മൂവർണ ശോഭയിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസി, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണു നടന്നത്.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ അംബാസഡർ അമിത് നാരങ് ദേശീയ പതാക ഉയർത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അംബാസഡറും ഭാര്യ ദിവ്യ നാരങ്ങും പുഷ്പാർച്ചന നടത്തി. ദേശീയ ഗാനാലാപനത്തിന് ശേഷം അംബാസഡർ രാഷ്ട്രത്തോടുള്ള രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
എംബസി ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾ, ഒമാനിലെ ഇന്ത്യയുടെ സുഹൃത്തുക്കൾ എന്നിങ്ങനെ അഞ്ചൂറിലധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തുടർച്ചയായി ഞായറാഴ്ച വൈകീട്ട് എംബസിയുടെ നേതൃത്വത്തിൽ പ്രമുഖർക്കായി സ്നേഹ വിരുന്നും ഒരുക്കും.
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ എസ്.എം.സി പ്രസിഡന്റ് നവീൻ വിജയകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും കുറിച്ച് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ വി.എസ്.സുരേഷ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ സന്ദേശം വായിച്ചു.
ഒമാൻ രാജകീയ ഗാനം, ഇന്ത്യൻ ദേശീയ ഗാനം, ആകർഷകമായ റിപ്പബ്ലിക് ദിന പരേഡ്, രാജ്യസ്നേഹം വ്യക്തമാക്കുന്ന കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ഡോ.വിജയ് ഷണ്മുഖം (എസ്.എം.സി വൈസ്. പ്രസിഡന്റ് ), ജമാൽ ഹസ്സൻ (കൺവീനർ എസ്.എം.സി), ഫെസ്ലിൻ അനീഷ് മോൻ (അക്കാദമിക് ചെയർ പേഴ്സൻ), ശബ്നം(എസ്.എം.സി ), ഫിറോസ് ഹുസൈൻ (മുൻ എസ്.എം.സി അംഗം) രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികളായ പല്ലം ഹർഷിത അവതാരകയായി സ്കൂൾ കൗൺസിൽ അംഗങ്ങളായ പോളിൻ സ്വാഗതവും ഫിയാലിൻ ഫെസ്ലിൻ നന്ദിയും പറഞ്ഞു. നിസ്വ: ഇന്ത്യൻ സ്കൂള് നിസ്വയിൽ റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. എസ്.എം.സി ട്രഷറർ ജിൻസ് പി ഡേവിസ് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശം വായിച്ചു. പ്രിൻസിപ്പൽ ജോൺ ഡൊമനിക് ജോർജ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് ഡോ. സുനൈദ് അഹമ്മദ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ ഇക്ബാൽ മുഹമ്മദ്, അക്കാദമിക് കൺവീനർ ഡോ. മുസ്തഫ മാലിക്, ഐ.ടി. കൺവീനർ അബ്ദുൽ ഹഖ് തവനൂർ, സ്പോർട്സ് കൺവീനർ ഉണ്ണി കൃഷ്ണൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി കൺവീനർ ഷിജി ബിബിഷ് എന്നിവർ പങ്കെടുത്തു.
ധീര ദേശാഭിമാനികളെ അനുസ്മരിച്ച് വിവിധ ഇന്ത്യൻ ഭാഷകളിൽ ദേശഭക്തി ഗാനങ്ങൾ, സ്കിറ്റ്, ടാബ്ലോ, മൂഖാഭിനയം, പ്രസംഗങ്ങൾ എന്നിവയും നടന്നു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ, ഇക്ബാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ് ഗേൾ തനുഷ്ക ഗോയൽ സ്വാഗതവും അസിസ്റ്റന്റ് ഹെഡ് ബോയ് ആയൂഷ് അനീഷ് നന്ദിയും പറഞ്ഞു.
മസ്കത്ത്: റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ ബാൻഡ് ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്. ഒമ്പതു സിയിലെ അവി പാണ്ഡ്യ ‘വന്ദേമാതരം’, ‘വൈഷ്ണവ ജനത’ എന്നിവ കീബോർഡിൽ വായിച്ചു. എട്ടാം ക്ലാസിലെ വിദ്യാർഥികൾ അവതരിപ്പിച്ച ‘ദി ഗ്ലോറിയസ് റിമിനിസെൻസ്’ പരിപാടിയും, സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഗാനവും ചടങ്ങിനു മാറ്റുകൂട്ടി. പ്രിൻസിപ്പൽ പാപ്രി ഘോഷ് പരിപാടികൾക്കു നേതൃത്വം നൽകി. സലാല: ഇന്ത്യൻ സ്കൂൾ സലാല ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മൂല്യങ്ങളെയും തത്ത്വങ്ങളെയും മുറുകെപ്പിടിക്കണമെന്നു അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് യാസർ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ, കോൺസുലാർ ഏജന്റ് ഡോ കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝ, എസ്.എം.സി ട്രഷറർ ഡോ.ഷാജി പി ശ്രീധർ മറ്റു കമ്മിറ്റിയംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർഥികളുടെ വിവിധ ദേശഭക്തി പരിപാടികളും നടന്നു. വിദ്യാർഥി മാളവിക എം.നായർ സ്വാഗതവും അൽവിന ഷിർസാദ് നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷം പത്തിലും പ്ലസ്ടുവിനും ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.