പാരിസ് ഒളിമ്പിക്സ്: പ്രതിനിധി സംഘത്തെ ഒ.ഒ.സി ചെയർമാൻ നയിക്കും
text_fieldsമസ്കത്ത്: പാരിസ് ഒളിമ്പിക്സിനുള്ള ഒമാൻ പ്രതിനിധി സംഘത്തെ ഒമാൻ ഒളിമ്പിക് കമ്മിറ്റി (ഒ.ഒ.സി) പ്രഖ്യാപിച്ചു. സ്പ്രിന്റർമാരായ അലി അൽ ബലൂഷി, മസൂൺ അൽ അലവി, ഷൂട്ടർ സഈദ് അൽ ഖത്രി, നീന്തൽ താരം ഇസ അൽ അദാവി എന്നിവരാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ലോക കായിക മാമാങ്കത്തിൽ മാറ്റുരക്കുക. ഒ.ഒ.സി ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ സുബൈറാണ് പ്രതിനിധി സംഘത്തെ നയിക്കുക.
ഒ.ഒ.സിയുടെ വൈസ് ചെയർമാൻ സയ്യിദ് അസ്സാൻ ബിൻ ഖായിസ് അൽ സഈദുഒ ഒമാന്റെ ഷെഫ്-ഡി-മിഷനായി അലി അൽ ബുസാഫിയും ഇതിൽ ഉൾപ്പെടുന്നതായിരിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ഒ.ഒ.സി ചെയർമാൻ ആശംസകൾ നേർന്നു. ജൂലൈ 26 മുതൽ ആഗസ്റ്റ് 11വരെയാണ് ഒളിമ്പിക്സ് നടക്കുന്നത്. 100 മീറ്ററിൽ ലോകറാങ്കിങ്ങിന്റെ (49ാം സ്ഥാനം) അടിസ്ഥാനത്തിൽ ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടിയ ഏക ഒമാൻ താരമാണ് 22 കാരനായ അലി ബിൻ അൻവർ അൽ ബലൂഷി. 25 വയസ്സുകാരനായ നീന്തൽ താരം ഇസ ബിൻ ഹമദ് അൽ അദാവി രണ്ടാം തവണയാണ് ഒളിമ്പിക്സിനെത്തുന്നത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ഒമാന്റെ പതാകയേന്തിയിരുന്നത് ഇദ്ദേഹമായിരുന്നു. ഒളിമ്പിക്സിന് തുടർച്ചയായ മൂന്നാംവട്ടമാണ് ഒമാന്റെ ഏകവനിത പ്രതിനിധിയായ 27 വയസ്സുകാരിയായ മസൂൺ ബിൻ ഖൽഫാൻ അൽ അലവി പാരിസിലേക്കെത്തുന്നത്. 2016 ലെ റിയോ ഒളിമ്പിക് ഗെയിംസിലും 2020 ലെ ടോക്കിയോ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. സഈദ് അൽ ഖാത്രി സമ്മർ ഒളിമ്പിക്സിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. 1984 ലോസ് ആഞ്ജലസ് ഒളിമ്പിക് ഗെയിംസിലെ ചരിത്രപരമായ പങ്കാളിത്തം മുതൽ ഒമാൻ 11ാ തവണയാണ് ലോകകളിയാട്ട ഭൂമിലേക്ക് അങ്കം കുറിക്കാനെത്തുന്നത്. ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഒമാൻ താരങ്ങൾ. 1988 ലെ സിയോൾ ഒളിമ്പിക്സിൽ സ്പ്രിന്റർ മുഹമ്മദ് അൽ മാൽക്കി 400 മീറ്ററിൽ സെമിയിലെത്തിയതാണ് ഒമാന്റെ ശ്രദ്ധേയമായ നേട്ടം. സെമിയിൽ ഇദ്ദേഹം എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
വാർത്താസമ്മേളനത്തിൽ സയ്യിദ ബസ്മ ബിൻത് ഫഖ്രി അൽ സഈദ്, ഒ.ഒ.സി സെക്രട്ടറി ജനറൽ താഹ ബിൻ സുലൈമാൻ അൽ കിശ്രി, ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ദേശീയ ടീമുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.