പ്രവാസം നൽകിയത് നഷ്ടങ്ങൾ; ഏഴുവർഷത്തിന് ശേഷം സനിൽ നാടണഞ്ഞു
text_fieldsമസ്കത്ത്: മലയാളി തൊഴിലുടമയുടെ കെണിയെ തുടർന്ന് ഒമാനിൽ കുടുങ്ങിയ മലയാളി യുവാവ് ഒടുവിൽ നാടഞ്ഞു. കോടതിയുടെ അതിവേഗ ഇടപെടലാണ് തിരുവല്ല പുറമറ്റം സ്വദേശി സനിൽ നായരുടെ ഏഴുവർഷത്തിന് ശേഷമുള്ള തിരിച്ചുപോക്കിന് വഴിയൊരുക്കിയത്. പ്രവാസം നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് നൽകിയതെങ്കിലും ദൈവം തനിക്ക് വേണ്ടി നല്ലത് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാവിെൻറ മടക്കം. വെള്ളിയാഴ്ച രാത്രിയുള്ള വിമാനത്തിൽ മടങ്ങിയ സനിൽ ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തി.
അലൂമിനിയം ഫാബ്രിക്കേഷൻ ഉൽപന്നങ്ങളും മറ്റും വിപണനം നടത്തുന്ന ചങ്ങനാശേരി സ്വദേശികളുടെ സ്ഥാപനത്തിലെ വെൽഡർ വിസയിൽ 2010 സെപ്റ്റംബറിലാണ് സനിൽ ഒമാനിലെത്തുന്നത്. പുതുതായി തുടങ്ങുന്ന വർക്ക്ഷോപ്പിലേക്ക് എന്ന് പറഞ്ഞാണ് വിസ നൽകിയത്. ഒമാനിലെത്തിയ ശേഷം വർക്ക്ഷോപ്പ് ൈവകുമെന്നും അതുവരെ സൂറിലെ ഹോൾസെയിൽ കടയിൽ ഇരിക്കാനും പറഞ്ഞു. ജോലിക്ക് കയറി ഏതാണ്ട് പത്തുമാസത്തിന് ശേഷം നടന്ന സ്റ്റോക്ക് വെരിഫിക്കേഷനോടെയാണ് സനിലിെൻറ ജീവിതത്തിലെ ദുരിതത്തിന് തുടക്കമായത്. സ്റ്റോക്കിൽ 36000 റിയാലിെൻറ സാധനങ്ങൾ കുറവുണ്ടെന്നായിരുന്നു കമ്പനിയുടെ വാദം. അന്നത്തെ വിനിമയ നിരക്കനുസരിച്ച് 44 ലക്ഷം രൂപ നൽകണമെന്നും അല്ലാത്ത പക്ഷം ആജീവനാന്തകാലം ജയിലിൽ ഇടുമെന്നും ഭീഷണിപ്പെടുത്തി നിരവധി പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി. തനിക്ക് ഇതിൽ യാതൊരു മനസറിവുമില്ലെന്ന് പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. അതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്ന സഹോദരി ഭർത്താവിനെയും കേസിൽ കുടുക്കുമെന്ന് ഭീഷണി മുഴക്കി. ഇതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം സ്ഥാപന ഉടമകളിൽ ഒരാൾ നാട്ടിലെത്തി സനിലിെൻറ പിതാവിനെ കണ്ട് ഭീഷണി മുഴക്കി. തുടർന്ന് 18 ലക്ഷം രൂപയും ഒമ്പത് സെൻറ് സ്ഥലവും കൈക്കലാക്കി. എന്നാൽ ഏഴായിരം റിയാൽ കൂടി നൽകാതെ നാട്ടിൽ വിടില്ലെന്ന നിലപാടാണ് കമ്പനി അധികൃതർ പിന്നീട് എടുത്തത്. തുടർന്ന് സൂറിൽ നിന്ന് മസ്കത്തിലെ കമ്പനി ഹെഡ്ഒാഫീസിലേക്ക് മാറ്റിയ സനിലിനെ പിന്നീട് വിവിധ ജോലികൾക്കായി നിയോഗിക്കുകയാണ് ചെയ്തിരുന്നത്. ഒന്നര വർഷക്കാലം മാസത്തിൽ ചെലവിനായി മുപ്പത് റിയാൽ വീതവും പിന്നീട് അമ്പത് റിയാൽ വീതവുമാണ് നൽകിയിരുന്നത്. കടം വീട്ടി നാട്ടിൽ പോകാമെന്ന പ്രതീക്ഷയിൽ സാധാരണ ജോലിക്ക് പുറമെ ഒാവർടൈമും ഇക്കാലയളവിൽ ചെയ്തിരുന്നതായി സനിൽ പറയുന്നു.
മസ്കത്തിൽ ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി എബി മാത്യുവിെൻറ അടുത്ത് സനിലിെൻറ പിതാവ് സഹായം അഭ്യർഥിച്ച് എത്തിയതോടെയാണ് വിഷയത്തിൽ വഴിതിരിവുണ്ടായത്. അഡ്വ.പ്രസാദിെൻറ നിർദേശപ്രകാരം കഴിഞ്ഞ മാർച്ചിൽ എംബസിയിൽ പരാതി നൽകി. രണ്ടാം തവണ വിളിപ്പിച്ചപ്പോൾ എത്തിയ കമ്പനി പ്രതിനിധി പണം ഇനിയും നൽകാനുണ്ടെന്ന വാദമാണ് ഉയർത്തിയത്. എന്നാൽ ഏഴായിരം റിയാൽ ഇതിനകം പിടിച്ചതായും 1535 റിയാൽ തനിക്ക് കിട്ടാനുണ്ടെന്നുമുള്ള അക്കൗണ്ട് സ്റ്റേറ്റ്മെൻറ് സനിൽ ഹാജരാക്കിയതോടെ ഉടൻ നാട്ടിൽ വിടാമെന്ന നിലപാടിൽ കമ്പനി എത്തി.
എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടിയില്ലാതായതോടെയാണ് കേസ് കോടതിയിലേക്ക് കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബർ 12ന് രണ്ടാം തവണ വിളിപ്പിച്ചപ്പോൾ കോടതിയിൽ ഹാജരായ സ്പോൺസർക്ക് കമ്പനി ഉടമകളുടെ നടപടികളെ കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ നാട്ടിൽ വിടാൻ നടപടിയെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. എംബസിയെ സമീപിച്ച മാർച്ച് മുതൽ ചെലവിന് നൽകിവന്നിരുന്ന തുകയും സനിലിന് കമ്പനിയിൽ നിന്ന് ലഭിച്ചിരുന്നില്ല.
ഇതടക്കം അറുനൂറ് റിയാലും പാസ്പോർട്ടും ടിക്കറ്റും വേണമെന്ന സനിലിെൻറ ആവശ്യവും കോടതി സ്പോൺസറെ അറിയിച്ചു. കേസ് തുടർന്ന് പരിഗണിക്കുന്ന ഒക്ടോബർ മൂന്നിന് ഇക്കാര്യത്തിൽ മറുപടി അറിയിക്കാമെന്ന് സ്പോൺസർ പറഞ്ഞു. ഇതിനിടെ കമ്പനിയിൽ നിന്ന് വിളിച്ച് 200 റിയാലും ടിക്കറ്റും പാസ്പോർട്ടും സനിലിന് നൽകി. ഇക്കാര്യം കഴിഞ്ഞ മൂന്നിന് സനിൽ കോടതിയെ അറിയിക്കുകയും ചെയ്തു.
പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞതിനാൽ സുഹൃത്തുക്കളുടെ സഹായത്തോടെ 88 റിയാൽ മുടക്കി എമർജൻസി പാസ്പോർട്ട് സംഘടിപ്പിച്ചു. ഇൗ മാസം 24ന് കേസിെൻറ അന്തിമ വിധി കോടതി പുറപ്പെടുവിക്കുമെങ്കിലും എത്രയും പെെട്ടന്ന് നാട്ടിലെത്തിയാൽ മതിയെന്നതിനാലാണ് മടങ്ങാൻ തീരുമാനിച്ചതെന്നും സനിൽ പറയുന്നു.
നിയമത്തെ കുറിച്ചുള്ള ധാരണയില്ലായ്മ മൂലമാണ് ഇതുവരെ എംബസിയെയും ലേബർ കോടതിയെയും സമീപിക്കാതിരുന്നത്. സമാനരീതിയിൽ കെണിയിൽ കുരുങ്ങികിടക്കുന്ന ഒന്നിലധികം പേർ കമ്പനിയിൽ ഉണ്ടെന്നും സനിൽ പറഞ്ഞു. അടിമപണിക്ക് തുല്ല്യമായ അവസ്ഥയിൽ നിന്നാണ് സനിൽ മോചിതനായതെന്ന് അഡ്വ.പ്രസാദും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.