വൈദ്യുതി വിതരണം: മത്രയിൽ ഭൂഗർഭ കേബ്ൾ ജോലികള്‍ പൂര്‍ത്തിയായി
text_fieldsമത്ര: വൈദ്യുതി വിതരണത്തിനായുള്ള മത്ര സൂഖിലെയും സമീപ പ്രദേശങ്ങളിലെയും ഭൂമിക്കടിയിലൂടെയുള്ള കേബ്ൾ ജോലികള്‍ പൂര്‍ത്തിയായി. ഇതോടെ മഴവെള്ളത്താൽ പെെട്ടന്ന് വാദി രൂപപ്പെട്ടാലോ ചൂടുകാലങ്ങളില്‍ അമിതമായി എ.സി പ്രവര്‍ത്തിക്കുന്നതുമൂലമുള്ള ഓവർലോഡ് കാരണമോ ഇനി വൈദ്യുതി മുടങ്ങില്ല. സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍തന്നെ എളുപ്പത്തിൽ പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനും സാധിക്കും. ഏരിയ തിരിച്ച് ഏഴോളം കമ്പനികള്‍ സംയുക്തമായാണ് പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്.
എട്ടുമാസംകൊണ്ടാണ് ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കാനായതെന്ന് മലയാളി സൂപ്പര്‍വൈസര്‍ കൊല്ലം സ്വദേശി അനുമോദ് പറഞ്ഞു. 2019 ആഗസ്റ്റിലാണ് ജോലിയുടെ ഭാഗമായുള്ള സർവേ ആരംഭിച്ചത്. 2020 ആഗസ്റ്റില്‍ ഭൂഗർഭ കേബിൾ പണികള്‍ തുടങ്ങി. ലോക്ഡൗണ്‍ കാരണം ആറുമാസം ജോലികള്‍ ഭാഗികമായി മുടങ്ങിയത് നിർമാണം അല്‍പ്പം വൈകാനിടയാക്കി.
ഇടുങ്ങിയ സൂഖുകളും മലയിടുക്കുമുള്ള പ്രദേശമായതിനാല്‍ ഏറെ ശ്രമകരമായാണ് ഭൂമിക്കടിയില്‍ കേബിളുകള്‍ സ്ഥാപിക്കുന്നത്. അപകടങ്ങളോ പറയത്തക്ക പ്രയാസങ്ങളോ ഇല്ലാതെതന്നെ ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനായതായി ജോലികള്‍ക്ക് നേതൃത്വം വഹിച്ച തൊഴിലാളികള്‍ പറഞ്ഞു.
മത്രയില്‍ അനുഭവപ്പെട്ടുകൊണ്ടിരുന്ന ട്രാഫിക് കുരുക്കിന് ഇതോടെ ഒരു പരിധിവരെ പരിഹാരമായേക്കും. റോഡരികിലും മറ്റും നിന്നിരുന്ന തൂണുകളും െവെദ്യുതി കമ്പികളും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതുകൂടി കഴിയുന്നതോടെ സൂഖിലെ റോഡുകള്‍ക്ക് മുകളിൽ തൂങ്ങിക്കിടന്നിരുന്ന കേബിളുകളും മരംകൊണ്ടുള്ള തൂണുകളും ഇല്ലാതാകും. പണി പൂര്‍ത്തിയാകുന്നതോടെ മത്രയുടെ നഗരസൗന്ദര്യവും വര്‍ധിക്കും. അടുത്തഘട്ട ജോലികള്‍ ഖൊറിയാത്ത് സൂഖിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.