അറബ്ലോകത്തെ ശക്തരായ വനിതകൾ: ഫോർബ്സ് പട്ടികയിൽ ഒമാനിൽനിന്ന് എട്ടുപേർ
text_fieldsമസ്കത്ത്: അറബ് ലോകത്തെ ശക്തരായ വനിതകളെ ഉൾപ്പെടുത്തി ഫോർബ്സ് മിഡിലീസ്റ്റ് മാസിക തയാറാക്കിയ പട്ടികയിൽ ഒമാനിൽ നിന്ന് ഇടം നേടിയത് എട്ടുപേർ. സർക്കാർ വിഭാഗത്തിൽ ഒരാളും ബിസിനസ് വിഭാഗത്തിൽ ഏഴുപേരുമാണ് സ്ഥാനം പിടിച്ചത്.
വിദ്യാഭ്യാസമന്ത്രി മദീഹ ബിൻത് അഹമ്മദ് ബിൻ നാസർ അൽ ശൈബാനിയ സർക്കാർ മേഖലയിലെ ശക്തരായ പത്ത് അറബ് വനിതകളിൽ ഏഴാമതായി പട്ടികയിൽ ഇടം നേടി. കാലിഫോർണിയ സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസം വിഷയമായി ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇവർ 2011ൽ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചുവരുകയാണ്. നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ കൾച്ചർ ആൻഡ് സയൻസിെൻറ അധ്യക്ഷയുമാണ്. വിദ്യാഭ്യാസ നയങ്ങൾ രൂപവത്കരിക്കുന്നതിന് ഒപ്പം വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കും വിധമുള്ള തീരുമാനങ്ങൾ നടപ്പിലാക്കേണ്ട ചുമതലയും മദീഹ ശൈബാനിയക്കാണ്. ജി.സി.സി മേഖലയിൽനിന്ന് ഇവർ അടക്കം നാലു വനിതകൾ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. ബിസിനസ് മേഖലയിൽനിന്ന് സുഹൈൽ ബഹ്വാൻ ഗ്രൂപ്പിെൻറ വൈസ് ചെയർമാൻ അമൽ ബഹ്വാൻ 12ാം സ്ഥാനത്ത് ഇടം നേടി.
കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽനിന്ന് പത്തു സ്ഥാനം മുന്നിൽ ഇവർ എത്തി. പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ ചീഫ് ഫിനാൻസ് ഒാഫിസർ ഹൈഫ അൽ ഖൈഫിയാണ് അടുത്ത സ്ഥാനത്ത്, 26ാമത്.
നാഷനൽ ബാങ്ക് ഒാഫ് ഒമാൻ ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ റവാൻ അൽ സൈദ് 28ാം സ്ഥാനത്തും അമൽ ബഹ്വാെൻറ സഹോദരിയും ബഹ്വാൻ സൈബർ ടെക്ക് സ്ഥാപകയുമായ ഹിന്ദ് ബഹ്വാൻ 33ാമതും സവോല ഗ്രൂപ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഒാഫിസർ ഹുദാ അൽ ലവാത്തി 63ാം സ്ഥാനത്തും ഇടം നേടി. 69ാം സ്ഥാനത്തുള്ള എം.ബി ഹോൾഡിങ് വൈസ് ചെയർമാൻ ഷരീഫ അൽ ഹാർത്തി, 72ാം സ്ഥാനത്തുള്ള മുഹ്സിൻ ഹൈദർ ദാർവിഷ് ഗ്രൂപ്പിലെ ലുജൈന ദാർവിഷ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ അടക്കം വിവരങ്ങൾ വിശദമായി അവലോകനം ചെയ്താണ് ഫോർബ്സ് പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.