കടലിൽ അപകടത്തിൽപ്പെട്ടു; അറബ്വംശജക്ക് മലയാളി യുവാക്കൾ രക്ഷകരായി
text_fieldsമസ്കത്ത്: കടലിൽ അപകടത്തിൽപ്പെട്ട അറബ് വംശജയായ പെൺകുട്ടിക്ക് മലയാളി യുവാക്കൾ രക്ഷകരായി. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന് സമീപമുള്ള ബീച്ചിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തൃശൂർ സ്വദേശിയായ ദാനിയേൽ ആണ് പെൺകുട്ടിയെ കരക്കെത്തിച്ചത്. കോണെ അസറൈൻ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായ ദാനിയലിന് ഒപ്പം തിരുവനന്തപുരം സ്വദേശി ജിനു, പാലക്കാട് സ്വദേശി വാസുദേവൻ, തമിഴ്നാട് സ്വദേശി നിർമൽ എന്നിവരും ഉണ്ടായിരുന്നു.
തങ്ങൾ എത്തുേമ്പാൾ വേലിയിറക്ക സമയമായിരുന്നതിനാൽ തീരത്ത് നിന്ന് ഏറെ ഇറങ്ങിയാണ് കുളിച്ചതെന്ന് ദാനിയേൽ പറഞ്ഞു. തങ്ങൾ നിന്നിരുന്നതിന് ഏതാണ്ട് അടുത്താണ് അറബ് വംശജരായ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നത്. കുറച്ചുകഴിഞ്ഞാണ് വെള്ളം കയറിയത്. സഹായം അഭ്യർഥിക്കുന്നത് കണ്ട് ദാനിയേലും സുഹൃത്തുക്കളും അടുത്തെത്തുകയായിരുന്നു. പെൺകുട്ടികളിൽ ഒരാളെ പുറത്തുകയറ്റി കരക്ക് എത്തിച്ചു. വെള്ളം കൂടിയതോടെ നിലയില്ലാതെയായതോടെ കരക്കെത്തിക്കാൻ പ്രയാസപ്പെട്ടതായി ദാനിയൽ പറഞ്ഞു. വെള്ളം കുടിച്ചുതളർന്ന രണ്ടാമത്തെ പെൺകുട്ടിയെ അറബ് വംശജനാണ് രക്ഷിച്ചത്.
സംഭവസമയം ബീച്ചിലുണ്ടായിരുന്ന മലയാളികളായ ദിൽരാജും ദിനകറും മസ്കത്ത് മലയാളീസിൽ ഇട്ട പോസ്റ്റിലൂടെയാണ് രക്ഷാപ്രവർത്തനത്തെ കുറിച്ച് മലയാളി സമൂഹം അറിഞ്ഞത്. ദാനിയലിനെയും സുഹൃത്തുക്കളെയും മസ്കത്ത് മലയാളീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.