ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...
text_fieldsഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ പലപ്പോഴും കണ്ടിട്ടും കാണാതെപോകുന്ന ഒന്നാണ്. ഇപ്പോൾ മൃതദേഹം കൊണ്ടുപോകുന്നതിനുപോലും കൊള്ള നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നു. 160 റിയാലായിരുന്നത് 210 ആക്കുകയും ജി.എസ്.എ 50 റിയാൽകൂടി കൂട്ടി 260 റിയാലാക്കി ഉയർത്തുകയുംചെയ്ത എയർ ഇന്ത്യ സേവനത്തിൽ ‘മാതൃക’യായിട്ടുണ്ട്.
ഇന്ത്യക്കാരുടെ സ്വന്തമായിരുന്ന എയര്‍ ഇന്ത്യ ‘ടാറ്റ’ സ്വന്തമാക്കിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചതും ആഹ്ലാദിച്ചതും ഗൾഫ് പ്രവാസികളായിരുന്നു. എന്നാൽ, ആ വികാരംകൊള്ളലൊക്കെ വെറുതെയായിരുന്നു എന്ന് വേദനയോടെ തിരിച്ചറിയുകയാണവർ.ഒരു രാജ്യത്തിന്റെ അഭിമാനമായിരുന്ന ദേശീയ വിമാനക്കമ്പനി ബജറ്റ് എയർലൈനെന്ന് ഓമനേപ്പരിട്ടു തുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഇപ്പോഴും ഉത്തരവാദമില്ലായ്മ തുടരുന്നതിനോടൊപ്പമാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. യാത്രക്കാർക്കു കൊടുത്തിരുന്ന ബിസ്കറ്റ് ഇനി മുതൽ ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്.
സ്കൂള്‍ അവധിക്കാലം പ്രമാണിച്ച് ധാരാളം കുടുംബങ്ങള്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന സമയത്താണ് ടിക്കറ്റ് നിരക്കുയർത്തി വിമാനക്കമ്പനികള്‍ കൊള്ള നടത്തുന്നത് എന്നത് ലാഭക്കൊതിയല്ലാതെ മറ്റെന്താണ്? പ്രവാസികൾക്ക് വോട്ടവകാശം ഇല്ലെന്ന കാരണത്താലായിരിക്കണം സർക്കാറുകളോ രാഷ്ട്രീയ പാർട്ടികളോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാത്തത്. വിമാനക്കമ്പനി മൃതദേഹത്തോട് കാണിക്കുന്ന ഈ ധിക്കാരനയമെങ്കിലും നോർക്ക പോലുള്ള സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെട്ട് പിൻവലിപ്പിക്കണം.
മലയാളികളായ പ്രവാസികള്‍ക്കുവേണ്ടി തുടങ്ങുമെന്ന് പറഞ്ഞ് കൊതിപ്പിച്ചിരുന്ന എയര്‍ കേരള കെടുകാര്യസ്ഥതയുടെ ചുവപ്പുനാടയില്‍ സുഷുപ്തിയിലാണിപ്പോഴും. കാലങ്ങളായി ഗള്‍ഫ് പ്രവാസികള്‍ അനുഭവിക്കുന്ന യാത്രദുരിതം ഇപ്പോള്‍ അതിന്റെ പരകോടിയില്‍ എത്തിനില്‍ക്കുന്നു! പറഞ്ഞുപഴകിയ ‘കപ്പൽ യാത്ര’ വാഗ്ദാനം ഇപ്പോഴും തുടരാൻ നമ്മുടെ മന്ത്രിക്ക് യാതൊരു ലജ്ജയുമില്ല.
ടൈം സ്ക്വയറിലും ദുബൈയിലും പോയി പ്രമാണിമാർക്കൊപ്പം ‘ലോക മഹാ സഭ’ നടത്തി പിരിഞ്ഞിട്ടു മണിക്കൂറുകൾ തികയുംമുമ്പേയാണ് എയർ ഇന്ത്യ ഈ കടുത്ത നടപടി സ്വീകരിച്ചത്. കോടീശ്വരന്മാർ പൈസ മുടക്കി നടത്തി എന്ന് അവകാശപ്പെടുന്ന ആ മഹാ സമ്മേളനത്തിനുവേണ്ടി സർക്കാർ ഖജനാവിൽനിന്ന് മുടക്കിയ തുക എത്രയെന്നെങ്കിലും വെളിപ്പെടുത്താൻ പ്രവാസലോകവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ആ സമ്മേളനത്തിൽ പങ്കെടുത്ത ധനമന്ത്രി തയാറാകുമോ?
നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ആവശ്യങ്ങളും ചിത്രങ്ങളും INBOXലേക്കയക്കുക. mail: oman@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.