പ്രവാസി കമീഷന് അദാലത്ത് 12, 14 തീയതികളിൽ
text_fieldsമസ്കത്ത്: പ്രവാസി കമീഷന് കോഴിക്കോട് അദാലത്ത് സെപ്റ്റംബര്‍ 12ന് ഗവ. ഗെസ്റ്റ് ഹൗസിലും വയനാട് അദാലത്ത് 14ന് കല്പറ്റയില് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. 10.30 മുതല്‍ ഒന്നുവരെയാണ് അദാലത്ത്. പ്രവാസി സംഘടന പ്രതിനിധികളുമായും സംവദിക്കും. പ്രവാസി/മുന്‍ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമീഷന് പെറ്റീഷന് നല്‍കാവുന്നതാണ്.
പുതുതായി പരാതി നല്കുന്നവര് എഴുതി തയാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുന്‍ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകള്‍ക്കു പുറമെ എതിര്‍കക്ഷിയുടെ കൃത്യമായ മേല്‍വിലാസവും (ടെലിഫോണ്‍ നമ്പര്‍ മാത്രം നല്കിയാല് മതിയാവില്ല) നല്‍കണം.
നേരത്തേ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കമീഷന് സെക്രട്ടറിയില്‍നിന്നും അറിയിപ്പ് ലഭിച്ചവര്‍ പ്രസ്തുത എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളുമായി എത്തണം.
മുന്‍കൂട്ടി പരാതി നല്കാന് ആഗ്രഹിക്കുന്നവര്‍ മേല്പറഞ്ഞ രീതിയില്‍ അത് തയാറാക്കി ഇ-മെയില്‍ ആയോ താഴെ പറയുന്ന വിലാസത്തിലോ അയക്കേണ്ടതാണ്. ചെയര്മാന്, പ്രവാസി കമീഷന്, ആറാംനില, നോര്‍ക്ക സെന്റര്‍, തിരുവനന്തപുരം 695014. secycomsn.nri@kerala.gov.in.
കൂടുതല്‍ അറിയാന്‍ താൽപര്യമുള്ളവര്ക്ക് +9194968 45603, +9689933 5751 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രവാസി കമീഷന് അംഗം പി.എം. ജാബിര്‍ പറഞ്ഞു. ഇതിനകം തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കമീഷന് അദാലത്ത് നടത്തിയിട്ടുണ്ട്. വര്‍ഷാവസാനത്തിനു മുമ്പ് എല്ലാ ജില്ലകളിലെയും അദാലത്ത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.