പരീക്ഷച്ചൂടിൽ ഇന്ത്യൻ സ്കൂളുകൾ...
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഈ വർഷത്തെ സി.ബി.എസ്.ഇ പരീക്ഷകൾ ശനിയാഴ്ച മുതൽ ആരംഭിക്കും.ഒമാൻ സമയം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പരീക്ഷാ സമയം.
പത്താം ക്ലാസുകാരുടെ പരീക്ഷ ശനിയാഴ്ച ആരംഭിച്ച് അടുത്ത മാസം 18 ന് അവസാനിക്കും. 12ാം ക്ലാസുകാരുടെ പരീക്ഷയും ശനിയാഴ്ച ആരംഭിച്ച് ഏപ്രിൽ നാലിനും അവസാനിക്കും.
പത്താം ക്ലാസുകാർക്ക് ശനിയാഴ്ച ഇംഗീഷ് പരീക്ഷയാണ്. പിന്നീട് 20 ാം തീയ്യതിയാണ് സയൻസ് പരീക്ഷ. അടുത്ത മാസം 18 ന് ഐ.ടി പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്നത്.
12 ാം ക്ലാസുകാരുടെ പരീക്ഷ 15ന് തുടങ്ങുമെങ്കിലും ബഹുഭൂരിപക്ഷത്തിനും അന്ന് പരീക്ഷ ഉണ്ടാവില്ല. ശനിയാഴ്ച എന്റർപ്രണർഷിപ്പ് പരീക്ഷയാണ് നടക്കുന്നത്. ഈ മാസം 21 നാണ് ഫിസിക്സ് പരീക്ഷ അന്നാണ് കൂടുതൽ കുട്ടികൾ പരീക്ഷാ ഹാളിലെത്തുക.
ഏപ്രിൽ നാലിന് സൈക്കോളജി പരീക്ഷയോടെയാണ് 12 ക്ലാസ് പരീക്ഷകൾ അവസാനിക്കുക. പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ സി.ബി.എസ്.ഇ അധികൃതർ നടത്തിയിരുന്നു. പരീക്ഷയുടെ ടൈംടേബ്ൾ, മാതൃകാ ചോദ്യ പേപർ എന്നിവയും നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
പരീക്ഷ പടിവാതിൽക്കലെത്തിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷ ചൂടിലേക്ക് മാറി. സ്കൂളുകളിൽ 12ാം ക്ലാസ് വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് പരിപാടികളും നടത്തിയിരുന്നു. രക്ഷിതാക്കളിൽ പലരും അവധിയെടുത്ത് കുട്ടികൾക്കൊപ്പം ഇരുന്നാണ് കുട്ടികളെ പരീക്ഷക്ക് ഒരുക്കുന്നത്. ട്യഷൻ ക്ലാസുകൾ നടത്തുന്നവരും കുട്ടികളെ പരമാവധി പരിശീലനം നൽകി സജ്ജമാക്കുകയാണ്.
കുട്ടികൾക്ക് ഉറക്കം വരാതിരിക്കാൻ ചൂടുവെള്ളവും കട്ടൻ ചായയുമൊക്കെ തയ്യാറാക്കി നൽകിയും കുട്ടികൾക്ക് ഒപ്പം ഇരുന്ന് അവർ പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയുമാണ് പല രക്ഷിതാക്കളും പരീക്ഷാ കാലം തള്ളി നീക്കുന്നത്. തങ്ങൾ ഉറങ്ങിയാൽ കുട്ടികളും ഉറങ്ങുമെന്ന് കരുതി കുട്ടികൾ ഇറങ്ങുന്നതുവരെ ഉറങ്ങാതിരിക്കുന്ന രക്ഷിതാക്കളും നിരവധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.