ് വില വന്നിരുന്നത്. വില ഇരട്ടിയിൽ അധികമായി ഉയർന്നതു കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്.
അടുക്കളകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഉളളി ആയതിനാൽ പാചക മേഖലയിൽ ചെലവ് ഉയർന്നു. വില വർധിച്ചതോടെ ചെറുകിട ഹോട്ടലുകളിലെ സലാഡുകളിൽനിന്ന് ഉള്ളി അപ്രത്യക്ഷമാവുന്നുണ്ട്.
കഫ്റ്റീരിയകളിലും മറ്റും ഉള്ളി കൊണ്ടുള്ള വട അടക്കമുള്ള പലഹാരങ്ങളും പിൻമാറിയിട്ടുണ്ട്. വില വർധിച്ചതിനാൽ ഉള്ളിവടയും മറ്റും പഴയ വിലക്കു വിൽക്കാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കാലാവസ്ഥാ പ്രശ്നം കാരണം കഴിഞ്ഞ വർഷം മൂന്നാം പാദത്തിലാണ് ഇന്ത്യയിൽ ഉള്ളി വില വർധിച്ചത്. ഉള്ളി ഉത്പാദന മേഖലയിലെ കനത്തമഴ കാരണം വിളവെടുപ്പിനു ശേഷം സൂക്ഷിച്ചുവെച്ചിരുന്ന ഉള്ളി കേടുവന്നതാണ് ക്ഷാമത്തിനു കാരണമായത്.
ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഉയർന്ന കയറ്റുമതി നികുതി ചുമത്തിയാണ് ആദ്യം നിയന്ത്രണം നടപ്പാക്കിയത്.
എന്നാൽ ഇന്ത്യയിൽ ഉള്ളി വില പിടിച്ചുനിർത്താൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ പൂർണമായ കയറ്റുമതി നിരോധനം നടപ്പാക്കുകയായിരുന്നു.
ഇതോടെയാണ് ഒമാൻ അടക്കമുള്ള വിപണികളിൽ ഉള്ളി വില കുത്തനെ ഉയർന്നത്. മാർച്ചു വരെയായിരുന്നു കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ വിളകൾ എത്തിയതോടെ ഇന്ത്യൻ വിപണിയിൽ ഉള്ളി വില കുറയാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.