ഉൽപാദനം കുറഞ്ഞു, സലാലയിൽ കരിക്കിന് ക്ഷാമം
text_fieldsമസ്കത്ത്: സലാലയിൽ എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്ന കാർഷിക ഉൽപന്നമാണ് കരിക്ക്. എന്നാൽ പ്രതികൂല കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാൽ കരിക്ക് ഉൽപാദനം കുറഞ്ഞതായും ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായുമാണ് കർഷകരും വ്യാപാരികളും പറയുന്നത്. സലാലയിലെത്തുന്ന സന്ദർശകർ കരിക്കിന് പുറമെ പപ്പായ, തേങ്ങ, ചെറുപഴം എന്നിവയും വാങ്ങിക്കൂട്ടാറുണ്ട്. ഈ ഉൽപന്നങ്ങൾ മാത്രം വിൽക്കുന്ന നിരവധി ചെറിയ കടകളും സലാലയിലുണ്ട്. ഖരീഫ് കാലത്ത് ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കരിക്ക് ഉൽപാദനം കുറവാണെന്നും അതിനാൽ ആവശ്യക്കാർക്ക് കരിക്ക് നൽകാൻ കഴിയുന്നില്ലെന്നും സലാലയിലെ കരിക്ക് വ്യാപാരിയായ വടകര പൈങ്ങോട്ടായി സ്വദേശി ജിനീഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനമെങ്കിലും ഉൽപാദനം കുറവാണ്. പപ്പായയുടെ ഉൽപാദനവും കുറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് ഉൽപാദനം കുറയാൻ പ്രധാന കാരണം.
മാസങ്ങൾക്ക് മുമ്പ് വീശിയടിച്ച ചൂടുകാറ്റ് അടക്കമുള്ള പ്രതികൂല ഘടകങ്ങൾ ഉൽപാദനത്തെ ബാധിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സലാലയിൽ ഉൽപാദിപ്പിക്കുന്ന കരിക്ക് മസ്കത്ത് അടക്കമുള്ള ഒമാന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റിയയക്കുന്നുമുണ്ട്. സൊഹാർ, സുവൈഖ് അടക്കമുള്ള കാർഷിക മേഖലകളിൽ നിന്ന് വാഴപ്പഴം സുലഭമായി എത്തുന്നതിനാൽ ചെറുപഴത്തിന് ദൗർലഭ്യം ഇല്ല. ചെറുപഴം ഉൽപാദകർ തന്നെ സലാലയിലെത്തിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കഴിയുന്നുണ്ടെന്നും ജിനീഷ് പറഞ്ഞു. തേങ്ങ അടക്കമുള്ള ഉൽപന്നങ്ങൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. കരിക്ക് ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും സലാലയിൽ ഉൽപാദിപ്പിക്കുന്ന കരിക്കുകളുടെ വിലയ്ക്ക് അവ വിൽക്കാൻ കഴിയുന്നില്ല. സലാലയിലെ കരിക്കിന് 250 ബൈസയാണ് ഈടാക്കുന്നത്. ഈ വിലക്ക് ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കരിക്ക് വിൽക്കാൻ കഴിയാത്തതിനാൽ വ്യാപാരികൾ പൊതുവെ അവ വിൽപനക്ക് വെക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.