പ്രവാസി ഐക്കൺ ഓഫ് സലാല അവാർഡുകൾ വിതരണം ചെയ്തു
text_fieldsപ്രവാസി വെൽഫയർ സലാലയുടെ റിപ്പബ്ളിക് ദിന പ്രവാസി ഐക്കൺ അവാർഡ് അലി മുഹമ്മദ്, കെ.എ. സലാഹുദ്ദീൻ, രാജഗോപാൽ, ഷജീർ ഖാൻ, അഭിനവ് സോജൻ എന്നിവർ ഏറ്റുവാങ്ങിയപ്പോൾ
സലാല: വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച സലാലയിലെ പ്രവാസി വ്യക്തിത്വങ്ങളെ പ്രവാസി വെൽഫെയർ സലാല 'പ്രവാസി ഐക്കൺ ഓഫ് സലാല' അവാർഡുകൾ നൽകി ആദരിച്ചു.
പ്രവാസി കമ്മ്യൂണിറ്റി ഡെവലപ്മെൻറ് അവാർഡിന് അർഹനായത് പി.വി. അലി മുഹമ്മദാണ്. 40 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം ഇതിനോടകം 250ലധികം പേർക്ക് വിസ അടക്കമുള്ള ജോലിയും ജോലി നഷ്ടപ്പെട്ട 200ൽ ഏറെ പേർക്ക് മെച്ചപ്പെട്ട ജോലിയും സംഘടിപ്പിച്ചു നൽകി. യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളും ഇല്ലാതെ തീർത്തും സൗജന്യമായി ചെയ്തുവന്ന സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് പ്രവാസി വെൽഫെയർ അവാർഡ് നൽകിയത്
പ്രവാസി ഐക്കൺ ഓഫ് മീഡിയ അവാർഡിന് അർഹനായ കെ.എ.സലാഹുദ്ദീൻ ഗൾഫ് മാധ്യമം-മീഡിയവൺ സലാല റിപ്പോർട്ടർ ആണ്. 28 വർഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന കെ.എ സലാഹുദ്ദീൻ ഗൾഫ് മാധ്യമത്തിൻ്റ സലാല റിപ്പോർട്ടർ ആയിട്ടാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. സലാലയിലെ പ്രവാസി മലയാളികളുടെ ജീവിതവും കേരള സമാനമായ ഭൂപ്രകൃതിയുള്ള സലാലയുടെ വിശേഷങ്ങളും ലോകത്തിന് പകർന്നു നൽകി. സാമൂഹ്യ പ്രതിബദ്ധതയോടെ ഈ ഉത്തരവാദിത്വം നീതി പൂർവ്വകം നിർവ്വഹിച്ചതും മുൻനിർത്തിയാണ് പ്രവാസി വെൽഫെയർ അദ്ദേഹത്തിന് പ്രവാസി ഐക്കൺ ഓഫ് മീഡിയ അവാർഡ് നൽകിയത്.
പ്രവാസി ഐക്കൺ ഓഫ് ഫാമിങ് അവാർഡിന് അർഹനായ രാജഗോപാൽ 30 വർഷത്തിലേറെയായി സലാലയിൽ കൃഷിത്തോട്ടം നടത്തിവരികയാണ്. കാർഷിക വൃത്തിയോടുള്ള അദ്ദേഹത്തിൻറെ പ്രതിബദ്ധതയും കർഷ സമൂഹത്തോടുള്ള പ്രവാസി വെൽഫെയറിൻ്റെ ഐക്യദാർഢ്യവും മുൻനിർത്തിയാണ് അവാർഡ് സമ്മാനിച്ചത്.പ്രവാസി ഐക്കൺ ഓഫ് സോഷ്യൽ സർവിസ് അവാർഡിന് അർഹനായ
ഷജീർഖാൻ തുംറൈത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട മേഖലകളിൽ സാമൂഹിക പ്രവർത്തനം ചെയ്തു വരുന്ന വ്യക്തിയാണ്. സ്വന്തം കാര്യം മാറ്റിവെച്ചും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.എക്സലൻസ് ഇൻ സ്പോർട്സ് അവാർഡിന് അർഹനായ അഭിനവ് സോജൻ ഇന്ത്യൻ സ്കൂൾ സലാല വിദ്യാർഥിയാണ്. ഈസ്റ്റ് ബംഗാൾ ജൂനിയർ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഭിനവ് സംസ്ഥാന തലത്തിലും ലീഗ് ടൂർണമെൻ്റുകളിലും വിവിധ ക്ലബ്ബുകൾക്കായി ജൂനിയർ ടീമുകളിൽ കളിച്ചുവരുന്നു. അഭിനവിന്റെ അസാന്നിധ്യത്തിൽ രക്ഷിതാക്കൾ അവാർഡ് ഏറ്റു വാങ്ങി.
സലാലയിലെ സാമൂഹിക പ്രവർത്തകരായ ഒ.അബ്ദുൽ ഗഫൂർ, നാസർ പെരിങ്ങത്തൂർ, ഡോ. നിസ്താർ, കെ.ഷൗക്കത്തലി, കെ.പി.കരുണൻ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. പ്രവാസി വെൽഫെയർ സലാല വർക്കിങ് കമ്മറ്റി അംഗങ്ങൾ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.