ഇറാന്‍–ഇന്ത്യ വാതക പൈപ്പ്ലൈന്‍: നടപടികള്‍ക്ക് വേഗമേറി
text_fieldsമസ്കത്ത്: ഇറാനില്‍നിന്ന് ഒമാന്‍ വഴി ഇന്ത്യയിലേക്ക് സമുദ്രാന്തര വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗമേറിയതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായ സൗത് ഏഷ്യ ഗ്യാസ് എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (സേജ്) വക്താവിനെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തെക്കന്‍ ഇറാനില്‍നിന്ന് കിഴക്കന്‍ ഒമാനിലെ റാസ് അല്‍ ജിഫാനിലാണ് പൈപ്പ്ലൈന്‍ എത്തുക.
അവിടെനിന്ന് സമുദ്രത്തിനടിയിലൂടെ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെ നീളുന്നതാണ് പദ്ധതി. ഒമാനില്‍നിന്ന് ഗുജറാത്ത് വരെ 1,400 കിലോമീറ്റര്‍ പൈപ്പ്ലൈനാണ് സ്ഥാപിക്കുക. 3450 മീറ്റര്‍ ആഴത്തിലാണു പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
സമുദ്രത്തിലൂടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ മാത്രം രണ്ടുവര്‍ഷം വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. പദ്ധതി സമീപഭാവിയില്‍തന്നെ യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്ന് സേജ് പ്രോജക്ട് ഡയറക്ടര്‍ ഇയാന്‍ നാഷ് പറഞ്ഞു. നാലര ശതകോടി ഡോളറാണ് പദ്ധതിക്ക് ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നത്. ആണവ വിഷയത്തില്‍ ഇറാനെതിരെ വന്‍ശക്തി രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരുന്ന ഉപരോധം നീക്കിയതോടെയാണ് പൈപ്പ്ലൈന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വേഗമേറിയത്. ഒമാന്‍വഴിയാകുന്നതോടെ പാകിസ്താനെ പൈപ്പ്ലൈനിന്‍െറ പാതയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയും.
റഷ്യക്കുപിന്നില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാതകശേഖരമാണ് ഇറാനിലുള്ളത്. പക്ഷേ, ഇതില്‍ ഏറിയ പങ്കും വികസിപ്പിച്ചെടുക്കാന്‍ ഇറാനായിട്ടില്ല. ആണവ വിഷയത്തിലെ വന്‍ശക്തി രാഷ്ട്രങ്ങളുടെ ഉപരോധം നീക്കിയതോടെയാണ് ഈ മേഖലയുടെ വികസനത്തിന് നടപടികള്‍ ആരംഭിച്ചത്.
നേരത്തേ, പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനായിരുന്നു ആലോചനകള്‍. എന്നാല്‍, പാകിസ്താന്‍ പദ്ധതിയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ബദല്‍മാര്‍ഗം നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇറാനും ഒമാനും തമ്മില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി സ്ഥാപിക്കുന്നത് സംബന്ധിച്ച് നേരത്തേ ധാരണയായിരുന്നു. പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം 25 വര്‍ഷത്തേക്ക് ഒമാനില്‍ എത്തിക്കുന്നതിനാണ് പദ്ധതി. 60 ശതകോടി ഡോളറിന്‍െറ കരാര്‍ പ്രകാരം ഈ വാതകം എല്‍.എന്‍.ജി ആയി മാറ്റുകയും ചെയ്യും. ഇറാന്‍ -ഒമാന്‍ പൈപ്പ്ലൈനിന്‍െറ രൂപരേഖ അടുത്തിടെ മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.