മോട്ടോർ ബൈക്ക് പരിശീലന സ്ഥാപനങ്ങൾക്ക് അനുമതി
text_fieldsമസ്കത്ത്: ഒമാനിൽ മോട്ടോർ സൈക്കിൾ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുമെന്ന് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ ബിൻ മുഹ്സഇൽ അൽ ഷറൈഖി. ഇത് സംബന്ധമായി നിലവിലുള്ള നിയമം പരിഷ്കരിച്ചതായും മോട്ടോർ സൈക്കിൾ സ്ഥാപനങ്ങൾക്കുള്ള മാർഗ നിർദേശങ്ങൾ ഗതാഗത നിയമത്തിൽ എഴുതിച്ചേർത്തതായും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് മാത്രമാണ് പരിശീലന സ്ഥാപനങ്ങൾ നടത്താൻ അംഗീകാരം. അപേക്ഷകർ നല്ല സ്വഭാവ ഗുണമുള്ളവരും കുറ്റകൃത്യ പാശ്ചാത്തലമില്ലാത്തവരുമാവണം. 2500 ചതുരശ്ര മീറ്ററിൽ കുറയാത്ത പരിശീലന സ്ഥലം അപേക്ഷകർക്കുണ്ടാവണം. കെട്ടിടത്തിന് ബന്ധപ്പെട്ട അധികൃതർ നൽകിയ അംഗീകാര പത്രത്തിന്റെ കോപ്പി അപേക്ഷക്കൊപ്പം സമർപ്പിക്കണം.
150 സി.സിക്കും 250 സീ.സിക്കും ഇടയിലുള്ള ബൈക്കുകൾക്ക് മാത്രമാണ് ലൈസൻസ് ലഭിക്കുക. ഡ്രൈവിങ് പഠിക്കാനെത്തുന്നവർക്ക് പരിശീലനവും ബോധവത്കരണവും നടത്താൻ പറ്റിയ ഹാളും സ്ഥാപനത്തിനുണ്ടാവണം. മോട്ടോർ സൈക്കിളുകൾ പഠിക്കുന്നവർക്കായി ഗതാഗത സുരക്ഷാ പാഠ്യ പദ്ധതി തയാറാക്കണം. അതോടൊപ്പം മോട്ടോർ സൈക്കിൾ പരിശീലിക്കുന്നവർക്ക് സ്വദേശിയായ പരിശീലകനെ നിയമിക്കണം.
പരിശീലനത്തിലെത്തുന്നവരുമായി പ്രത്യേക കരാറുകൾ ഉണ്ടാക്കണം. പരിശീലനം പൂർത്തിയായശേഷം അപേക്ഷകർക്ക് സ്ഥാപനങ്ങൾ ലൈസൻസ് നൽകണം. പരിശീലനത്തിന് ഉപയോഗിക്കുന്ന ബൈക്കുകൾക്ക് പ്രത്യേക വാഹന നമ്പറുകൾ നൽകണം. ബൈക്കുകൾ പരിശീലന ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം. ഡ്രൈവിങ് പരിശീലിക്കുന്നവരും പരിശീലിപ്പിക്കുന്നവരും പരസ്പരം ബന്ധപ്പെടാൻ ബൈക്ക് ഓടിക്കുന്നവർക്ക് ബൂടൂത്ത് ഘടിപ്പിച്ച ഹെൽമറ്റുകൾ നൽകണം. സ്ഥാപനം പരിശീലനത്തിനെത്തുന്നവർക്ക് പ്രഥമ ചികിത്സ പരിശീലനം നൽകണം. അഞ്ച് വർഷത്തേക്കാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക.
പരിശീലനം നേടുന്നവർക്ക് മൂന്ന് വർഷക്കാലത്തേക്കാണ്ആദ്യം ലൈസൻസ് നൽകുക. പരിശീലനത്തിനെത്തുന്നവർക്ക് നല്ല ആരോഗ്യ സ്ഥിതിയുണ്ടായിരിക്കുകയും കമ്പ്യൂട്ടർ ഉപയോഗം അറിയുകയും വേണം. ബൈക്ക് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഹെൽമറ്റ്, ഗ്ലൗസ്, ബൈസിക്കിൾ ഷൂ എന്നിവ ധരിക്കണം. പ്രത്യേക ആവശ്യങ്ങൾക്കായുള്ള സിഗ്നൽ ബോർഡുകൾ പ്രതിഫലനമുണ്ടാവുന്ന സ്റ്റിക്കറുകളിലാണ് പതിക്കേണ്ടത്. എന്നാൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ലൈസൻസ് നൽകില്ല. ലൈസൻസിലാത്ത ബൈക്കുകൾ പരിശീലനത്തിന് ഉപയോഗിക്കരുത്.
അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളും പരിശീലനത്തിന് ഉപയോഗിക്കരുത്. രാത്രി 10 നും കാലത്ത് ആറിനും ഇടയിൽ പരിശീലനം പാടില്ല. ഇടുങ്ങിയ റോഡുകളിലും ജനബാഹുല്യം കുടിയ റോഡുകളിലും പരിശീലനം നടത്താൻ പാടില്ല. ലൈസൻസിന്റെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകളും അധികൃതർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.