പാർക്കുകൾ തുറക്കുന്നതും കാത്ത് കുടുംബങ്ങൾ
text_fieldsമസ്കത്ത്: കഴിഞ്ഞ അഞ്ചുമാസമായി പൂട്ടിട്ട് കിടക്കുന്ന പാർക്കുകൾ തുറക്കുന്നതും കാത്തിരിക്കുകയാണ് ഒമാനിൽ കുടുംബമായി കഴിയുന്നവർ. മാസങ്ങളായി മുറികളുടെ ചുവരുകൾക്കിടയിൽ ഞെരുങ്ങിക്കഴിയുന്ന പലരും മാനസിക പിരിമുറുക്കത്തിലാണ്. കുട്ടികളെയാണ് മാനസിക സമ്മർദം ഏറെ ബാധിച്ചിരിക്കുന്നത്.
േകാവിഡ് പ്രതിസന്ധിക്ക് മുമ്പ് പ്രവൃത്തി ദിവസങ്ങളിൽ സ്കൂളിലും ട്യൂഷൻ സെൻററിലും അവധി ദിവസങ്ങളിൽ ബീച്ചുകളിലും പാർക്കുകളിലുമൊക്കെയായി തിരക്കുപിടിച്ച ജീവിതം നയിച്ചവരായിരുന്നു കുട്ടികൾ. വാരാന്ത്യങ്ങളിൽ ഷോപ്പിങ്ങിനോ പാർക്കുകളിലോ ബീച്ചുകളിലോ പോവാത്ത കൂടുംബങ്ങൾ അപൂർവമായിരുന്നു ഒമാനിൽ. എന്നാൽ, േകാവിഡ് ജീവിതരീതി മാറ്റി മറിക്കുകയും ജീവിതം ചുവരുകൾക്കുള്ളിൽ ചുരുങ്ങുകയും ചെയ്തതോടെ ഏറെ സമ്മർദം അനുഭവിക്കുന്നത് കുട്ടികളാണ്.
മുതിർന്നവർക്ക് ജോലിസഥലത്തും മറ്റിടങ്ങളിലും പോവാമെങ്കിലും കുട്ടികൾക്ക് ഷോപ്പിങ് സെൻററിലും മറ്റും പ്രവേശനം നിഷേധിച്ചതിനാൽ പോവാൻ ഇടമില്ലാതായിരിക്കുന്നു. കെട്ടിടങ്ങളിലെ പാർക്കുകളിലും സ്കൂളിലുമൊക്കെയായി വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പമുള്ള കളികളും നിലച്ചിട്ട് മാസങ്ങളായി. ചുവരിനപ്പുറം എങ്ങോട്ടും പോകാനില്ലാത്ത കുട്ടികൾ പുറത്തിറങ്ങാനുള്ള അവസരവും കാത്തിരിക്കുകയാണ്. കുട്ടികളുടെ ബോറഡി മാറ്റാൻ വാഹനങ്ങളിൽ കുട്ടികളെ വിവിധ സ്ഥലങ്ങളിൽ കറക്കുന്ന രക്ഷിതാക്കളും നിരവധിയാണ്.
പുറത്തിറങ്ങാൻ പറ്റാത്ത ജീവിതവും കുട്ടികളുടെ ജീവിതശൈലി തന്നെ മാറ്റിയിട്ടുണ്ട്. വൈകി ഉറങ്ങൽ, വൈകി ഉറക്കമുണരൽ, അലസമായി ഇരിക്കൽ തുടങ്ങി നിരവധി ശൈലീമാറ്റങ്ങളാണ് കുട്ടികൾക്കുള്ളത്. കെ.ജി മുതലുള്ള കുട്ടികൾക്ക് ഒാൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ ശരിയായ രീതിയിൽ നിരീക്ഷണം നടത്തുന്ന കുട്ടികൾക്കേ ഇവ ഉപകാരപ്പെടൂ.
ഒാൺലൈൻ ക്ലാസുകളിൽ പഠിത്തവും അസൈൻമെൻറുമൊക്കെയുണ്ടെങ്കിലും രക്ഷിതാക്കൾ ഇരുവരും ജോലിക്ക് പോകുന്നവരുടെ കുട്ടികളാണെങ്കിൽ ഇവരുടെ കാര്യം പരുങ്ങലിലാണ്. ഇത്തരക്കാർ പലപ്പോഴും പഠിത്തത്തിൽനിന്ന് ശ്രദ്ധ വഴുതുകയും അലസരായി മാറുകയും ചെയ്യുന്ന പ്രവണതയുണ്ടാകാറുണ്ട്.
കുട്ടികളെ പിടിച്ചിരുത്തുക ഏറെ പ്രയാസമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഒാൺലൈൻ ക്ലാസിനായി മൊബൈൽ ഉപയോഗിക്കുന്ന ചില കുട്ടികൾ വഴിമാറിപ്പോവുന്നുണ്ട്. പലതരം കളികളും ഗെയിമുകളും നൽകിയാണ് കുട്ടികളെ പിടിച്ചിരുത്തുന്നത്. കാരംസ്, ജൂഡോ അടക്കം നിരവധി കളികളും മൊബൈൽ ഗെയിമുകളുമാണ് കുട്ടികൾ സമയം കൊല്ലാൻ ഏറെ ഉപയോഗിക്കുന്നത്്.
കാരംസിന് ഡിമാൻഡ് വർധിച്ചതോടെ ബോർഡുകൾ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. കുട്ടികളെ പിടിച്ചുനിർത്താൻ വീടുകളിൽ പോർട്ടബ്ൾ സ്വിമ്മിങ് പൂളുകൾ സ്ഥാപിക്കുന്നവരും നിരവധിയാണ്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള ഇത്തരം സ്വിമ്മിങ് പൂളുകൾ വീടുകളിലെ ഹാളുകളിലും വില്ലകളിലെ മുറ്റത്തും സ്ഥാപിക്കാവുന്നതാണ്. ചുരുങ്ങിയത് മുന്നുമീറ്റർ നീളവും വീതിയുമൊക്കെയുള്ള സ്വിമ്മിങ് പൂളുകൾ 39 റിയാൽ മുതൽ ലഭ്യമാണ്. വിവിധ വലുപ്പത്തിലും ആഴത്തിലുമൊക്കെയുള്ളയും മാർക്കറ്റിലുണ്ട്. സ്വദേശികളാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്.
പാർക്കുകൾ തുറക്കുന്നതോടെ പ്രശ്നങ്ങൾ കുറെയേറെ പരിഹരിക്കാൻ കഴിയുമെന്നാണ് രക്ഷിതാക്കൾ കരുതുന്നത്.നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച് പാർക്കുകൾ തുറക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തിനൊപ്പം മുതിർന്നവരുടെ ശാരീരികാരോഗ്യത്തിനും ഏറെ ഗുണകരമാവുമെന്നും രക്ഷിതാക്കൾ പറയുന്നു.എന്നാൽ, നിലവിലെ അവസ്ഥയിൽ പാർക്കുകൾ തുറക്കുന്നത് കോവിഡ് പടരാൻ കാരണമാക്കുമെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
നീണ്ട ഇടവേളക്കുശേഷം പാർക്കുകൾ തുറന്നാൽ ഒരു നിയന്ത്രണവും പാലിക്കാതെ കുട്ടികളും മുതിർന്നവരും ഒഴുകിയെത്താനിടയുണ്ട്. അതിനാൽ ഏറെ കരുത േലാടെയാണ് അധികൃതർ ഇൗ വിഷയത്തിൽ തീരുമാനമെടുക്കുക.ഏതായാലും വൈകാതെ പാർക്കുകൾ തുറക്കുന്നതടക്കം കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകാനിടയുണ്ടെന്ന് ചൂണ്ടക്കോണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.