പാർക്കുകളിലെ കളിയിടങ്ങൾ നശിപ്പിക്കുന്നത് ശിക്ഷാർഹമായ പ്രവൃത്തി
text_fieldsമസ്കത്ത്: പൊതുപാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങളും അമ്യൂസ്മെൻറ് റൈഡുകളും മനഃപൂർവം നശിപ്പിക്കുന്നതും കേടുവരുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. തടവും പിഴയായും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
പൊതുസമൂഹത്തിലെ ഒാരോ അംഗവും ഇത്തരം സാധനങ്ങൾ ഉത്തരവാദിത്തത്തോടെ വേണം ഉപയോഗിക്കാൻ.
അതിൽനിന്ന് വ്യത്യസ്തമായി അവ കേടുവരുത്തുന്നവർക്ക് രണ്ടുമാസം തടവും അല്ലെങ്കിൽ ഉണ്ടാക്കിയ നാശത്തിന് അനുസരിച്ച് പിഴയും ശിക്ഷയായി ഇൗടാക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുസ്വത്തുകൾക്ക് നാശം വരുത്തുന്നവരെക്കുറിച്ച വിവരങ്ങൾ കൈമാറേണ്ടത് ഒാരോ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. കുട്ടികളുടെ കളിയുപകരണങ്ങൾ കേടാക്കുക വഴി കവരുന്നത് അവരുടെ അവകാശമാണ്.
കുട്ടികൾ കളിക്കുേമ്പാൾ ഇവക്ക് കേടുവരുന്നത് സാധാരണയാണ്. എന്നാൽ, രാത്രി വൈകിയും പാർക്കുകളിൽ തങ്ങുന്ന ചില യുവാക്കൾ ഇവ ബോധപൂർവം നശിപ്പിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ കളിയുപകരണങ്ങൾ മുതിർന്നവർ ഉപയോഗിക്കുന്നതും അവ കേടുവരാൻ കാരണമാണ്. തെരുവുവിളക്കുകൾ, ജലസേചന സംവിധാനം, മാലിന്യ ശേഖരണത്തിനായി സ്ഥാപിച്ച പെട്ടികൾ തുടങ്ങിയ പൊതുസ്വത്തുക്കളും പലരും നശിപ്പിക്കാറുണ്ട്.
നടപ്പാതയിലും പുൽത്തകിടിയിലും ബാർബിക്യൂ ചെയ്യുന്നതും നശീകരണ കുറ്റങ്ങളുടെ പട്ടികയിൽ വരുന്ന കാര്യങ്ങളാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ പൊതുപാർക്കിലും പൂന്തോട്ടത്തിലും ഉപേക്ഷിക്കുന്നത് നിയമപ്രകാരം നിരോധിക്കപ്പെട്ട കാര്യമാണ്. പൂക്കൾ പറിക്കൽ, മരം കയറൽ, പച്ചപ്പുള്ള ഭാഗങ്ങളിലൂടെ നടക്കൽ, ചെടികൾ നശിപ്പിക്കൽ എന്നിവയും നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.