വെള്ളം കയറുന്നത് തടയൽ: മത്രയിൽ പുതിയ പദ്ധതി നടപ്പാക്കും
text_fieldsമസ്കത്ത്: മത്രയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വെള്ളം കയറുന്നത് തടയാനുമായി മസ്കത്ത് മുനിസിപ്പാലിറ്റി പുതിയ പദ്ധതി നടപ്പാക്കും. ട്രാഫിക് ലഘൂകരിക്കുക, പ്രാദേശിക വാണിജ്യം ഊർജ്ജസ്വലമാക്കുക, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മത്രയിൽ വെള്ളപ്പൊക്ക അപകടസാധ്യത കുറക്കുന്നതിനായി ഒരുക്കുന്ന സംവിധാനത്തിനായി ബിഡ് ക്ഷണിച്ചു. ചരിത്രപ്രസിദ്ധമായ മത്ര സൂഖിന്റെ മെച്ചപ്പെടുത്തലുകളും ഉൾപ്പെടുന്നുണ്ട്. വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിനായുള്ള സാധ്യതാ പഠനങ്ങൾ, വിശദമായ രൂപകൽപന, പ്രോജക്ട് മേൽനോട്ടം എന്നിവക്കായി കൺസൽട്ടിങ് സേവനങ്ങൾ ചെയ്യാൻ താൽപര്യമുള്ള കക്ഷികളെ മസ്കത്ത് മുനിസിപ്പാലിറ്റി ക്ഷണിച്ചു. വാദിയിലെ വെള്ളപ്പൊക്ക സാധ്യത നിയന്ത്രിക്കുന്നതിനും അധികജലം കടലിലേക്ക് ഒഴുക്കുന്നതിനുമായി മത്ര സൂഖിന് ചുറ്റും സംരക്ഷണ അണക്കെട്ടുകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മത്രയിലെ വികസനപദ്ധതികൾ വ്യാപാരികൾ സ്വാഗതംചെയ്തു. പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ മത്രയിലെ വെള്ളപ്പൊക്കം വ്യാപാരികളെ എപ്പോഴും ഭയപ്പെടുത്തുന്നതാണ്. ഓരോ മഴയിലും വെള്ളം കയറുമ്പോൾ മലയാളികളടക്കമുള്ള കടക്കാർക്ക് കനത്ത നഷ്ടങ്ങളാണ് ഉണ്ടാകാറുള്ളത്. പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുന്നതോടെ ഇതിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.