ഒമാനിലെ പുരാതന നഗരം ഖൽഹാത്താൻ പുരാവസ്തു പാർക്കായി മാറ്റാൻ പദ്ധതി
text_fieldsമസ്കത്ത്: ഒമാനിലെ പുരാതന നഗരമായ ഖൽഹാത്തിനെ പുരാവസ്തു പാർക്ക് ആക്കി മാറ്റാൻ പദ്ധതി. വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമാക്കി ഖൽഹാത്തിനെ മാറ്റാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പൈതൃക ടൂറിസം മന്ത്രാലയത്തിലെ വേൾഡ് ഹെറിറ്റേജ് സൈറ്റ്സ് വിഭാഗം മേധാവി സുൽത്താൻ ബിൻ അലി അൽ മുഖ്ബാലി പറഞ്ഞു.
മധ്യകാലഘട്ടത്തിലെ പ്രധാന തുറമുഖ നഗരമായിരുന്നു ഖൽഹാത്ത്. 11 മുതൽ 15 നൂറ്റാണ്ട് വരെയുള്ള ഒമാെൻറ ചരിത്രത്തിൽ ഖൽഹാത്തിന് വിസ്മരിക്കാൻ കഴിയാത്ത പങ്കാളിത്തമാണ് ഉള്ളത്. ഇൗ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് യുനെസ്കോ ലോക പൈതൃക സ്ഥാനപട്ടികയിൽ ഖൽഹാത്തിനെ ഉൾപ്പെടുത്തിയത്. 2018 ജൂൺ അവസാനം ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഖൽഹാത്തിനെ പട്ടികയിൽ ഉൾപ്പെടുത്തിയുള്ള പ്രഖ്യാപനമുണ്ടായത്.
തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഷാബിനും സൂറിനുമിടയിലുള്ള 35 ഹെക്ടർ സ്ഥലത്താണ് ഖൽഹാത്തെന്ന പുരാതന നഗരത്തിെൻറ അവശിഷ്ടങ്ങളുള്ളത്. ബീബി മറിയം പള്ളി എന്നറിയപ്പെടുന്ന നിർമിതി മാത്രമാണ് അവശേഷിക്കുന്നത്. ചരക്ക് ഗതാഗതത്തിനും മത്സ്യബന്ധനത്തിനുമുപയോഗിച്ചിരുന്ന തുറമുഖത്ത് ദോഫാറിൽ നിന്നുള്ള കപ്പലുകൾക്ക് പുറമെ യമനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കപ്പലുകളും വ്യാപാരികളും എത്തിയിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ഹോർമൂസ് രാജാവിെൻറ ഭരണത്തിൻ കീഴിലായിരുന്നു അന്ന് ഖൽഹാത്ത്. 13ാം നൂറ്റാണ്ടിലെ രാജാവായിരുന്ന ബഹാവുദ്ദീൻ ആയാസാണ് ഭാര്യ ബീബി മറിയമിെൻറ ശവകുടീരം നിർമിച്ചതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. ബീബി മറിയം തന്നെ നിർമിച്ച പള്ളിയാണ് ഇതെന്ന വാദവുമുണ്ട്. ഭൂകമ്പങ്ങളും 1508ൽ പോർച്ചുഗീസ് സേനാ തലവൻ അൽഫോൺസോ ഡി ആൽബുക്കർക്കിെൻറ ആക്രമണവുമാണ് നഗരത്തിെൻറ നാശത്തിന് കാരണമായത്. കാലക്രമേണ ഖൽഹാത്ത് ഉപേക്ഷിക്കപ്പെട്ട നഗരമായി മാറുകയായിരുന്നു. അറേബ്യൻ കുതിരകളുടെയും ചൈനീസ് പോർസെലിൻ ഉൾപ്പെടെ വസ്തുക്കളുടെയും പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ഖൽഹാത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.