ഈത്തപ്പനകളിലെ കീടവ്യാപനം; തെക്കൻ ശർഖിയയിൽ മരുന്ന് തളിക്കാൻ ഡ്രോൺ
text_fieldsമസ്കത്ത്: ഈത്തപ്പനകളിലെ കീടങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് തളിക്കുന്ന കാമ്പയിനുമായി തെക്കൻ ശർഖിയ ഗവർണറേറ്റ്. ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചറൽ വെൽത്ത്, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ഗവർണറേറ്റിലെ ഈത്തപ്പന കൃഷി മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായ കീടബാധ മൂലമുണ്ടാകുന്ന നാശത്തിൽനിന്ന് മരങ്ങളെ സംരക്ഷിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കീട നിയന്ത്രണ പരിപാടി നവംബർ 10 വരെ തുടരും.
ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ 1,200 ഏക്കറിലധികം സ്ഥലത്താണ് മരുന്ന് തളിക്കുന്നത്. മരുന്ന് തളിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ പ്രയോജനം നേടാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഗവർണറേറ്റിലെ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ഡയറക്ടർ ഖാലിദ് അൽ ഹദ്രമി പറഞ്ഞു.
കൃത്യതയും കവറേജ് വേഗതയുടെയും അടിസ്ഥാനത്തിൽ സ്പ്രേയിങ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഡ്രോണുകളുടെ ഉപയോഗം സഹായിക്കുന്നു. ഇത് രാസവസ്തുക്കളുടെ ഉപയോഗം കുറക്കുകയും പാരിസ്ഥിതിക സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അൽ ഹദ്രമി വിശദീകരിച്ചു.
ഈ പ്രാണിയുടെ രൂക്ഷമായ ആക്രമണം നേരിടുന്ന ഗ്രാമങ്ങളെയാണ് പ്രചാരണം ലക്ഷ്യമിടുന്നത്. കാർഷിക ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ജഅലാൻ ബാനി ബു അലി, ജലാൻ ബാനി ബു ഹസൻ, അൽ കാമിൽ വൽ വാഫി, സുർ എന്നിവയാണ് കാമ്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിലായത്തുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും അതിന്റെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ.
കാർഷിക ഉൽപാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കീടങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള കാർഷിക, മത്സ്യബന്ധനം, ജലവിഭവങ്ങൾ എന്നിവയുടെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയാണ് ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
പ്രാണികളുടെ വ്യാപനത്തിനെതിരെ കീടനാശിനി തളിക്കാൻ മസ്കത്ത് ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒ.ക്യൂവിന്റെ സഹകരണത്തോടെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം 2023 ജനുവരിയിൽ ഡ്രോൺ ഉപയോഗിച്ചിരുന്നു.
1980കളുടെ മധ്യത്തോടെ തന്നെ, ഒമാനിലും ഗൾഫ് മേഖലയിലും ഈത്തപ്പനകൾക്ക് ഇത്തരത്തിലുള്ള പ്രാണികളും പുഴുക്കളും നാശംവരുത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സവിശേഷമായ കാർഷിക കാലാവസ്ഥയും വിളയുടെ സ്വഭാവവും മറ്റുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ കീടങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിലേക്ക് നയിച്ചു.
കാർഷിക കീടങ്ങളെ നേരത്തേ കണ്ടെത്തുന്നതിന് മികച്ച കീടനാശിനി തളിക്കൽ സാങ്കേതിക വിദ്യകളും ഏരിയൽ സർവേകളും വികസിപ്പിക്കാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
കീടങ്ങളുടെ ആക്രമണം തടയുന്നതിനായി 2022ന്റെ ആദ്യ പകുതിയിൽതന്നെ മന്ത്രാലയം സമഗ്രമായ പദ്ധതികളും നടപ്പാക്കിയിരുന്നു. ഒമാനിലുടനീളം കീടബാധയുള്ള ഈന്തപ്പനകളുടെ എണ്ണത്തിൽ 16.4 ശതമാനം വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കന്നത്.
2022ൽ 22,444 മരങ്ങളാണ് കീട ബാധയേറ്റത്. അതിന് മുമ്പത്തെ വർഷം 19,278 മരങ്ങളിലായിരുന്നു ബാധിച്ചിരുന്നത്. എന്നാൽ, ഫീൽഡ് ടീമുകളുടെയും മന്ത്രാലയത്തിലെ വിദഗ്ധരുടെയും ശ്രമങ്ങളുടെ ഭാഗമായി 2022ൽ 18,213 ഈത്തപ്പനകൾക്ക് മികച്ച പരിചരണങ്ങൾ നൽകാൻ സാധിച്ചു. രോഗം ബാധിച്ച് 4,231 ഈത്തപ്പനകൾ വെട്ടിമാറ്റുകയും ചെയ്തു.
2021ൽ 3,341 ഈത്തപ്പനകളായിരുന്നു നീക്കിയത്. ഫീൽഡ് ടീമുകൾ 2022ൽ 3,867 ട്രാപ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ച് 50,312 ചുവന്ന ഈത്തപ്പന കീടങ്ങളെയാണ് കെണിയിൽപ്പെടുത്തിയത്. 2021ൽ ഇത് 42,915 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.