ഹൈദരലി തങ്ങൾക്ക് പ്രാർഥന സദസ്സും മയ്യിത്ത് നമസ്കാരവും
text_fieldsസലാല: വിടപറഞ്ഞ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കുവേണ്ടി സലാല കെ.എം.സി.സിയും സലാല കേരള സുന്നി സെന്ററും സംയുക്തമായി പ്രാർഥന സദസ്സും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് മലയാളികളും അറബ് പ്രമുഖരും സദസ്സിൽ പങ്കെടുത്തു. ഹൈദരലി തങ്ങൾ എത്രമാത്രം ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ വികാരമായിരുന്നുവെന്ന് തെളിയിക്കുന്ന ജന പങ്കാളിത്തമാണ് ഇന്നലെ സലാലയിൽ കണ്ടത്. വിയോഗവാർത്ത അറിഞ്ഞതുമുതൽ ദുഃഖസാന്ദ്രമായിരുന്നു സലാലയിലെ മലയാളികൾ.
സലാലയിലെ പൗരപ്രമുഖൻ നൈഫ് അൽ ശൻഫരി അടക്കമുള്ള ഒമാൻ പൗരന്മാർ, തങ്ങളോടുള്ള ബഹുമാന സൂചകമായി ചടങ്ങിൽ പങ്കെടുത്തു. അബ്ദുൽ ലത്തീഫ് ഫൈസി പ്രാർഥന നടത്തി. കെ.എം.സി.സി നേതാക്കളായ റഷീദ് കല്പ, വി.പി. അബ്ദുൽ സലാം ഹാജി, ഷബീർ കാലടി തുടങ്ങിയവർ നേതൃത്വം നൽകി. ഹൈദരലി തങ്ങളുടെ വിയോഗം സമുദായത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് സലാല കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു
മസ്കത്ത്: എല്ലാ മനുഷ്യരെയും ഒറ്റ മതമായി കാണുകയും എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാമനസ്കനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് മുഖ്യരക്ഷാധികാരി ഉമ്മർ എരമംഗലവും പ്രസിഡന്റും റെജി കെ. തോമസും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആളുകൾ പരസ്പരം കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തിക്കും സമാധാനത്തിനുംവേണ്ടി നിലകൊണ്ട തങ്ങളുടെ ശബ്ദത്തിനായി സമൂഹം കാതോർത്തിരുന്നു എന്നതാണ് യാഥാർഥ്യം. തങ്ങളുടെ നിര്യാണം അതുകൊണ്ടുതന്നെ എല്ലാ മനുഷ്യസ്നേഹികൾക്കും തീരാവേദന ഉണ്ടാക്കുന്നതാണെന്നും ഭാരവാഹികൾ പ്രസ്താവനയിൽ ഹൈദരലി തങ്ങളെ അനുസ്മരിച്ചു.
സൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ നഷ്ടമായത് സമൂഹത്തിന്റെ മതേതര കാവലാളെയാണെന്നും സൂർ കേരള മുസ്ലിം ജമാഅത്ത് ദാറുൽ ഖുർആൻ മദ്റസയിൽ നടത്തിയ അനുസ്മരണ പരിപാടി അഭിപ്രായപ്പെട്ടു. ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് മദ്റസ ക്ലാസുകൾക്ക് അവധി നൽകി. വിദ്യാർഥികളും രക്ഷിതാക്കളും ഓൺലൈൻ വഴി പ്രാർഥനാ സദസ്സുകളും സംഘടിപ്പിച്ചു. മൊയ്തീൻ മൗലവി കൊടുവള്ളി, നാസർ മൗലവി തലയാട്, ബശീർ ഫൈസി കൂരിയാട്, ഹാഫിള് അബൂബക്കർ സിദ്ദീഖ് എറണാകുളം, അബ്ദുന്നാസർ ദാരിമി മുണ്ടക്കുളം, അബ്ദുൽ ജബ്ബാർ അൻവരി തലയാട്, ആബിദ് മുസ്ലിയാർ എറണാകുളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.