പൊതുവേദികൾ സജീവമായില്ല; പ്രവാസി കലാകാരന്മാർക്ക് തിരിച്ചടി
text_fieldsസുഹാർ: കോവിഡിനുശേഷം പൊ തുവേദികൾ സജീവമാകാത്തത് പ്രവാസി കലാകാരന്മാർക്ക് തിരിച്ചടിയാകുന്നു. നിരവധി കലാകാരന്മാർ അരങ്ങുവാഴുന്ന ഇടമായിരുന്നു പ്രവാസമണ്ണ്. പാട്ട്, നൃത്തം, മിമിക്രി, നാടക, ഓട്ടൻ തുള്ളൽ, ചെണ്ടമേളം, നാടൻപാട്ട് എന്നിങ്ങനെ കേരളത്തിലെ അറിയപ്പെടുന്ന കലാരൂപങ്ങളുടെ തനത് പ്രകടനം കാഴ്ചവെക്കാൻ പ്രവാസികൾക്കാകുമായിരുന്നു. പയറ്റിത്തെളിഞ്ഞ കലാകാരന്മാരുടെ ഇടമായിരുന്നു ഒമാൻ. സിനിമാ നടീനടന്മാരുടെ മെഗാ സ്റ്റേജ്ഷോകൾ അരങ്ങേറിയിരുന്ന പടുകൂറ്റൻ സ്റ്റേജുകൾ അന്യമായി. പിന്നണി ഗായകരുടെ ഗാനമേളകളും ഇല്ലാതായി.
വലിയ നടന്മാരുടെ സ്റ്റേജ് ഷോകളിൽ നൃത്തങ്ങൾ അവതരിപ്പിച്ചിരുന്നത് ഇവിടെയുള്ള കലാകാരന്മാരായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ തലവെച്ചു പോസ്റ്റർ അടിക്കുമ്പോൾ സ്റ്റേജ് പരിപാടി വിജയിപ്പിക്കാൻ വേണ്ട കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത് പ്രവാസി കലാകാരന്മാരായിരുന്നു എന്നതാണ് വാസ്തവം. അവരെ ശാസ്ത്രീയമായി അഭ്യസിപ്പിക്കാൻ പ്രശസ്തരായ ഡാൻസ് സ്കൂളുകളും പ്രവർത്തിച്ചിരുന്നു. പിന്നണി ഗായകരുടെ സ്റ്റേജ് ഷോകളിൽ മ്യൂസിക് ഇൻസ്ട്രുമെന്റ് വായിച്ചിരുന്നത് പ്രവാസ കലാകാരന്മാരായിരുന്നു. മികച്ച സൗണ്ട് സിസ്റ്റവും കഴിവുള്ള കലാകാരന്മാരും ഒമാനിൽ ഉള്ളതുകാരണം മെഗാ ഇവന്റുകൾ സംഘടിപ്പിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പവും ചെലവ് കുറവുമായിരുന്നു.
നാടകം സജീവമായ വർഷങ്ങളായിരുന്നു കോവിഡിന് മുമ്പുള്ള കാലഘട്ടം. നിരവധി പ്രശസ്ത സംവിധായകരെ കൊണ്ടുവന്നു വലിയ നാടകങ്ങൾ ഒമാന്റെ വേദിയിൽ അവതരിപ്പിക്കാൻ ഇവിടെയുള്ള നാടകപ്രവർത്തകർക്ക് സാധിച്ചു.
വിസ്മരിച്ചുകൊണ്ടിരുന്ന നാടകം എന്ന കലയെ പൊടിതട്ടി അതിന്റെ തനത് ശൈലിയിലും നൂതന മാർഗത്തിലും രംഗത്ത് അവതരിപ്പിക്കപ്പെട്ടു. പ്രവാസി കലാകാരന്മാരുടെ കഴിവ് തെളിയിക്കാനുള്ള അവസരം നിലവിൽ കുറയുകയാണ്. പൊതുവേദി നിശ്ശബ്ദമായപ്പോൾ അരങ്ങിന്റെ പിന്നിലേക്ക് മാറിയ നൂറുകണക്കിന് കലാകാരന്മാരുണ്ടിവിടെ.
ഡാൻസ് അഭ്യസിച്ച് അരങ്ങേറ്റത്തിന് കാത്തിരിക്കുന്നവർ, ഓർക്കസ്ട്രക്കാർ, സ്റ്റേജിന് രംഗപടം തീർക്കുന്നവർ, മേയ്കപ്പ് ആർട്ടിസ്റ്റുകൾ, ഡാൻസ്, നാടകം പോലുള്ള കലാരൂപങ്ങൾക്ക് ഉടയാടകൾ, അടയാഭരണങ്ങൾ വാടകക്കു നൽകുന്നവർ, സൗണ്ട് സിസ്റ്റവും ലൈറ്റും സ്റ്റേജും ഒരുക്കുന്നവർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരുടെയൊക്കെ അവസരങ്ങളാണ് ഇല്ലാതാകുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതോടെ കൂടുതൽ മികവോടെ ഈ മേഖല തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് പ്രവാസി കലാകാരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.