‘ഫിലിം സിറ്റി’ സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു
text_fieldsമസ്കത്ത്: ഒമാനിൽ ‘ഫിലിം സിറ്റി’ സ്ഥാപിക്കാൻ പദ്ധതികളുമായി കായിക, സാംസ്കാരിക, യുവജന മന്ത്രാലയം. 12 ദശലക്ഷം റിയാൽ നിക്ഷേപത്തിലാണ് പദ്ധതി ഒരുക്കുക. മാർച്ചിൽ നടന്ന ക്രിയേറ്റീവ്, കൾച്ചറൽ വർക്ക്ഷോപ്പുകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഫിലിം സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പദ്ധതി ഒമാനികൾക്ക് 100 ലധികം തൊഴിലവസരങ്ങൾ നൽകുമെന്നും സിനിമകൾ നിർമിക്കാനും കയറ്റുമതി ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നെതെന്ന് ഒമാൻ വിഷൻ 2040 ഫോളോ-അപ്പ് യൂണിറ്റിൽ നിന്നുള്ള മന്ത്രാലയ പ്രതിനിധി നാദിർ അൽ റവാഹി പറഞ്ഞു.
വർക്ക്ഷോപ്പിന്റെ അടിസ്ഥാനത്തിൽ 15.4 ദശലക്ഷം റിയാലിന്റെ മൂന്ന് പദ്ധതികളായിരുന്നു ഒരുക്കിയത്. ഇതിലൊന്നാണ് ഫിലിം സിറ്റി. ഒമാനി ക്രിയേറ്റേഴ്സിനെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇബ്ദാ പാർക്ക് അഥവാ ക്രിയേറ്റിവിറ്റി പാർക്കാണ് മറ്റൊന്ന് . 2.2 ദശലക്ഷം റിയാലിലാണ് ഇതൊരുക്കുക. ടൂറിസം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന 1.1 ദശലക്ഷം റിയാലിന്റെ “യാജ്” പദ്ധതിയാണ് മറ്റൊന്ന്. ഇറ്റാലിയൻ സ്ഥാപനവുമായി സഹകരിച്ചാണ് ഇവ ഒരുക്കുകയെന്നും അധികൃതർ അറിയിച്ചു. ഇതിനുപുറമെ 19 ദശലക്ഷം റിയാൽ നിക്ഷേപ മൂല്യമുള്ള എട്ട് റെഡി-ടു-ലോഞ്ച് പ്രോജക്ടുകൾ വർക്ക്ഷോപ്പുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പങ്കുവെച്ചു.
ഇതിന്റെ വിശദാംശങ്ങളും അവനടപ്പിലാക്കുന്നതിനുള്ള സ്ഥലങ്ങളും ഉടൻ പുറത്തുവിടുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സർഗാത്മക വ്യവസായങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുകയെന്നതാണ് ഈ സംരംഭത്തിനു പിന്നിലെ പ്രാഥമിക ലക്ഷ്യമെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് എക്സ്പോർട്ട് ഡെവലപ്മെന്റ് ഡെപ്യൂട്ടി ഹെഡ് എൻജിനീയർ ഐഷ ബിൻത് മുഹമ്മദ് അൽ സൈഫി ഒമാൻ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വലിയ തോതിലുള്ള പ്രോജക്ടുകളും ഈ മേഖലക്കുള്ളിൽ നിക്ഷേപ അവസരങ്ങളും വികസിപ്പിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഈ വർഷം ആദ്യം, കായിക, സാംസ്കാരിക, യുവജന മന്ത്രാലയം ഒമാനിലെ ക്രിയേറ്റീവ് വ്യവസായങ്ങളുടെ നിലവിലെ സ്ഥിതി വിശദീകരിക്കുന്ന ഒരു റോഡ്മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.