വീണ്ടുമൊരു 'പ്രവാസി ദിവസ്' വരുമ്പോൾ
text_fieldsപ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണ് കടന്നുവരുന്നത്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ ഈ മാസം 8,9,10 തീയതികളിൽ സംഘടിപ്പിക്കുന്ന 'പ്രവാസി ദിവസ്' ഏന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ലോകത്തിലെല്ലായിടത്തുമായി വ്യാപിച്ചുകിടക്കുന്ന പ്രവാസികളെ ഒരുമിപ്പിക്കാനും സൗഹൃദം പങ്കുവെക്കാനും അവരുടെ സമ്പാദ്യങ്ങൾ ഉപയോഗപ്പെടുത്താനും മാത്രമല്ല, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും അത് പരിഹരിക്കാനും കൂടിയാണ് പ്രവാസി ദിവസ്. ക്രിയാത്മകമായ നിർദ്ദേശങ്ങളും പരിഹാരങ്ങളും അധികാരികളുടെ ഭാഗത്തുനിന്ന് വരുമ്പോഴാണ് പ്രവാസി ദിവസ് അർഥവത്തായി മാറുന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ബോംബെയിൽ വന്നിറങ്ങിയത് 1915ലാണ്. അതിന്റെ ഓർമക്ക് വേണ്ടിയാണ് 2003ൽ വാജ്പേയ് സർക്കാർ 'പ്രവാസിദിവസ്' രൂപപ്പെടുത്തിയത്. രാഷ്ട്രീയമോ അല്ലാത്തതോ ആയ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് തുടർന്നുവന്ന സർക്കാറുകൾ അത് പിന്തുടർന്നു. നരേന്ദ്ര മോദി സർക്കാർ വന്നതിനുശേഷമാണ് പ്രവാസിദിവസ് രണ്ടുവർഷത്തിലൊരിക്കൽ ആക്കിയത്.
പ്രവാസി ദിവസ് ചേരുന്നതിനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. ഇത് കോട്ടും സ്യൂട്ടുമിട്ട പ്രവാസികൾക്ക് വേണ്ടിയാണെന്നും സാധാരണക്കാരന് ഈ കൂടിച്ചേരൽ കൊണ്ട് ഗുണമില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന വിമർശനം. ഓരോ സമ്മേളനം കഴിയുമ്പോഴും അതിൽ രൂപപ്പെടുന്ന ഗുണഫലങ്ങൾ എല്ലാ തലത്തിലുമുള്ള ആളുകൾ അനുഭവിക്കുന്നുണ്ടെന്നതാണ് സത്യം.
പ്രവാസി ദിവസ് ഉണ്ടായതുകൊണ്ട് പ്രവാസികൾക്ക് വോട്ടവകാശം കിട്ടിയോ? അവരുടെ യാത്രാക്ലേശം പരിഹരിക്കാൻ കഴിഞ്ഞോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. അവരോട് ഒറ്റച്ചോദ്യമേ തിരിച്ചുചോദിക്കാനുള്ളൂ. പ്രവാസി ദിവസ് ഇല്ലായിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ കഴിയുമായിരുന്നോ?
പ്രവാസികൾ കാലാകാലമായി അനുഭവിക്കുന്ന പ്രയാസങ്ങൾ അധികാരികളുടെ മുമ്പിലെത്തിക്കാൻ കഴിയണം. അതാണ് പ്രധാനം. അതിനുള്ള വേദിയാണ് കേന്ദ്രസർക്കാർ ഒരുക്കുന്നത്. നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നില്ല. എന്നാൽ ചെറിയൊരു നീക്കമെങ്കിലും ഉണ്ടെങ്കിൽ വിജയിച്ചു എന്നല്ലേ അർഥം.
കഴിഞ്ഞവർഷമൊഴികെ എല്ലാ പ്രവാസിദിവസിലും പങ്കെടുത്തിട്ടുണ്ട്. ആദ്യത്തെ തവണ ജയ്പൂരിലായിരുന്നു. ഏറ്റവുമൊടുവിൽ പങ്കെടുത്തത് വാരാണസിയിലാണ്. ഈ പ്രവാസിദിവസിലും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആളാണ്. എല്ലാ തവണയും ഗൗരവമേറിയ ചർച്ചകൾ തന്നെയാണ് നടക്കുന്നത്. കുറെയേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുമുണ്ട്. അപ്പോൾപിന്നെ എന്തിനാണ് കണ്ണടച്ച് വിമർശിക്കുന്നത്?
പ്രവാസി ദിവസിൽ മാത്രമല്ല, കേരള സർക്കാർ സംഘടിപ്പിക്കുന്ന എൻ.ആർ.കെ മീറ്റിലും ലോക കേരള സഭയുമായി ബന്ധപ്പെട്ട ചർച്ചകളിലുമെല്ലാം ഞാൻ സംബന്ധിച്ചിട്ടുണ്ട്. ഇത്തവണയും പ്രവാസികളുടെ യാത്രാപ്രശ്നവും വോട്ടവകാശവും ചർച്ചയിൽ കൊണ്ടുവരാൻ ശ്രമിക്കും.
ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികൾ. അവരുടെ പ്രയത്നം കൊണ്ടുമാത്രമാണ് നാട് ചലിക്കുന്നത്. ഇവിടത്തെ എല്ലാ വികസനത്തിന്റെയും ആണിക്കല്ല് പ്രവാസിയുടെ വിയർപ്പിന്റെ വിലയാണ്. അത് സമൂഹത്തിനും സർക്കാരുകൾക്കും അറിയാം. അതുകൊണ്ടാണല്ലോ ഇതുപോലുള്ള കൂടിച്ചേരലുകൾ സംഘടിപ്പിക്കുന്നതും പ്രവാസികളെ കേൾക്കാൻ തയ്യാറാവുന്നതും. പ്രവാസിദിവസിനെ നെഗറ്റീവായി ആരും സമീപിക്കരുതെന്നാണ് എന്റെ അഭ്യർഥന. കേരളം വളരട്ടെ. അതിനൊപ്പം പ്രവാസിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.