പൊതു അവധി വ്യാഴാഴ്ച; ആഘോഷങ്ങൾക്ക് പൊലിമയേറും
text_fieldsമസ്കത്ത്: ഈ വർഷത്തെ നബിദിനവും അവധിയും വാരാന്ത്യ ദിനമായ വ്യാഴാഴ്ച ആയതിനാൽ ആഘോഷങ്ങൾക്ക് പൊലിമ വർധിക്കാൻ സഹായകമാവും. വാരാന്ത്യ ദിനമുൾപ്പെടെ മൂന്നു ദിവസത്തെ അവധിയാണ് സ്വദേശികൾക്കും വിദേശികൾക്കും ലഭിക്കുന്നത്. ഒമാനിൽ ചൂടിന് ശക്തി കുറഞ്ഞ് ഏറക്കുറെ സുഖകരമായ കാലാവസ്ഥയാണുള്ളത്. ഇതോടെ നാടുകളിലും നഗരങ്ങളിലുമുള്ള സ്വദേശികളും വിദേശികളും നബിദിനാഘോഷം ഭംഗിയായി നടത്തും.
പല സംഘടനകളും 12 ദിവസം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങൾ, സൗഹൃദ സദസ്സുകൾ, മൗലിദ് പാരായണം, കുട്ടികളുടെ കലാപരിപാടികൾ അടക്കം നിരവധി പരിപാടികൾ സംഘടിപ്പിക്കും.
തലസ്ഥാന നഗരിയിലെ വിവിധ ഇടങ്ങൾക്കൊപ്പം സൂർ, സലാല, വാദീ ബനീ ബൂആലി, ഇബ്രി, ഇബ്ര, സുഹാർ, നിസ്വ അടക്കം എല്ലാ നഗരങ്ങളിലും മലയാളികൾ ആഘോഷങ്ങൾ നടത്തുന്നുണ്ട്. നബിദിനത്തോടനുബന്ധിച്ച് മസ്കത്ത് സുന്നി സെന്റർ ‘തിരുനബി: സ്നേഹം, സമത്വം, സഹിഷ്ണുത’എന്ന തലക്കെട്ടിൽ പ്രത്യേക കാമ്പയിനും നടത്തുന്നുണ്ട്. കാമ്പയിനിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച സുന്നി സെന്റർ മദ്റസയിൽ നടന്ന പരിപാടിയിൽ മസ്കത്ത് റേഞ്ച് ജംഇയ്യയുൽ മുഅല്ലിമീൻ ചെയർമാൻ യൂസുഫ് മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി വിഷയം അവതരിപ്പിച്ചു. കാമ്പയിനിന്റെ ഭാഗമായ കുടുംബസംഗമം അടുത്ത വെള്ളിയാഴ്ച സുന്നി സെന്റർ മദ്റസയിൽ നടക്കും. വാദി കബീർ, മത്ര കോർണീഷ്, വാദി അദൈ എന്നിവിടങ്ങളിൽ പൊതു പ്രഭാഷണങ്ങളും സംഘടിപ്പിക്കും. കാമ്പയിനിന്റെ ഭാഗമായി റൂവി അൽ-ഫലാജ് ഗ്രാൻഡ് ഹാളിൽ ഈ മാസം 29ന് പൊതു പരിപാടി നടത്തും. വൈകീട്ട് മൂന്നു മുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും. സുന്നി സെന്റർ മദ്റസ, അൽ ബിർറ് പ്രീസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾ ദഫ്, ഫ്ലവർ ഷോ, പ്രസംഗം, ഗാനങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. പരിപാടിയുടെ ഭാഗമായി രാത്രി ഒമ്പതിന് പൊതു സമ്മേളനവും നടത്തും.
നബിദിന അവധി വ്യാഴാഴ്ചയായതിനാൽ നിരവധി പേർ നാട്ടിലും അയൽരാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോവുന്നുണ്ട്. അധിക അവധിയെടുത്ത് നാട്ടിൽ പോവുന്നവരും നിരവധിയാണ്. അവധിയും വാരാന്ത്യ അവധിയും ഒന്നിച്ചുവന്നതിനാൽ അവധിക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കും. ബീച്ചുകളിലും പാർക്കുകളിലും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും കൂടുതൽ പേർ എത്തിച്ചേരും. മത്ര കോർണീഷ്, ജബൽ അഖ്ദർ, ജബൽ ശംസ്, വാദീബനീഖാലിദ് എന്നിവിടങ്ങളിലും നിരവധി പേർ അവധി ആഘോഷിക്കാനെത്തും. ഖുറം, അസൈബ അടക്കമുള്ള പ്രധാന ബീച്ചുകളും അവധി ആഘോഷ വേദിയാവും.
നബിദിനം: 28ന് പൊതുഅവധി
മസ്കത്ത്: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് വ്യാഴാഴ്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സര്ക്കാര്, സ്വകാര്യ മേഖലകളില് അന്നേ ദിവസം അവധി ബാധകമായിരിക്കും. രാജ്യത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.