ഉദ്ഘാടനത്തിനൊരുങ്ങുന്നത് 411 ദശലക്ഷം റിയാലിന്റെ പദ്ധതികൾ
text_fieldsമസ്കത്ത്: ഈ മാസം 411 ദശലക്ഷം റിയാലിന്റെ വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് നാഷനൽ സെലിബ്രേഷൻസ് ജനറൽ അറിയിച്ചു. 51ാം ദേശീയ ദിനാഘോഷ ഭാഗമായുള്ള പദ്ധതികളാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. ജനുവരി 16ന് ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ദ്രവീകൃത പെട്രോളിയം വാതക പദ്ധതി ദോഫാർ ഗവർണറേറ്റിലെ സലാലയിൽ ഉദ്ഘാടനം ചെയ്യും. 325 ദശലക്ഷം റിയാലാണ് ചെലവ്. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ചങ്ങിൽ കർമികത്വം വഹിക്കും. സാമ്പത്തിക വികസനം, വരുമാനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ഒമാൻ സർക്കാറിന്റെ ദീർഘകാല ലക്ഷ്യങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 22 ദശലക്ഷം റിയാൽ ചെലവിലുള്ള മറ്റൊരു പദ്ധതിയായ അവാനി ഹോട്ടലിന്റെ ഉദ്ഘാടനം ജനുവരി 17ന് സീബിൽ നടക്കും. 206 മുറികളും അപ്പാർട്ട്മെന്റകളും ലക്ഷ്വറി സ്യൂട്ടുകളും ഉണ്ടാകും.
മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ ഇസ്സാം ബിൻ സൗദ് അൽ സദ്ജലിയുടെ കാർമികത്വത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങുകൾ. 23ന്, ഊർജ, ധാതുമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സലീം ബിൻ നാസർ അൽ ഔഫി സോഹാർ ഫ്രീ സോണിൽ പെട്രോളിയം കോക്ക് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രതിവർഷം 500,000 ടൺ ഉൽപാദന ശേഷിയുള്ള പദ്ധിക്ക് 64 ദശലക്ഷം റിയാലാണ് ചെലവ്. രാജ്യത്തെ ആരോഗ്യസംരക്ഷണ മേഖലയിൽ സേവനങ്ങൾ നൽകുന്നതിനായി ജനുവരി ആറിന് ഒമാൻ ഇന്റർനാഷനൽ ഹോസ്പിറ്റൽ ഔദ്യോഗികമായി തുറന്നിരുന്നു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ബ്രൂണെ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, സുഹൈൽ ബഹ്വാൻ ഗ്രൂപ്, പോർചുഗീസ് കമ്പനിയായ ഐഡിയൽ മെഡ് ജി.എച്ച്.എസ് എന്നിവയുടെ സംയുക്ത നിക്ഷേപമാണ് പദ്ധതി. 20 ദശലക്ഷം റിയാലാണ് പദ്ധതി ചെലവ്. അമ്മയും കുഞ്ഞും, നേത്ര പരിചരണ കേന്ദ്രം, ഹൃദയസംരക്ഷണ കേന്ദ്രം, ഓർത്തോപീഡിക് തുടങ്ങി നാല് പ്രധാന കേന്ദ്രങ്ങളാണുള്ളത്. ഇതുകൂടാതെ പ്രത്യേക കേന്ദ്രങ്ങളും ലബോറട്ടറികളും നൂറിലധികം കിടക്കകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.