ക്രൂസ് യാത്രക്ക് വിമാനത്തിൽ സഞ്ചാരികളെത്തുന്നു
text_fieldsമസ്കത്ത്: വിവിധ തുറമുഖങ്ങളിൽ ഒരുക്കിയ നിരവധി സൗകര്യങ്ങളും വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ കപ്പൽ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സന്ദർശന കേന്ദ്രമാക്കി ഒമാനെ മാറ്റുന്നു. ഇതോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയും നിരവധി പേർ ഇത്തരം അഡംബര കപ്പൽ യാത്രകളിൽ പങ്കാളികളായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 800 മുതൽ 900 വരെ യാത്രക്കാരാണ് മസ്കത്ത് വിമാനത്താവളം വഴി ഒമാനിലെത്തി മാറെല്ലാ ഡിസ്കവറി എന്ന ആഡംബര കപ്പലിൽ ഉല്ലാസയാത്ര നടത്തിയത്. ഗാഡ്വിക്, മാഞ്ചസ്റ്റർ, ബമിങ്ഹാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു യാത്രക്കാർ. അതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ 200 മുതൽ 300 വരെ യാത്രക്കാർ കപ്പൽ ഉല്ലാസയാത്ര കഴിഞ്ഞ് മസ്കത്ത് വിമാനത്താവളം വഴി യു.കെയിലേക്ക് തിരിച്ചുപോകുകയും ചെയ്തു. കോവിഡ് കാലത്തിന് ശേഷം ഈ രീതിയിൽ മസ്കത്ത് വിമാനത്താവളം വഴി എത്തുന്ന സഞ്ചാരികളുടെ മൂന്നാമത്തെ കപ്പലാണിത്. കോവിഡിന് മുമ്പ് 2018- 19 സീസണിലും 2019- 20 ഈ വിഭാഗത്തിൽപെട്ട സേവനമുള്ള കപ്പലുകൾ ഒമാൻ തീരത്തെത്തിയിരുനനു.
ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം ഈ മേഖലയിലെ അന്താരാഷ്ട്ര കമ്പനിയുമായി ബന്ധപ്പെട്ട് വിമാനത്തിന്റെയും കപ്പലുകളുടെയും അനുഭവം പങ്കുവെക്കുന്ന ഇത്തരം സർവിസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അടുത്ത വർഷം ഏപ്രിലിലും ഇതേ രീതിയിലുള്ള സർവിസ് മാറെല്ല ഡിസ്കവറി നടത്തും.
വിമാനത്താവളത്തിനും തുറമുഖത്തിനും ഇടയിലുള്ള ഇത്തരം വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കാൻ മന്ത്രാലയം റോയൽ ഒമാൻ പൊലീസ്, അസ്യാദ് തുറമുഖം, മസ്കത്ത് അന്താരാഷ്ട വിമാനത്താവളം തുടങ്ങിയവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതനുസരിച്ച് ഒമാനിലെത്തുന്ന ആഡംബര കപ്പൽ യാത്രക്കാരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ വർഷം സെപ്റ്റംബർ വരെ 1,76,132 യാത്രക്കാരാണ് ആഡംബര കപ്പൽ വഴി ഒമാനിൽ എത്തിയത്.
ഈ വർഷം അവസാനത്തോടെ 240,000 യാത്രക്കാർ ആഡംബര കപ്പൽ വഴി ഒമാൻ സന്ദർശിക്കും. ഈ സീസണിൽ 183 ആഡംബര കപ്പലുകളാണ് എത്തുക. ഒമാൻ ആഡംബര കപ്പലുകൾ ടൂറിസം മേഖലക്ക് വലിയ സംഭാവനകൾ നൽകുന്നുണ്ട്. അതിനാൽ ഈ മേഖലക്ക് വലിയ പ്രാധാന്യമാണ് ഒമാൻ അധികൃതർ നൽകുന്നത്. മത്ര തുറമുഖത്തെ വൻ സൗകര്യങ്ങളും ശാന്തമായ അന്തരീക്ഷവും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
വർഷം തോറും ഒമാനിലെത്തുന്ന വിനോദ സഞ്ചാര കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് മത്ര തുറമുഖം ചരക്ക് തുറമുഖം ആയിരുന്നു. അക്കാലത്ത് ഏറ്റവും വലിയ തുറമുഖവും മത്ര തന്നെയായിരുന്നു. ഒമാനിലുള്ള ചരക്കുകൾ മുഴുവൻ മത്രയിലാണ് എത്തിയിരുന്നത്. ഇതിനിടയിൽ വിനോദ സഞ്ചാര കപ്പലുകളും എത്തിയിരുന്നു.
എന്നാൽ, സുഹാർ തുറമുഖ നിർമാണം പൂർത്തിയായതോടെ ചരക്ക് ഗാതാഗതം അവിടേക്ക് മാറ്റുകയും മത്ര വിനോദ സഞ്ചാരികൾക്ക് മാത്രമായി നീക്കിവെക്കുകയുമായിരുന്നു. ഇതോടെ കൂടുതൽ കപ്പലുകൾക്ക് മത്ര തുറമുഖത്ത് നങ്കൂരമിടാൻ സൗകര്യമുണ്ടായി. അതിന് ശേഷമാണ് മത്ര തുറമുഖത്തേക്ക് ആഡംബര കപ്പലുകളുടെ വരവ് വർധിച്ചത്. ഇപ്പോൾ ക്രൂസ് കപ്പലുകളുടെ ഇഷ്ട കേന്ദ്രമായി മത്ര തുറമുഖം മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.