ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കി പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ ഓണാഘോഷം
text_fieldsമസ്കത്ത്: പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷവും 11ാം വാർഷികവും രണ്ടു ദിവസത്തെ വിപുലമായ പരിപാടികളോടെ നടന്നു. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയായിരുന്നു മുഖ്യാതിഥി. അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയെ അനുസ്‌മരിച്ചാണ് അപർണ ബാലമുരളി ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്.
കേരളത്തേക്കാൾ ഒരുമയോടെയും ഐക്യത്തോടെയുമാണ് മറുനാട്ടിൽ മലയാളികൾ ഓണം ആഘോഷിക്കുന്നതെന്നും ഓണം എന്നാൽ ഇന്ന് മലയാളിയുടെ മാത്രം ദേശീയ ഉത്സവമല്ല മറിച്ച്, അത് ലോകം മുഴുവൻ ഒരുമയോടെ ആഘോഷിക്കുന്ന ഉത്സവമാണെന്നും അപർണ പറഞ്ഞു. കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ് പ്രസിഡൻറ് പി. ശ്രീകുമാർ അപർണ ബാലമുരളിക്ക് സമ്മാനിച്ചു.
നേരെത്തെ താലപ്പൊലിയും ചെണ്ടമേളവും മാവേലി വരവേൽപ്പുമായി ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ ഒമാനിലെ കലാകാരൻ സുനിൽ ഗുരുവായൂരപ്പൻ അണിയിച്ചൊരുക്കിയ പാലക്കാട് ജില്ലയുടെ സമ്പന്നമായ സംസ്കാരവും കലാരൂപങ്ങളും അടങ്ങിയ ‘കരിമ്പനക്കാറ്റ്’ ദൃശ്യാവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യമായി. കൂട്ടായ്മയിലെ അംഗങ്ങളുടെ തിരുവാതിരക്കളി, വടക്കൻപാട്ടിലെ ധീര വനിത ഉണ്ണിയാർച്ചയുടെ വീരകഥകൾ പറയുന്ന നൃത്താവിഷ്‌ക്കാരം, കൂട്ടായ്മയിലെ കുട്ടികളുടെ സിനിമാറ്റിക്ക് ഡാൻസ് എന്നിവ അരങ്ങേറി. യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാലമുരളിയും പാലക്കാട് മുരളിയും ഓർക്കസ്ട്രയും, ചേർന്നൊരുക്കിയ സംഗീത നിശയും അരങ്ങേറി.
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ സംഗീതജ്ഞരായ ബാലമുരളിയും പാലക്കാട് മുരളിയും ചേർന്നൊരുക്കിയ ഗാനമേള ഏറെ ആസ്വാദ്യമായി. വിഭവസമൃദമായ ഓണസദ്യയും നടന്നു. പ്രസിഡൻറ് ശ്രീകുമാർ, വൈസ് പ്രസിഡൻറ് ഹരി ഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിത വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടി വീക്ഷിക്കാനെത്തിയവർക്ക് നിരവധി സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.