ഫലസ്തീൻ; അന്താരാഷ്ട്ര സമൂഹം കടമകൾ നിർവഹിക്കണം -സുൽത്താൻ
text_fieldsമസ്കത്ത്: ഫലസ്തീനിലെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഒമാൻ കൗൺസിലിന്റെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ നമ്മുടെ സഹോദരങ്ങൾ, ഇസ്രായേൽ ആക്രമണവും അന്യായമായ ഉപരോധവും സഹിച്ചുനിൽക്കുന്ന ഗുരുതരമായ ദുരവസ്ഥയെ അഗാധമായ ഉത്കണ്ഠയോടെയാണ് നിരീക്ഷിക്കുന്നത്. കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഒമാന്റെ നിലപാട് വീണ്ടും ഞങ്ങൾ ആവർത്തിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തോട് അതിന്റെ കടമകൾ നിറവേറ്റാനും ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളെ മാനിക്കാനും അഭ്യർഥിക്കുകയാണ്. മേഖലയിൽ ശാശ്വത സമാധാനവും ആഗോള സമൂഹത്തിന്റെ സുരക്ഷയും സാക്ഷാത്കരിക്കുന്നതിനുള്ള അടിസ്ഥാന ശിലയായ, തങ്ങളുടെ പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിലെ ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിന് ഫലപ്രദവും അടിസ്ഥാനപരവുമായ പരിഹാരങ്ങൾ ത്വരിതപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സുൽത്താൻ പറഞ്ഞു.
വികസനത്തിന് എ.ഐയും
രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ഉപകരണമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മാറും. എ.ഐ സ്വീകരിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമായി ദേശീയ പരിപാടി ആരംഭിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ മുൻനിര സാങ്കേതിക വിദ്യകളിലൂടെ എണ്ണമറ്റ മേഖലകളിലുടനീളം ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും ശ്രമിക്കും. ദേശീയ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന സ്തംഭമായി ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സ്ഥാപിക്കാനും ലക്ഷ്യമിടും.
വെല്ലുവിളികൾക്കിടയിലും സാമ്പത്തിക മേഖലകളിൽ നേട്ടം
ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും നമ്മുടെ രാജ്യം സാമൂഹികവും സാമ്പത്തികവുമായ മേഖലകളിലും സാമ്പത്തിക പ്രകടനത്തിലും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു. ഈ വെല്ലുവിളികൾ നമ്മുടെ സമ്പദ്വ്യവസ്ഥയെയും ദേശീയ പരിപാടികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പദ്ധതികൾ പ്രത്യേക ലക്ഷ്യങ്ങളോടെ രൂപകൽപന ചെയ്തു. വർത്തമാനകാലത്തിന്റെ ആവശ്യകതകൾ പരിഹരിക്കാനും കാര്യക്ഷമമായ റിസോഴ്സ് മാനേജ്മെന്റിലൂടെ സുസ്ഥിര വികസനം ലക്ഷ്യമാക്കാനും ശ്രമിക്കുന്നു. ആത്യന്തികമായി പൊതുകടത്തിന്റെ ഭാരം കുറക്കാൻ ശ്രമിക്കുന്നു. നമ്മുടെ സാമ്പത്തിക മിച്ചത്തിന്റെ ഒരു ഭാഗം സാമൂഹിക മേഖലകളെയും സാമ്പത്തിക വളർച്ചയെയും ഉത്തേജിപ്പിക്കുന്നതിനുമായാണ് നീക്കിവെച്ചിരിക്കുന്നത്.
സാമ്പത്തിക സുസ്ഥിരത പദ്ധതിയുടെ നടത്തിപ്പ് രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ ഏകീകരണത്തെ അഗാധമായും ക്രിയാത്മകമായും സ്വാധീനിക്കുകയും നമ്മുടെ ചെലവുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്തു. തുടങ്ങിവെച്ച ദേശീയ പരിപാടികൾ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന മേഖലകളിലെ നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായകമാണ്.
രാജ്യത്തിന്റെ പൊതു ധനകാര്യത്തിന്റെ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിന്, എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകി ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്തിടെ അവതരിപ്പിച്ച സാമൂഹിക സംരക്ഷണ സംവിധാനം സമഗ്രവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ പ്രയോജനങ്ങൾ വ്യാപിപ്പിക്കുകയും എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പുനൽകുകയും ചെയ്യും.
വിദ്യാഭ്യാസം, ആരോഗ്യം, സേവന മേഖലകൾ
ദേശീയ ഉദ്യമങ്ങൾ ആരോഗ്യം, വിദ്യാഭ്യാസം, സേവന മേഖലകളുടെ തുടർച്ചയായ വികസനത്തിന് ഉത്തേജനം നൽകി. അവ നമ്മുടെ ജനസംഖ്യ വളർച്ചക്ക് ആനുപാതികമായി വിപുലീകരിച്ചു. സമഗ്ര വികസനം ഉറപ്പാക്കുന്നതിന്, യാഥാർഥ്യബോധത്തോടെയും ഗവേഷണം ചെയ്ത തന്ത്രങ്ങളിലും പദ്ധതികളിലും അടിസ്ഥാനപ്പെടുത്തി സംരംഭങ്ങൾ നടപ്പാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് എല്ലാ ഗവർണറേറ്റുകളിലും വിലായത്തിലും എത്തുകയും ചെയ്തു.
വികേന്ദ്രീകരണം
ഗവർണറേറ്റുകളുടെ വികസനത്തിനും വികേന്ദ്രീകരണ തത്ത്വം ശക്തിപ്പെടുത്തുന്നതിനുമുള്ള ഊന്നൽ ഗവർണറേറ്റ് സമ്പ്രദായത്തിലൂടെയും മുനിസിപ്പൽ കൗൺസിലുകളുടെ നിയമത്തിലൂടെയും സാക്ഷാത്കരിക്കപ്പെട്ടു. പ്രാദേശിക കമ്യൂണിറ്റികളെ അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും രാഷ്ട്രനിർമാണ പ്രക്രിയയിൽ സജീവമായി പങ്കെടുക്കുന്നതിനും ശാക്തീകരിക്കുന്നതിനുള്ള ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണിത്. മുനിസിപ്പൽ കൗൺസിലുകളുടെ ബോഡികൾക്ക് വിപുലമായ അധികാരങ്ങളും ചുമതലകളും നിക്ഷിപ്തമാണ്. തങ്ങളുടെ പക്കലുള്ള അധികാരവും വിഭവങ്ങളും പൂർണമായി വിനിയോഗിക്കാൻ മുനിസിപ്പൽ കൗൺസിലുകളിലെ അംഗങ്ങളോട് അഭ്യർഥിക്കുന്നു. അത് നമ്മുടെ പൗരന്മാരുടെ ക്ഷേമം വർധിപ്പിക്കുന്നതിന് സഹായിക്കും.
നല്ല അയൽപക്കത്തിന്റെയും മറ്റു പരമാധികാര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിന്റെയും തത്ത്വങ്ങളിൽ ഒമാൻ ഉറച്ചുനിൽക്കുമെന്ന് ആവർത്തിച്ചു പറയുന്നു.
സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിൽ, പുനരുപയോഗ ഊർജ മേഖലയെ ത്വരിതപ്പെടുത്താനും അതിന്റെ വളർച്ചക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കാനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നൽകാനും നിർദേശിച്ചിട്ടുണ്ടെന്നും സുൽത്താൻ പറഞ്ഞു.
മുൻ സെഷനുകളിൽ ഒമാൻ കൗൺസിൽ അംഗങ്ങൾ നടത്തിയ അചഞ്ചലമായ സമർപ്പണത്തിനും സുപ്രധാന സംരംഭങ്ങൾക്കും അഗാധമായ നന്ദി അറിയിക്കുന്നു.കൗൺസിലിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പക്വതയെയും മറ്റ് ആദരണീയ സ്ഥാപനങ്ങളുമായുള്ള സമന്വയത്തെയും അഭിനന്ദിക്കുന്നു. ഇത് കൂട്ടായ ദേശീയ ഉദ്യമങ്ങളുടെ ഫലപ്രാപ്തിയെ ശക്തിപ്പെടുത്തുന്ന സഹകരണമാണ്.
അത്തരം ദേശീയ ശ്രമങ്ങൾക്ക് വർധിച്ച ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹമാണ്. അതുവഴി സ്ഥാപിത ലക്ഷ്യങ്ങൾ നിറവേറ്റാനും നമ്മുടെ എല്ലാ പൗരന്മാർക്കും അഭിവൃദ്ധി എന്ന കാഴ്ചപ്പാട് നിറവേറ്റാനും പ്രാപ്തരാക്കുന്നു.
നമ്മുടെ രാജ്യത്തെ ഏറ്റവും വിശിഷ്ടരായ വിദഗ്ധരിൽനിന്ന് തിരഞ്ഞെടുത്ത സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ സ്വാഗതം ചെയ്യുകയാണ്. സമാനമായ രീതിയിൽ, നൂതന ഇലക്ട്രോണിക് വോട്ടിങ് സാങ്കേതികവിദ്യയിലൂടെ പൗരന്മാർ തിരഞ്ഞെടുത്ത ശൂറ കൗൺസിലിലെ അംഗങ്ങളെ ഞങ്ങൾ അഭിവാദ്യം ചെയ്യുകയാണെന്ന് സുൽത്താൻ പറഞ്ഞു.
രാജകുടുംബാംഗങ്ങൾ, മന്ത്രിസഭാംഗങ്ങൾ, സംസ്ഥാന കൗൺസിൽ ചെയർമാൻ, ശൂറ കൗൺസിൽ ചെയർമാൻ, സുൽത്താന്റെ സായുധസേനയുടെയും റോയൽ ഒമാൻ പൊലീസിന്റെയും കമാൻഡർമാർ, സ്റ്റേറ്റ് കൗൺസിലിലെയും ശൂറ കൗൺസിലിലെയും അംഗങ്ങൾ, സുൽത്താനേറ്റിലെ ഔദ്യോഗിക നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗങ്ങൾ, ചില വ്യവസായികൾ, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിലെ സി.ഇ.ഒ.മാർ, പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റർമാർ, കമ്മിറ്റികളുടെയും പ്രഫഷനൽ അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.