വിമാനം തിരിച്ചിറക്കിയ സംഭവം; യാത്ര മുടങ്ങിയവർ ഒടുവിൽ നാടണഞ്ഞു
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർ ഒടുവിൽ നാടണഞ്ഞു. മസ്കത്തിൽനിന്നുള്ള എയർ ഇന്ത്യയുടെ വിവിധ വിമാനങ്ങളിലാണ് ഇവരെ നാട്ടിലേക്കെത്തിച്ചത്. ഞായറാഴ്ച രാവിലെ 10.45ന് തിരുവനന്തപുരം വിമാനത്തിൽ പോയവർ ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു എത്തിയത്.
ഒന്നര ദിവസത്തിലേറെയുള്ള ദുരിതപർവം താണ്ടി നാടണഞ്ഞ ആശ്വാസത്തിലാണ് യാത്രക്കാർ. വിസ കാലാവധി കഴിഞ്ഞ യാത്രക്കാർക്ക് എയർപോർട്ടിനുള്ളിൽതന്നെയുള്ള ഹോട്ടലിലായിരുന്നു താമസസൗകര്യവും ഭക്ഷണവുമൊരുക്കിയിരുന്നത്.
മറ്റുള്ളവർക്ക് അൽഖുവൈറിലുമായിരുന്നു സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഹോട്ടലിലേക്ക് എത്തിക്കാനും തിരിച്ച് എയർപോർട്ടിൽ കൊണ്ടുപോകാനും എയർ ഇന്ത്യ അധികൃതർ വാഹനസൗകര്യം ഒരുക്കിയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. 15 പേരെ ശനിയാഴ്ച രാത്രി കണ്ണൂർ വിമാനത്തിൽ അയച്ചിരുന്നു.
ശനിയാഴ്ച മസ്കത്തിൽനിന്ന് പറന്നുയർന്ന് 45 മിനിറ്റിനുശേഷമാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം തിരിച്ചിറക്കിയത്. ഇതോടെ അടിയന്തര ആവശ്യത്തിന് നാട്ടിൽ പോവേണ്ട കരുനാഗപള്ളി എം.എൽ.എ സി.ആർ. മഹേഷടക്കം നിരവധി യാത്രക്കാർ ദുരിതത്തിലായി. ഫയർഫോഴ്സ്, സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു.
സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഒമാനി കുടുംബമടക്കം 165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്ര മുടങ്ങിയതോടെ പ്രതിഷേധവുമായി ആളുകൾ എത്തിയിരുന്നു. ഇവരെ പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഭക്ഷണവും മറ്റും നൽകി അടുത്തുള്ള ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.
അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ട ചാത്തന്നൂർ സ്വദേശി, നാട്ടിൽ ഐ.സി.യുവിൽ കിടക്കുന്ന പിതാവിനെ കാണാൻ നാട്ടിൽ പോവുന്ന തിരുവനന്തപുരം സ്വദേശി ആന്റോ, എം.ബി.ബി.എസ് അഡ്മിഷനുവേണ്ടി അടിയന്തരമായി നാട്ടിൽ റിപ്പോർട്ട് ചെയ്യേണ്ട വിദ്യാർഥി തുടങ്ങി നിരവധി പേരായിരുന്നു യാത്രമുടങ്ങിയതോടെ ദുരതത്തിലായത്. കഴിഞ്ഞ മാസം എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിലേക്കുള്ള വിമാനത്തിന് മസ്കത്ത് വിമാനത്താവളത്തിൽ തീപിടിച്ചിരുന്നു. ഇതുസംബന്ധമായ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.