പ്രവാസി ഭാരതീയ ദിവസ്; ഒമാനിൽനിന്നുള്ള പ്രതിനിധികളുടെ സംഗമം എംബസിയിൽ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽനിന്ന് പങ്കെടുക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണാർഥം ഒമാനിലെ ഇന്ത്യൻ എംബസി ഹാളിൽ അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ രാജ്യത്തിന്റെ വളര്‍ച്ചക്ക് ഒമാനിലെ വിദേശ ഇന്ത്യക്കാര്‍ നല്കിയ സംഭാവനകളെക്കുറിച്ചും പ്രവാസി ഭാരതീയ ദിവസത്തിന്റെ പ്രാധാന്യവും കഴിഞ്ഞ വർഷത്തെ അനുഭവങ്ങളും അംബാസഡർ പങ്കുവെച്ചു.
രാജ്യാന്തരതലത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ വംശജരെ ഒരുമിപ്പിച്ച് ഒരേ വേദിയിലെത്തിച്ച് കൊണ്ടുള്ള വലിയ ആഘോഷ പരിപാടികളാണ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാന്‍ ഇത്തരത്തില്‍ ഒരു വേദി സഹായിക്കുന്നു എന്നും ഒമാനിൽനിന്നും കൂടുതൽ പേർ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനമാണെന്നും അംബാസഡർ പറഞ്ഞു. അനിൽ കിംജി, മൊയ്തീൻ മുഹമ്മദലി, ഫിറോസ് ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി എട്ടുമുതൽ 10വരെ ഇന്ത്യയിലെ ഭുവനേശ്വറിലാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി ഒമ്പതിന് സമ്മേളനം ഉദ്ഘാടനംചെയ്യും. ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാംഗലു സമ്മേളനത്തെ വിഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യും.
വികസിതഭാരതത്തിന് പ്രവാസികളുടെ സംഭാവന എന്നതാണ് ഇക്കുറി സമ്മേളനത്തിന്റെ പ്രമേയം. അമ്പതിലേറെ രാജ്യങ്ങളിൽനിന്നായി വൻകിട ബിസിനസുകാരും സംരംഭകരും സാമ്പത്തികവിദഗ്ധരുമുൾപ്പെടെ പങ്കെടുക്കും. പത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ വിതരണംചെയ്യും. ഒഡിഷ സർക്കാറിന്റെ പങ്കാളിത്തത്തോടെ കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.