താമസ കെട്ടിടങ്ങളുടെ പാര്‍ക്കിങ് ഷെഡുകൾ; മാനദണ്ഡങ്ങൾ ഓർമിപ്പിച്ച് വീണ്ടും മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: താമസ കെട്ടിടങ്ങളുടെ കോമ്പൗണ്ടിനു പുറത്ത് പാര്‍ക്കിങ് ഷെഡുകള്‍ നിര്‍മിക്കുന്നവര്‍ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമപ്പെടുത്തി വീണ്ടും മസ്കത്ത് മുനിസിപ്പാലിറ്റി. അനുമതിയില്ലാതെ പാര്‍പ്പിട കെട്ടിടങ്ങളുടെ വളപ്പിനു പുറത്ത് പാര്‍ക്കിങ് ഷെഡുകള്‍ നിർമിക്കരുത്. ആവശ്യകത അനുസരിച്ച് മാത്രമേ ലൈസന്‍സ് ലഭിച്ചവര്‍ തന്നെ വാഹന ഷെഡുകള്‍ നിര്‍മിക്കാവൂ.
ഷെഡുകളുടെ മൂലകളും സ്ട്രീറ്റും തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത ദൂരമുണ്ടാകണം. ലംബമായി വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തൂണ് മുതല്‍ മേലാപ്പിന്റെ ഒഴിച്ചിട്ട ഭാഗത്തിന്റെ അറ്റം വരെയുള്ള മേല്‍ക്കൂരയുടെ നീളം അഞ്ച് മീറ്ററില്‍ കവിയരുത്.
പ്ലോട്ടിന്റെ അതിര്‍ത്തിക്കുള്ളില്‍ തന്നെയായിരിക്കണം മേലാപ്പിന്റെ തൂണുകള്‍. പുറത്താണെങ്കില്‍ മതിലിന്റെ വശത്തുനിന്നുമായിരിക്കണം. അര മീറ്ററിനേക്കാള്‍ ദൂരത്താകരുത്. മേല്‍ക്കൂര തെരുവിലേക്ക് നീളുന്നുവെങ്കില്‍ തൂണുകളില്ലാതെ തൂക്കിയിടണം.
മേലാപ്പിന്റെ ഉയരം 2.4 മീറ്ററില്‍ കവിയരുത്. പാര്‍ക്കിങ് ഫ്ലോര്‍ മുതല്‍ മേലാപ്പ് മേല്‍ക്കൂരയുടെ ഉള്ളിലെ ഏറ്റവും താഴ്ന്ന ഭാഗം വരെയുള്ള അളവ് പ്രകാരമാണ് ഇത് കണക്കാക്കുക. പാര്‍ക്കിങ് ഫ്ലോര്‍ മുതല്‍ മേലാപ്പിന്റെ മേല്‍ക്കൂരയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം വരെ മൂന്ന് മീറ്റര്‍ ഉയരമാകാം. തൂണിന്റെ ഉയരം മൂന്ന് മീറ്ററില്‍ കവിയരുത്.
മേല്‍ക്കൂരയായി ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തീന്‍ ഫാബ്രിക്കോ സമാന ഇനങ്ങളോ ഉപയോഗിക്കണം. വെള്ളയോ ഇളം നിറങ്ങളോ ഇളം ചാരനിറമോ ആകണം. ത്രിമാന ഡിസൈന്‍ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചാല്‍ മരത്തിന്റെയോ മരത്തിന്റെ രൂപം നല്കുന്ന മറ്റ് വസ്തുക്കളോ ഉപയോഗിച്ചുള്ള മേലാപ്പുകള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് നല്‍കും.
പാര്‍ക്കിങ് ഷെഡുകളുടെ വീതി ആറു മീറ്ററില്‍ കൂടരുത്. തൂണുകളിലും എടുപ്പിലും തുരുമ്പ് പിടിക്കാത്ത പെയിന്റ് അടിക്കണം. ഷെഡ് തുണിയുടെയും മതിലിന്റെയും നിറവുമായി യോജിച്ചതാകണം. ഷെഡ് നിര്‍മിക്കാന്‍ കുഴിക്കല്‍ പ്രവൃത്തി ആവശ്യമാണെങ്കില്‍ യന്ത്രം ഉപയോഗിക്കാതെ മനുഷ്യരെ ഉപയോഗിച്ച് നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.