പയ്യന്നൂർ ഫെസ്റ്റ് അരങ്ങേറി
text_fieldsമസ്കത്ത്: പയ്യന്നൂർ സൗഹൃദവേദി മസ് കത്ത് സംഘടിപ്പിച്ച പയ്യന്നൂർ ഫെസ്റ്റ് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറി. സൺറൈസ് ഇവന്റിന്റെ ബാനറിൽ നടന്ന പരിപാടിയിൽ ആടുജീവിതം സിനിമയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഒമാനി കലാകാരൻ ഡോ. താലിബ് അൽബലൂഷി മുഖ്യാതിഥിയായി. സന്തോഷ് കീഴാറ്റൂർ സംവിധാനം നിർവഹിച്ച് മസ്കത്തിലെ കലാകാരന്മാരും കലാകാരികളും മികച്ച അഭിനയം കാഴ്ചവെച്ച ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന നാടകമായിരുന്നു പയ്യന്നൂർ ഫെസ്റ്റിന്റെ മുഖ്യ ആകർഷണം.
ജീവിതം എന്നത് ജാതിക്കും മതത്തിനുമപ്പുറം മറ്റു പലതുമാണെന്ന് ശക്തമായ ഭാഷയിൽ പറയാൻ ഈ നാടകത്തിന് കഴിഞ്ഞു. അടിച്ചമർത്തപ്പെടേണ്ടവരല്ല, ഉയർത്തെഴുന്നേറ്റ് വരേണ്ടവരാണ് സ്ത്രീകളെന്ന് അടിവരയിട്ട് പറയുന്നതായിരുന്നു നാടകം. മികച്ച ദൃശ്യഭംഗിയിൽ അവതരിപ്പിച്ച പച്ചയായ ജീവിതം പറയുന്ന ഈ നാടകം നിറഞ്ഞ കൈയടികളോടെയാണ് മസ്കത്തിലെ നാടകപ്രേമികൾ സ്വീകരിച്ചത്.
പയ്യന്നൂർ സൗഹൃദവേദിയിലെ കുട്ടികളും വനിതാവിഭാഗവും അവതരിപ്പിച്ച മനോഹരങ്ങളായ നൃത്തങ്ങൾ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ഈ ഫെസ്റ്റിന്റെ വിജയത്തിന് സഹായിച്ച എല്ലാവരോടും പയ്യന്നൂർ സൗഹൃദവേദിയുടെ നന്ദിയും സ്നേഹവും അറിയിക്കുകയാണെന്ന് പ്രസിഡന്റ് രവീന്ദ്രനാഥ് കൈപ്രത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.