വലില്ലാഹിൽ ഹംദ്...
text_fieldsമസ്കത്ത്: ത്യാഗസ്മരണയുടെയും ആത്മസമർപ്പണത്തിന്റെയും പാഠങ്ങൾ പകർന്ന് ഒമാനിലെ വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിച്ചു. പുലർച്ചെ തന്നെ മസ്ജിദുകളിലേക്കും ഈദുഗാഹുകളിലേക്കും ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമാക്കി. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിന്റെയും ആത്മ സമർപ്പണത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രാഭഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. കനത്ത ചൂടിന്റെ പശ്ചാതലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. അതുകൊണ്ടുതന്നെ വിവിധ ഇടങ്ങളിൽ അതിരാവിലെയായിരുന്നു നമസ്കാരങ്ങളും ഈദുഗാഹുകളും നടന്നത്. ഈദിന്റെ സന്ദേശം വിശ്വാസികൾക്ക് വിവരിച്ചു നൽകിയ പെരുന്നാൾ ഖുതുബക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയുമാണ് വിശ്വാസികൾ പിരിഞ്ഞത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കിയും ബലികര്‍മം നിര്‍വഹിച്ചും പെരുന്നാൾ ജനം ആഘോഷപൂര്‍വം കൊണ്ടാടി. സ്വദേശികളുടെ പരമ്പരാഗത ആഘോഷ പരിപാടികള്‍ പ്രമുഖരുടെ സാനിധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി. ഉച്ചക്ക് ശേഷം മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശിച്ചു. ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് പല ഹോട്ടലുകളും പ്രത്യേക ഓഫർ ഒരുക്കിയത് ബാച്ചിലേഴ്സിന് അനുഗ്രഹമായി. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ സലാലയടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളും എത്തിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണങ്ങളുമായി രംഗത്തുണ്ടയിരുന്നു. മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തിയത് സാധാരണക്കാർക്ക് ആശ്വാസമായി.
സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്കത്ത് ഗവര്‍ണറേറ്റിലെ ജാമിഅ മഅസ്കർ അൽ മുർതഫ മസ്ജിദിൽ ആണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരി പ്രാർഥനക്ക് നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരത്തിന് ശേഷം സുൽത്താൻ ഹൈതം ബിൻ താരിഖ് വിവിധ ആളുകളിൽനിന്ന് ആശംസകൾ സ്വീകരിക്കുകയും അവരുമായി സൗഹാർദപരമായ കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്തു. രാജകുടുംബാംഗങ്ങൾ, നസുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, സൈനിക, സുരക്ഷാ സേവനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖർ പ്രാർഥനകളിൽ പങ്കാളിയായി.
മസ്കത്ത് /സലാല: മസ്കത്ത്, സലാല, സൂർ, ഇബ്രി തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ മലയാളി കൂട്ടായമകളുടെ നേതൃത്വത്തിൽ മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. ഇബ്രാഹീം നബിയുടെ പാത പിന്തുടർന്ന് എല്ലാ പരീക്ഷണങ്ങളിലും അല്ലാഹുവിൽ സമർപ്പിക്കാൻ ഖത്തീബുമാർ ഉണർത്തി. റൂവി മസ്കത്ത് സുന്നിസെന്റർ മദ്റസയിൽ മുഹമ്മദലി ഫൈസിയും റൂവി ആദംസ് മജ്ലിസിൽ റഫീഖ് സഖാഫി കുപ്പാടിത്തറയും നേതൃത്വം നൽകി.
മസ്കത്ത് സുബൈർ മസ്ജിദിൽ അബ്ദുല്ല അൻവർ ബാഖവി, മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാവിളൽ ഹയാ മസ്ജിദഇല മുഹമ്മദ് ഉവൈസ് വഹബി, ഇബ്ര ഓൾഡ് ഇന്ത്യൻ സ്കൂളിന് സമീപം ടർഫിൽ ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി വെളിയംബ്ര, ഹിജാരി ടൗൺ മസ്ജിദിൽ അബ്ദുറസാഖ് സൈനി, സഹം ഹോസ്പിറ്റൽ മസ്ജിദ് സിറാജുദ്ദീൻ ബാഖവി ഉളിക്കൽ എന്നിവരും പ്രാർഥനക്ക് നേതൃത്വം നൽകി.
ഖുറിയാത്ത് സൂഖ് ബലൂശി മസ്ജിദിൽ സക്കീർ ഹുസൈൻ ഫൈസി, ബർക താജുദ്ദീൻ റസ്റ്റാറന്റിന് സമീപമുള്ള മസ്ജിദിൽ സുനീർ ഫൈസി ചുങ്കത്തറ, അംജദ് ഫൈസി മീനങ്ങാടി, സുഹാർ അത്താർ മസ്ജിദിൽ സയ്യിദ് ശംസുദ്ദീൻ ഫൈസി, നിസ്വ ഹൈത്തുറാത്ത് ഫാം ഹൗസിൽ അഷ്റഫ് ബാഖവി, സലാല മസ്ജിദ് ഹിബ്റിൽ അബ്ദുൽലത്തീഫ് ഫൈസി, അൽഹെയിൽ മസ്ജിദ് ആലു ഉമൈറിൽ ഫൈറൂസ് ഫൈസി, ലിവ അസ്റാര്‍ ടൗണ്‍ മസ്ജിദിൽ മുനീര്‍ മദനി, ഫലജ് പഴയ മസ്കത്ത് ബേക്കറിക്ക് പിന്‍വശമുള്ള ജുമുഅ മസ്ജിദിൽ ഹബീബുല്ല അദനി, കോർണിഷ് മന്തിരി മസ്ജിദിൽ അലി മൗലവിയും, അൽ ഹെയിൽ ഉസ്മാൻ ബിൻ അഫാൻ മസ്ജിദിൽ അസീം മന്നാനി പനവൂരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.