പ്രവാസികളുടെ ആശങ്കകൾ ചർച്ചചെയ്ത് ഒമാനിലെ പൗരസമൂഹം
text_fieldsമസ്കത്ത്: ഇന്ത്യൻ മീഡിയ ഫോറം മസ്കത്തിെൻറ നേതൃത്വത്തിൽ ‘പ്രവാസികൾ അരക്ഷിതരോ?’ എന്ന വിഷയത്തിൽ നടന്ന ചർച്ച ശ്രദ്ധേയമായി. ആന്തൂരിലെ പ്രവാസി വ്യവസായി സാജെൻറ ആത്മഹത്യയെ തുടർന്നാണ് ചർച്ച സംഘടിപ്പിച്ചത്. എങ്കിലും ആന്തൂരിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി പ്രവാസികൾ ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ അതിജീവിക്കാനാകാതെ കടക്കെണിയിലും അതുവഴി ആത്മഹത്യയുടെ വക്കിലുമാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
റൂവി ബദർ അൽസമാ ആശുപത്രി ഒാഡിറ്റോറിയത്തിൽ നടന്ന ചർച്ച തുടങ്ങിവെച്ചത് അഭിഭാഷകനായ പ്രസാദ് ആയിരുന്നു. ജീവിക്കാനും ജീവിപ്പിക്കാനുമായി സ്വന്തംനാട് വിട്ടു വരുന്ന ഓരോ പ്രവാസിയും പ്രവാസ ജീവിതം ആരംഭിക്കുന്ന അന്നുമുതൽ അനന്തമായ പ്രശ്നങ്ങൾക്ക് നടുവിലാണെന്നും ഇതിനെല്ലാം പരിഹാരം കാണേണ്ടവരാണ് കുറ്റക്കാരെ സംരക്ഷിക്കുന്നതെന്നും ചർച്ചയിൽ പെങ്കടുത്തവർ പൊതുവായി അഭിപ്രായപ്പെട്ടു. നാടിെൻറ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നത് പ്രവാസികളാണെന്ന് മാറിവരുന്ന സർക്കാറുകൾ പറയാറുണ്ട്. എന്നാൽ പ്രവാസികളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സർക്കാറും കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല. പ്രവാസികൾ വോട്ട് ബാങ്ക് അല്ലാത്തതിനാൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടെന്ന നിലപാടാണ് ഭരണാധികാരികൾക്ക്. ഒരു പുരുഷായുസ്സു മുഴുവൻ അന്യരാജ്യത്ത് ഹോമിച്ച പലരും ഇന്ന് കടക്കെണിയിലും തീർത്താൽതീരാത്ത ബാധ്യതകൾക്കും നടുവിലാണ്. തിരിച്ചുപോക്കിെൻറ ഭീതിയിൽ കഴിയുന്ന പല പ്രവാസികൾക്കും സ്വന്തമായി കിടപ്പാടം പോലുമില്ല. ചോര നീരാക്കി ഉണ്ടാക്കിയ ഒരു തുണ്ടുഭൂമിയിൽ ഒരു കൂര കെട്ടാൻ നൂറായിരം നൂലാമാലകളുടെ കുരുക്ക് അഴിക്കേണ്ടിവരുന്നു.
എല്ലാ പ്രവാസികളെയും ഒരേ അളവുകോലിൽ അളന്ന് പ്രവാസിയെ എന്നും കറവപ്പശുക്കളായി കാണുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ നിലക്കു നിർത്താത്തിടത്തോളം ഇനിയും സാജൻമാർ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു കാര്യം എങ്ങനെ നടത്താതെ ഇരിക്കാം എന്നുള്ള സമീപനം ഇനിയെങ്കിലും അധികാരികളും ഉദ്യോഗസ്ഥരും ഉപേക്ഷിക്കണം. അതോടൊപ്പം നമുക്ക് എന്തൊക്കെ അവകാശങ്ങൾ ഉണ്ടന്നുപോലും അറിയാത്തവർ ഉണ്ടെന്നും ചർച്ചയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. നമ്മുടെ സേവനാവകാശം നിഷേധിക്കുന്നവരെ ചോദ്യംചെയ്യാൻ ഇനിയും പ്രവാസികൾ മടിക്കരുത്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാനും ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ സർക്കാറിന് അയക്കാനും ചർച്ചയിൽ തീരുമാനിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം കൺവീനർ എബ്രഹാം മാത്യു, ജയ്കിഷ് (മൈത്രി), അഹമ്മദ് പാറയിൽ, ഹൈദ്രോസ് (ഒ.െഎ.സി.സി), യൂസുഫ് സലീം (കെ.എം.സി.സി), ഫ്രാൻസിസ് ജോസഫ്, സുനിൽ (വേൾഡ് മലയാളി), രാജേഷ് ചമ്പക്കുളം (ഭാരതീയ പ്രവാസ മഞ്ച്), ഗോപകുമാർ, ഉദയൻ മൂടാടി, നജീബ്, രാജസേനൻ, നാസർ, കെ.യു. അൻസാർ, രതീഷ് പട്ടിയത്ത്, ജാസ്മിൻ യൂസുഫ്, ഹരിലാൽ, മുഹമ്മദ്, ജോളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഷിലിൻ പൊയ്യാറ ചർച്ച നിയന്ത്രിച്ചു. ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയകുമാർ വള്ളിക്കാവ് സ്വാഗതവും ട്രഷറർ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ഒ.കെ. മുഹമ്മദലി, മുഹമ്മദ് ഇഖ്ബാൽ, ഷഫീർ കുഞ്ഞുമുഹമ്മദ്, ഷൈജു മേടയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.